വീട്ടമ്മയുടെ സ്വർണമാല കവർന്നു
Thursday 11 September 2025 1:27 PM IST
കാട്ടാക്കട: കെ.എസ്.ആർ.ടി.സി കാട്ടാക്കട ഡിപ്പോയിൽ നിന്ന് ബസ് കയറുന്നതിനിടെ വീട്ടമ്മയുടെ മൂന്നര പവന്റെ മാല കവർന്നു.അമ്പലത്തിൻകാല ശ്രീകല്ലടി ബാവ നിവാസിൽ ഗിരിജ കുമാരി(58)യുടെ മാലയാണ് കവർന്നത്.കാട്ടാക്കട നിന്നും കൊറ്റംപള്ളിവഴി കീഴാറൂറിലേയ്ക്ക് പോകുന്ന ബസിൽകയറവെയാണ് മാല നഷ്ടപ്പെട്ടത്. ക്ഷേത്ര ദർശനം കഴിഞ്ഞ് ബന്ധുവിനൊപ്പം കാട്ടാക്കട ഡിപ്പോയിലെത്തി ഏറെനേരം കാത്തിരുന്നശേഷമാണ് ബസ് വന്നത്.ബസിനുള്ളിലേയ്ക്ക് കടക്കവെയുള്ള തിക്കും തിരക്കിനുമിടയിലാണ് മാലനഷ്ടപ്പെട്ടത്. പിന്നിൽ നിന്ന സ്ത്രീയാണ് മാലപൊട്ടിച്ചതെന്നറിഞ്ഞ് നിലവിളിച്ചപ്പോഴേക്കും മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ഏറെ ബഹളം വയ്ക്കുകയും നിലവിളിക്കുകയും ചെയ്തെങ്കിലും ഡിപ്പോയിലെ സുരക്ഷാ ജീവനക്കാരോ,മറ്റ് ഉദ്യോഗസ്ഥരോ ഇടപെട്ടില്ലെന്ന് ഗിരിജകുമാരിക്കൊപ്പം വന്നബന്ധുക്കൾ പരാതിപ്പെട്ടു.കാട്ടാക്കട പൊലീസിൽ പരാതി നൽകി.