അനുമതിയില്ലാതെ ചിത്രമുപയോഗിക്കുന്നു ഐശ്വര്യക്ക് പിന്നാലെ അഭിഷേകും കോടതിയിൽ
ന്യൂഡൽഹി: അനുമതിയില്ലാതെ തന്റെ ചിത്രങ്ങൾ പരസ്യത്തിന് ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ബോളിവുഡ് താരം അഭിഷേക് ബച്ചനും ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്കെതിരെ ഭാര്യയും നടിയുമായ ഐശ്വര്യ റായ് ബച്ചനും സമാന ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. വ്യക്തിയെന്ന നിലയിലുള്ള അവകാശങ്ങൾ സംരക്ഷിക്കണമെന്ന് അഭിഷേകിന്റെ ഹർജിയിൽ ആവശ്യപ്പെട്ടു. അശ്ലീല ഉള്ളടക്കങ്ങമുള്ള വ്യാജ വീഡിയോകളും പ്രചരിക്കുന്നു. ഇക്കാര്യത്തിൽ കോടതി ഇടപെടലുണ്ടാകണമെന്നാണ് ആവശ്യം.
കരിഷ്മയുടെ മക്കളുടെ
ഹർജിയിൽ സമൻസ്
പിതാവിന്റെ സ്വത്തിൽ വീതം വേണമെന്ന ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മക്കളുടെ ഹർജിയിൽ സമൻസ് അയക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവ്. അന്തരിച്ച വ്യവസായി സുൻജയ് കപൂറിന്റെ 30,000 കോടിയുടെ സ്വത്തിലാണ് രണ്ടു കുട്ടികളും അവകാശമുന്നയിച്ചത്. സുൻജയ് കപൂറിന്റെ മൂന്നാമത്തെ ഭാര്യയായ പ്രിയാ കപൂർ വിൽപത്രത്തിൽ തിരിമറി നടത്തി സ്വത്ത് കൈക്കലാക്കി വച്ചിരിക്കുകയാണെന്ന് ആരോപിച്ചിരുന്നു. പ്രിയ കപൂറിനാണ് കോടതിയുടെ സമൻസ്. വ്യവസായിയുടെ സ്വത്ത് സംബന്ധിച്ച വിവരങ്ങൾ പ്രിയ മൂന്നാഴ്ചയ്ക്കകം കൈമാറണമെന്ന് ജസ്റ്റിസ് ജ്യോതി സിംഗ് നിർദ്ദേശിച്ചു. വിഷയം ഒക്ടോബർ 9ന് വീണ്ടും പരിഗണിക്കും. വ്യവസായിയുടെ രണ്ടാമത്തെ ഭാര്യയായിരുന്നു കരിഷ്മ. 2016ൽ ഇരുവരും വിവാഹമോചിതരായി. ജൂൺ 12നാണ് വ്യവസായി യു.കെയിൽ അന്തരിച്ചത്. തൊണ്ടയിൽ തേനീച്ച കുത്തിയതിനുപിന്നാലെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു.