വീണ്ടും നിലപാട് മാറ്റം: ഇന്ത്യയുമായി വ്യാപാര ചർച്ച തുടരുമെന്ന് ട്രംപ്

Thursday 11 September 2025 1:18 AM IST

 സ്വാഗതം ചെയ്ത് മോദി

വാഷിംഗ്ടൺ: തീരുവ ഭീഷണിയിൽ വീഴില്ലെന്ന് വ്യക്തമായതോടെ, ഇന്ത്യയുമായി വ്യാപാര ചർച്ചയ്ക്കില്ലെന്ന നിലപാട് മാറ്റി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയ്ക്കും യു.എസിനുമിടയിലെ വ്യാപാര തടസങ്ങൾ ചർച്ചയിലൂടെ നീക്കുമെന്ന് ട്രംപ് അറിയിച്ചു. മോദി തന്റെ വളരെ നല്ല സുഹൃത്താണെന്നും ആവർത്തിച്ചു. നിലപാടുമാറ്റത്തെ പ്രധാനമന്ത്രി സ്വാഗതം ചെയ്‌തു.

റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കും 100 ശതമാനം തീരുവ ചുമത്തണമെന്ന് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ട് മണിക്കൂറുകൾക്കുള്ളിലാണ് ട്രംപിന്റെ ചാഞ്ചാട്ടം.

ഇന്ത്യയും യു.എസും അടുത്ത സുഹൃത്തുക്കളും സ്വാഭാവിക പങ്കാളികളുമാണെന്ന് മോദി ചൂണ്ടിക്കാട്ടി. വ്യാപാര ചർച്ചകൾ എത്രയും വേഗം പൂർത്തിയാക്കാൻ പ്രവർത്തിക്കും. ട്രംപുമായി സംസാരിക്കാൻ താനും ആഗ്രഹിക്കുന്നു. ജനങ്ങളുടെ മികച്ച ഭാവിക്കായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും എക്സിൽ കുറിച്ചു.

യൂ-ടേണിന് പിന്നിൽ

 റഷ്യൻ എണ്ണ ഇറക്കുമതി തുടരുമെന്ന ഇന്ത്യയുടെ ഉറച്ച നിലപാട്

 ഇന്ത്യ-റഷ്യ-ചൈന സഖ്യം ഉയർത്തുന്ന വെല്ലുവിളി

 തീരുവയ്‌ക്കെതിരെ ബ്രിക്സ് കൂട്ടായ്മയിലും പടയൊരുക്കം

100% തീരുവ ആവശ്യം

നിരസിച്ച് ഇ.യു

ട്രംപ് ഇന്ത്യാ അനുകൂല പ്രസ്താവന നടത്തും മുമ്പ് വൈറ്റ് ഹൗസിൽ യു.എസ്, യൂറോപ്യൻ യൂണിയൻ (ഇ.യു) യോഗം ചേർന്നിരുന്നു. യോഗത്തിനിടെ, ഇന്ത്യയ്ക്കും ചൈനയ്ക്കും മേൽ 100 ശതമാനം തീരുവ ചുമത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടെന്ന് വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, ട്രംപിന്റെ ആവശ്യം യൂറോപ്യൻ യൂണിയൻ നിരസിച്ചു.