തിരിച്ചടിക്കുമെന്ന് ഖത്തർ യു.എസ് വാദം തള്ളി

Thursday 11 September 2025 6:57 AM IST

ദോഹ : തലസ്ഥാനമായ ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തെ രൂക്ഷമായി വിമർശിച്ചും, ആക്രമണം മുൻകൂട്ടി അറിയിച്ചെന്ന യു.എസ് വാദത്തെ തള്ളിയും ഖത്തർ. ഇസ്രയേൽ സമാധാന ശ്രമങ്ങൾക്ക് തുരങ്കം വയ്ക്കുകയാണെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ താനി കുറ്റപ്പെടുത്തി.

ഇസ്രയേലിന് തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പ് നൽകിയ അദ്ദേഹം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഭരണകൂട ഭീകരത പ്രയോഗിക്കുകയാണെന്ന് ആരോപിച്ചു. 'ആക്രമണം തുടങ്ങി 10 മിനിറ്റ് കഴിഞ്ഞാണ് യു.എസിന്റെ അറിയിപ്പ് ലഭിച്ചത്. ആക്രമണം 100 ശതമാനം വഞ്ചനാപരമാണ് " -അൽ താനി വ്യക്തമാക്കി. അതേസമയം, ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള മദ്ധ്യസ്ഥ ശ്രമങ്ങൾ തുടരുമെന്ന് അദ്ദേഹം ഉറപ്പുനൽകി.

അതിനിടെ, ഖത്തറിന് ഐക്യദാർഢ്യവുമായി യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്നലെ ദോഹയിലെത്തി. ജോർദ്ദാൻ, സൗദി കിരീടാവകാശികളും ഖത്തറിലെത്തും. ചൊവ്വാഴ്ച വടക്കൻ ദോഹയിലെ ഹമാസ് ആസ്ഥാനത്തുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ 5 ഹമാസ് അംഗങ്ങളും ഖത്തർ സുരക്ഷാ സേനാംഗവും കൊല്ലപ്പെട്ടിരുന്നു.

 വെറുതെ വിടില്ല : ഇസ്രയേൽ

ദോഹ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ഹമാസ് നേതാക്കളെ വെറുതെ വിടില്ലെന്നും അടുത്ത തവണ വധിച്ചിരിക്കുമെന്നും ഇസ്രയേലിന്റെ മുന്നറിയിപ്പ്. ഹമാസിന്റെ ആക്ടിംഗ് മേധാവികളിൽ ഒരാളും പൊളിറ്റിക്കൽ ബ്യൂറോ ഉപതലവനുമായ ഖാലിൽ ഹയ്യയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. എന്നാൽ ഹയ്യ അടക്കം ഹമാസിന്റെ ഉന്നതരെല്ലാം രക്ഷപ്പെട്ടെന്നാണ് വിവരം.

വടക്കൻ ജെറുസലേമിൽ 6 പേരെ ഹമാസ് അംഗങ്ങൾ വെടിവച്ചു കൊന്നതിന് തിരിച്ചടിയായിരുന്നു ആക്രമണം. ആക്രമണം നടപ്പാക്കിയത് പൂർണമായും ഇസ്രയേൽ തന്നെയാണ്. യു.എസിനെ അറിയിച്ചെങ്കിലും അവരുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കി. ആക്രമണത്തോട് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അതൃപ്തിയുണ്ടെങ്കിലും അപലപിക്കാൻ അദ്ദേഹം തയ്യാറായില്ല.

# യെമനിൽ ബോംബാക്രമണം

 ദോഹ ആക്രമണത്തിന്റെ പേരിൽ അന്താരാഷ്ട്ര തലത്തിൽ തുടരുന്ന വിമർശനങ്ങൾ തള്ളിയ ഇസ്രയേൽ ഇന്നലെ യെമന്റെ തലസ്ഥാനമായ സനായിൽ ഹൂതി വിമത കേന്ദ്രങ്ങളിൽ ബോംബിട്ടു

 ഹൂതി പ്രതിരോധ മന്ത്രാലയമടക്കം തകർത്തെന്ന് റിപ്പോർട്ട്. 35 മരണം. 131 പേർക്ക് പരിക്ക്

 ഗാസയിലും ആക്രമണം രൂക്ഷം. ഇന്നലെ മാത്രം 50ലേറെ മരണം. ആകെ മരണം 64,650 കടന്നു