സിനിമയിൽ നിന്ന് ദുരനുഭവമുണ്ടായി, കുറേ കരഞ്ഞു; വെളിപ്പെടുത്തലുമായി നടി മോഹിനി

Thursday 11 September 2025 11:50 AM IST

ഒരുകാലത്ത് മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയായിരുന്നു മോഹിനി. പട്ടാഭിഷേകം, സൈന്യം തുടങ്ങി നിരവധി ചിത്രങ്ങളിൽ മോഹിനി വേഷമിട്ടിട്ടുണ്ട്. വർഷങ്ങളായി സിനിമയിൽ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് അവർ. അഭിനയിച്ചിരുന്ന സമയത്ത് തനിക്ക് സിനിമയിൽ നിന്നും ദുരനുഭവമുണ്ടായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടിയിപ്പോൾ. ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ. തമിഴ് ചിത്രമായ 'കൺമണി'യിൽ അഭിനയിക്കവേയാണ് തനിക്ക് ദുരനുഭവമുണ്ടായതെന്ന് മോഹിനി പറയുന്നു. ആർ കെ സെൽവമണിയായിരുന്നു ചിത്രത്തിന്റെ സംവിധായകൻ. നീന്തൽ വസ്ത്രങ്ങൾ ധരിച്ച് അഭിനയിക്കാനും ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യാൻ നിർബന്ധിച്ചുവെന്നുമാണ് നടിയുടെ ആരോപണം.

'നീന്തൽ വസ്ത്രം ധരിച്ചുള്ള രംഗം പ്ലാൻ ചെയ്തത് സംവിധായകനാണ്. ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞു. ഞാൻ കരഞ്ഞു. നീന്താൻ പോലുമറിയില്ലെന്ന് സംവിധായകനോട് പറഞ്ഞു. അന്ന് ഷൂട്ടിംഗ് പകുതി ദിവസത്തേക്ക് നിർത്തിവച്ചു. പുരുഷ പരിശീലകരുടെ മുന്നിൽ പകുതി വസ്ത്രം മാത്രം ധരിച്ച് ഞാൻ എങ്ങനെ നീന്തൽ പഠിക്കും. അന്ന് വനിതാ നീന്തൽ പരിശീലകരുണ്ടായിരുന്നില്ല.

ഗാനരംഗത്തിന്റെ ഷൂട്ടിംഗിനായിരുന്നു ഇത്തരമൊരു സംഭവമുണ്ടായത്. ഒരു ദിവസത്തിന്റെ പകുതിയോളം ഷൂട്ട് ചെയ്തതാണ്. ഇതേ രംഗം ഊട്ടിയിൽവച്ച് ഷൂട്ട് ചെയ്യണമെന്നും അതില്ലാതെ ഷൂട്ടിംഗ് തുടരില്ലെന്നും അവർ പറഞ്ഞു. ഒട്ടും താത്പര്യമില്ലാതെ ഞാൻ പ്രത്യക്ഷപ്പെട്ട ഗ്ലാമറസ് സിനിമയായിരുന്നു അത്. സിനിമയുടെ നിർമാണം മുടങ്ങാതിരിക്കാൻ വേണ്ടിയായിരുന്നു അത് ചെയ്‌തത്,'- മോഹിനി പറഞ്ഞു.