വെറും 11,500 രൂപയ്ക്ക് ഇന്ത്യക്കാർക്ക് ജർമനിയിൽ സ്ഥിരതാമസമാക്കാം, ചെയ്യേണ്ടത് ഇത്രമാത്രം
പഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങൾ തിരഞ്ഞെടുക്കുന്നവരുടെ ഇഷ്ട ചോയിസാണ് ജർമനി. മികച്ച ജീവിതസാചര്യങ്ങളും സൗകര്യങ്ങളുമാണ് ജർമനിയെ മിക്കവരുടെയും പ്രിയ രാജ്യമാക്കി മാറ്റുന്നത്. ജർമനിയിൽ സ്ഥിരതാമസമാക്കുക എന്നത് മിക്ക ഇന്ത്യക്കാരുടെയും സ്വപ്‌നമായിരിക്കും. എന്നാൽ ഈ സ്വപ്നം വെറും 11,500 രൂപയ്ക്ക് നിറവേറ്റാം എന്ന് പലർക്കും അറിവുണ്ടായിരിക്കുകയില്ല.
ജർമനിയിൽ പെർമനന്റ് റെസിഡൻസി (പിആർ) ലഭിക്കാനുള്ള സുരക്ഷിതമായ മാർഗങ്ങളിലൊന്ന് സെറ്റിൽമെന്റ് പെർമിറ്റാണ്. സ്‌കിൽഡ് വർക്കർ കാറ്റഗറിയിൽ ജർമൻ പൗരൻ അല്ലാത്തവർക്ക് സെറ്റിൽമെന്റ് പെർമിറ്റ് നേടാം. ഇത് ലഭ്യമായാൽ കുടുംബത്തോടൊപ്പം നിയന്ത്രണങ്ങളൊന്നുമില്ലാതെ തന്നെ ജർമനിയിൽ സ്ഥിരതാമസമാക്കാം. മാത്രമല്ല, ഇഷ്ടമുള്ളയിടത്ത് ജോലി ചെയ്യുകയോ ബിസിനസ് നടത്തുകയോ ചെയ്യാം.
സ്‌കിൽഡ് വർക്കർ
റെസിഡൻസ് ആക്‌ട് പ്രകാരം താഴെപ്പറയുന്നവരെയാണ് സ്‌കിൽഡ് വർക്കർ കാറ്റഗറിയിൽ ഉൾപ്പെടുത്തുന്നത്:
- ജർമ്മൻ അല്ലെങ്കിൽ അംഗീകൃത വിദേശ അക്കാദമിക് യോഗ്യതയുള്ള വ്യക്തി
- ആഭ്യന്തര അല്ലെങ്കിൽ തത്തുല്യമായ തൊഴിൽ പരിശീലനം നേടിയ വ്യക്തി
- യൂറോപ്യൻ യൂണിയൻ (ഇയു) ബ്ലൂ കാർഡ് ഉടമ
- 2016/801 പ്രകാരം (EU) അന്താരാഷ്ട്ര ഗവേഷകൻ
പൊതുവായ ആവശ്യകതകൾ
കുറഞ്ഞത് മൂന്ന് വർഷം വരെയെങ്കിലും സാധുതയുള്ള റെസിഡൻസ് പെർമിറ്റ് കൈവശമുള്ളവരെയാണ് സെറ്റിൽമെന്റ് പെർമിറ്റിനായി പരിഗണിക്കുന്നത്. താഴെപ്പറയുന്ന യോഗ്യതയുള്ളവർ ജർമനിയിലെ പ്രാദേശിക ഇമിഗ്രേഷൻ ഓഫീസുമായി ബന്ധപ്പെട്ട് പിആറിനുള്ള നടപടികൾ പൂർത്തിയാക്കണം.
- വൊക്കേഷണൽ ട്രെയിനിംഗ് ലഭിച്ച സ്‌കിൽഡ് വർക്കർ
- ജർമനിയിൽ നിന്നോ വിദേശത്തുനിന്നോ ഉള്ള ബിരുദം കരസ്ഥമാക്കിയവർ
- അക്കാദമിക്, സയന്റിഫിക് ആവശ്യങ്ങൾക്കായി ജർമനിയിൽ വരുന്നവർ
- ഉയർന്ന ക്വാളിഫിക്കേഷനുള്ള പ്രൊഫഷണലുകൾ
-
സുരക്ഷിതമായ ഉപജീവനമാർഗമുള്ളവർ
-
കുറഞ്ഞത് 36 മാസത്തേക്ക് സ്റ്റാറ്റ്യൂട്ടറി പെൻഷൻ ഇൻഷുറൻസിൽ സംഭാവന ചെയ്തിട്ടുള്ളവർ
-
റെസിഡൻസ് പെർമിറ്റുമായി ബന്ധപ്പെട്ട സാധുവായ ജോലിയുള്ളവർ
- ജർമ്മൻ ഭാഷാ പ്രാവീണ്യമുള്ളവർ
- ജർമ്മൻ നിയമം, ജർമൻ സമൂഹം, ജീവിത സാഹചര്യങ്ങൾ എന്നിവയെക്കുറിച്ച് അടിസ്ഥാന അറിവുള്ളവർ
- മതിയായ താമസസ്ഥലമുള്ളവർ
ചെലവ്
ജർമ്മനിയിൽ സ്ഥിര താമസാനുമതിക്ക് അപേക്ഷിക്കുന്നതിനുള്ള ചെലവ് സാധാരണയായി 113 യൂറോ (11,666 രൂപ) മുതൽ 147 യൂറോ (15,176 രൂപ) വരെയാണ്. ജോലിയെ അടിസ്ഥാനമാക്കി ഫീസ് വ്യത്യാസപ്പെടും.