ആർജെഡി നേതാവ് രാജ്‌കുമാർ റായി വെടിയേറ്റ് മരിച്ചു; പിന്നിൽ അജ്ഞാത സംഘം

Thursday 11 September 2025 10:05 AM IST

ചിത്രഗുപ്‌ത (ബീഹാർ): രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് രാജ്കുമാർ റായി എന്ന അള്ളാ റായി വെടിയേറ്റ് മരിച്ചു. ഇന്നലെ രാത്രി പട്‌നയിലെ ചിത്രഗുപ്തയിൽ മുന്നചക് പ്രദേശത്തായിരുന്നു ആക്രമണം. രണ്ട് അജ്ഞാതരാണ് രാജ്കുമാറിനെ വെടിവച്ച് കൊലപ്പെടുത്തിയത്.

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് പ്രമുഖനേതാവിന്റെ കൊലപാതകം. രഘോപൂർ മണ്ഡലത്തിൽ നിന്ന് രാജ്‌കുമാർ മത്സരിക്കാൻ തീരുമാനിച്ചിരുന്നു എന്നാണ് വിവരം. കൊലപാതകത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഭൂമി തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. രാജ്‌കുമാറിന് ഭൂമി സംബന്ധമായ ബിസിനസുകൾ ഉണ്ടായിരുന്നു.

സംഭവമറിഞ്ഞെത്തിയ പൊലീസ് സംഘമാണ് രാജ്‌കുമാറിനെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് ഡോക്‌ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് ആറ് കാട്രിഡ്‌ജുകൾ കണ്ടെടുത്തു. രാജ്‌കുമാറിനെ കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തുള്ള സിസിടിവിയിൽ നിന്ന് പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പട്‌ന ഈസ്റ്റേൺ പൊലീസ് സൂപ്രണ്ട് പരിചയ് കുമാർ പറഞ്ഞു. സംഭവസ്ഥലത്ത് ഫോറൻസിക് സംഘവും പരിശോധന നടത്തി.