ധൻകറിനെ ഇംപീച്ച് ചെയ്യാൻ ശ്രമമുണ്ടായി: എസ്. ഗുരുമൂർത്തി

Thursday 11 September 2025 1:20 AM IST

ന്യൂഡൽഹി: മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ രാജിയിൽ വെളിപ്പെടുത്തലുമായി ആർ.എസ്.എസ് സൈദ്ധാന്തികൻ എസ്. ഗുരുമൂർത്തി. മോദി സർക്കാരുമായുള്ള അഭിപ്രായ ഭിന്നതയാണ് ധൻകറിന്റെ രാജിയിലേക്ക് എത്തിയതെന്നും പറഞ്ഞു. ആർ.എസ്.എസ് സൈദ്ധാന്തികൻ എസ്. ഗുരുമൂർത്തി. ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ധൻകറിനെ ഇംപീച്ച് ചെയ്യാനും നീക്കം നടന്നിരുന്നുവെന്ന് വ്യക്തമാക്കി.

ഉപരാഷ്ട്രപതി തിര: ഉലഞ്ഞ് 'ഇന്ത്യ' സഖ്യം

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ജസ്റ്റിസ് ബി. സുദർശൻ റെഡ്‌ഡിയുടെ പരാജയം 'ഇന്ത്യ" മുന്നണിയെ ആകെ ഉലച്ചിരിക്കുകയാണ്. പ്രതിപക്ഷത്തെ 315 എം.പിമാർ വോട്ടു ചെയ്‌തിട്ടും 300 വോട്ട് മാത്രമാണ് റെഡ്‌ഡിക്ക് നേടാനായത്. എൻ.ഡി.എ സ്ഥാനാർത്ഥി സി.പി. രാധാകൃഷ്‌ണന് അനുകൂലമായി ക്രോസ് വോട്ടിംഗ് നടന്നുവെന്നുംചില പ്രതിപക്ഷ എം.പിമാർ ബോധപൂർവം വോട്ട് അസാധുവാക്കിയെന്നും അഭ്യൂഹമുയർന്നിരുന്നു. പ്രതീക്ഷിച്ചതിനേക്കാൾ 19 വോട്ടുകൾ അധികമായി രാധാകൃഷ്‌ണന് ലഭിച്ചു. 15 വോട്ടുകൾ അസാധുവായതും ചോദ്യങ്ങളുയർത്തി. ഇതിനിടെയാണ് കോൺഗ്രസ് നേതാവ് മനീഷ് തിവാരി അന്വേഷണം ആവശ്യപ്പെട്ടത്. ക്രോസ് വോട്ടിംഗ് നടന്നിട്ടുണ്ടെങ്കിൽ അതു വിശ്വാസവഞ്ചനയാണെന്നാണ് പ്രതിപക്ഷത്തെ പ്രമുഖ നേതാക്കൾ പറയുന്നത്. 'ഇന്ത്യ" മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന തരത്തിൽ വിവാദം വളരാതിരിക്കാനും ചില നേതാക്കൾ ശ്രമിക്കുന്നുണ്ടെന്നാണ് സൂചന. തങ്ങളുടെ പാർട്ടി എം.പിമാർ ക്രോസ് വോട്ട് ചെയ്‌തിട്ടില്ലെന്ന് എൻ.സി.പി നേതാവ് സുപ്രിയ സുലെയും, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവും പ്രതികരിച്ചു. വോട്ടു മറിക്കാൻ എൻ.ഡി.എ പലർക്കും 15 മുതൽ 20 കോടി വരെ നൽകിയെന്ന് തനിക്ക് വിവരം ലഭിച്ചതായി തൃണമൂൽ കോൺഗ്രസിലെ അഭിഷേക് ബാനർജി പറഞ്ഞു. തങ്ങളുടെ 41 എം.പിമാരും സുദർശൻ റെഡ്‌ഡിക്ക് തന്നെയാണ് വോട്ടു ചെയ്‌തതെന്നും കൂട്ടിച്ചേർത്തു.

പരിഹസിച്ച് റിജിജു

പ്രതിപക്ഷ മുന്നണിയിലെ ചില എം.പിമാർ എൻ.ഡി.എ സ്ഥാനാർത്ഥിക്ക് മന:സാക്ഷി വോട്ടു ചെയ്‌തതിൽ പ്രത്യേക നന്ദിയെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പരിഹസിച്ചു.

വെള്ളിയാഴ്ച സത്യപ്രതിജ്ഞ

ചെയ്‌തേക്കും

അതേസമയം, സി.പി. രാധാകൃഷ്‌ണൻ രാജ്യത്തിന്റെ 15ാമത് ഉപരാഷ്ട്രപതിയായി വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് സൂചന.