75 ട്രില്യൺ ഡോളറിന്റെ നിക്ഷേപം; ലോകത്തിലെ ഏറ്റവും വലിയ വജ്രഖനി മൂന്ന് മാസം പ്രവർത്തിക്കില്ല, കാരണം?

Thursday 11 September 2025 3:12 PM IST

ലോകത്തിലെ തന്നെ ഏ​റ്റവും കൂടുതൽ വജ്രശേഖരമുളള രാജ്യങ്ങളിലൊന്നാണ് റഷ്യ. അതുപോലെ ഏ​റ്റവും കൂടുതൽ വജ്രങ്ങൾ ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നും റഷ്യ തന്നെയാണ്. ഇത്തരത്തിൽ നിരവധി പ്രത്യേകതകൾ ഈ രാജ്യത്തിനുണ്ട്. വടക്കുകിഴക്കൻ റഷ്യയിലെ സൈബീരിയൻ മരുഭൂമിക്കുളളിൽ, സാറ റിപ്പബ്ലിക്കിലാണ് ലോകത്തിലെ തന്നെ ഏ​റ്റവും വലിയ വജ്രഖനിയായ അയ്ഖൽ സ്ഥിതി ചെയ്യുന്നത്. റഷ്യയിൽ മാത്രം ഏകദേശം 75 ട്രില്യൺ ഡോളർ മൂല്യമുളള വജ്ര ശേഖരമാണുളളത്.

വൻതോതിലുളള പ്രകൃതിവാതക ശേഖരത്തിന് പുറമേ ആഗോള വജ്ര ഉൽപ്പാദനത്തിൽ 35 ശതമാനം വിഹിതവും റഷ്യയ്ക്ക് സ്വന്തമാണ്. അയ്ഖൽ വജ്ര ഖനന കമ്പനി റഷ്യൻ സർക്കാരിന്റെ ഉടമസ്ഥതിയിലുളള അൽറോസ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. ലോകത്തിലെ പരുക്കൻ വജ്രങ്ങളുടെ (റഫ് ഡയമണ്ട്)​ 31 ശതമാനവും ഇവർ ഉൽപ്പാദിപ്പിക്കുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. അയ്ഖൽ ഖനി പലപ്പോഴും വജ്രങ്ങൾ അടങ്ങിയ കിംബർലൈ​റ്റ് പാറയുടെ നിക്ഷേപത്തിന് പേരുകേട്ടതാണ്.

അയ്ഖലിൽ 40.07 ദശലക്ഷം കാര​റ്റ് വജ്രങ്ങൾ അടങ്ങിയിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കൂടാതെ വർഷം തോറും 1.3 ദശലക്ഷം കാര​റ്റ് അപൂർ ഭൗമ രത്നവും വേർതിരിച്ചെടുക്കുന്നു. റിപ്പോർട്ടുകൾ അനുസരിച്ച്, 1960കളുടെ തുടക്കത്തിൽ പ്രവർത്തനം ആരംഭിച്ച അയ്ഖൽ ഖനി ലോകത്തിലെ ഏ​റ്റവും ഉൽപ്പാദനക്ഷമതയുളള വജ്രഖനികളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.

ഇവയുടെ പ്രവർത്തനം വർഷത്തിൽ രണ്ടോ മൂന്നോ മാസം നിർത്തിവയ്ക്കുകയും ചെയ്യും. സൈബീരിയയിലെ കാലാവസ്ഥ കാരണമാണ് ഇത്തരത്തിൽ ചെയ്യുന്നത്. കഠിനമായ ശൈത്യകാലത്ത് ഖനികളിൽ പ്രവർത്തനം സുഗമമായി നടത്താൻ സാധിക്കാത്തതാണ് കാരണം. അതുപോലെ വേനൽക്കാലത്തും ഖനികളിൽ ജോലി ചെയ്യുന്നത് പ്രയാസം നിറഞ്ഞ കാര്യമാണ്. അത്യാധുനിക സൗകര്യങ്ങളുടെ സഹായത്തോടെ മാത്രമേ മോശം കാലാവസ്ഥയിൽ വജ്രഖനികളിൽ ഖനനം നടക്കുകയുളളൂ.

ആഗോള തലത്തിൽ വജ്രങ്ങളുടെ ഉൽപ്പാദനത്തിൽ രണ്ടാം സ്ഥാനത്തുളള രാജ്യം ബോട്സ്വാനയാണ്. 2021ലെ കണക്കനുസരിച്ച് രാജ്യത്ത് 300 ദശലക്ഷം കാര​റ്റ് വജ്രങ്ങളുടെ കരുതൽ ശേഖരം ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. മൂന്നാം സ്ഥാനത്തുളളത് മദ്ധ്യ ആഫ്രിക്കൻ രാജ്യമായ ഡെമോക്രാ​റ്റിക് റിപ്പബ്ലിക് ഒഫ് കോംഗോയാണ്. 2021ലെ കണക്കനുസരിച്ച് ഇവിടെ 12 ദശലക്ഷം വജ്രങ്ങൾ ഉൽപ്പാദിപ്പിച്ചിട്ടുണ്ടെന്നാണ്. 300 ദശലക്ഷത്തിലധികം കാര​റ്റ് വജ്രശേഖരം ഇവിടെയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യയിലെ വജ്രഖനനം മദ്ധ്യപ്രദേശിലെ പന്ന മേഖലയിലാണ് ഇന്ത്യയിലെ വജ്രഖനനം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്. മജ്ഗവാൻ ഖനിയാണ് അതിൽ പ്രധാനപ്പെട്ടത്. നാഷണൽ മിനറൽ ഡെവലപ്‌മെന്റ് കോർപറേഷന്റെ നിയന്ത്രണത്തിലാണ് മജ്ഗവാൻ പ്രവർത്തിക്കുന്നത്. ഇതുകൂടാതെ ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ വജ്രഖനനം നടക്കുന്നുണ്ടെങ്കിലും വലിയതോതിലുളള പ്രവർത്തനങ്ങൾ ഇവിടെ നടക്കുന്നില്ല. ഇന്ത്യയിലെ വജ്രങ്ങൾ പ്രധാനമായും കിംബർലെ​റ്റ് പാറകളിൽ നിന്നോ അലൂവിയൽ നിക്ഷേപങ്ങളിൽ നിന്നുമാണ്.

സ്വർണഖനി

പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ലോകത്തിലെ തന്നെ ഏ​റ്റവും വലിയ സ്വർണഖനി സ്ഥിതി ചെയ്യുന്നത് ചൈനയിലാണ്. ഹുനാൻ പ്രിവിശ്യയിലെ പിംഗ്ജിയാംഗ് കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന വാംഗു സ്വർണഖനിയാണ് ചൈനയിലെ ഏറ്റവും വലിയ സ്വർണഖനിയെന്ന് കണക്കാക്കപ്പെടുന്നത്. ഏകദേശം 1000 ടൺ സ്വർണനിക്ഷേപം ഇവിടെയുണ്ട്. ഇത് ചൈനയുടെ സമ്പദ്ഘടനയെ സ്വാധീനിക്കുന്ന തരത്തിലുളളതാണ്. അതിനാൽത്തന്നെ ആഗോള സ്വർണവിപണിയെ പോലും മാ​റ്റിമറിക്കാൻ ഇതിന് സാധിക്കും.