ലോകയുടെ രണ്ടാം ഭാഗത്തിലെ നായകൻ ആര്? വെളിപ്പെടുത്തി തിരക്കഥാകൃത്ത്
മലയാളത്തിന്റെ വിസ്മയ ചിത്രം ലോക: ചാപ്ടർ 1 : ചന്ദ്ര 200 കോടി ക്ലബ്ബിൽ കഴിഞ്ഞ ദിവസമാണ് സ്ഥാനം പിടിച്ചത്. മലയാളത്തിൽ 200 കോടി ക്ലബ്ബിൽ ഇടംപിടിക്കുന്ന നാലാമത്തെ ചിത്രമാണ് ലോക. 13 ദിവസം കൊണ്ടാണ് ലോക 200 കോടി കളക്ഷനിൽ എത്തിയത്. ദുൽഖർ സൽമാന്റെ വേ ഫെയറർ ഫിലിംസ് നിർമ്മിച്ച് ഡൊമിനിക്ക് അരുൺ രചനയും സംവിധാനവും നിർവ്വഹിച്ച ലോക വിദേശ രാജ്യങ്ങളിലും തരംഗം തീർക്കുന്നുണ്ട്.
ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാംഭാഗം പറയുന്നത് ചാത്തന്റെ കഥയാവുമെന്ന സൂചന നൽകിയിരിക്കുകയാണ് തിരക്കഥാകൃത്തും നടിയുമായ ശാന്തി ബാലചന്ദ്രൻ. രണ്ടാം ഭാഗം ടൊവിനോയുടെ കഥാപാത്രത്തിന് പ്രാധാന്യം നൽകുമെന്നാണ് ശാന്തി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ സൂചന നൽകുന്നത്.
ചിത്രം 200 കോടി ക്ലബ്ബിലെത്തിയ നേട്ടം പങ്കുവച്ചുള്ള ഒരു കാർഡ് ടൊവിനോ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു. 'നമ്മ ജയിച്ചിട്ടോം മാരാ, ജയിച്ചിട്ടോം' എന്ന ഡയലോഗ് ക്യാപ്ഷനായി നൽകി സംവിധായകനെ ഉൾപ്പടെ മെൻഷൻ ചെയ്തിരുന്നു. ഈ സ്റ്റോറിയ്ക്ക് മറുപടി നൽകിയപ്പോഴാണ് ശാന്തി ഇക്കാര്യം സൂചിപ്പിച്ചത്. അടുത്തത് ടൊവിനോയുടെ ഊഴമാണെന്നാണ് ശാന്തി കുറിച്ചത്.
'ടൊവി, അടുത്തത് നിന്റെ ഊഴമാണ്. ക്യാപ്റ്റനും ടീമിനുമൊപ്പം ദൃഢതയോടെ നിൽക്കുന്നതിന് നന്ദി' - എന്നായിരുന്നു കുറിച്ചത്. ഇതിന് 'പൊളിക്കും നുമ്മ' എന്ന് ടൊവിനോയും മറുപടി നൽകി. ഇതോടെയാണ് രണ്ടാം ഭാഗത്തിൽ നായകനായി ടൊവിനോയെത്തുമെന്ന ചർച്ചകൾ സജീവമായത്.