സൗബിന് വീണ്ടും തിരിച്ചടി; ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിയുള്ള ഹർജി ഹൈക്കോടതി തള്ളി
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് വീണ്ടും തിരിച്ചടി. ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിയുള്ള ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി. മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയാണ് സൗബിൻ ഷാഹിർ.
നേരത്തേ വിദേശയാത്രയ്‌ക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് സൗബിൻ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. വിദേശത്ത് സംഘടിപ്പിക്കുന്ന അവാർഡ് ഷോയിൽ പങ്കെടുക്കണമെന്നായിരുന്നു സൗബിൻ സമർപ്പിച്ച ഹർജിയിലെ ആവശ്യം. ഇതാണ് കോടതി തള്ളിയത്.
കേസുമായി ബന്ധപ്പെട്ട് സൗബിനുൾപ്പെടെയുള്ളവരെ ചോദ്യംചെയ്‌തിരുന്നു. ഷോൺ ആന്റണി, ബാബു ഷാഹിർ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. കേസ് റദ്ദാക്കണമെന്ന ഇവരുടെ ആവശ്യം ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു.
സിനിമയുടെ ലാഭവിഹിതം നൽകിയില്ലെന്ന മരട് സ്വദേശി സിറാജ് വലിയതുറയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. എന്നാൽ, സിറാജ് സിനിമയ്‌ക്ക് വേണ്ടി നൽകേണ്ടിയിരുന്ന പണം കൃത്യസമയത്ത് നൽകാതിരിക്കുകയും പണം ലഭിക്കാത്തതിനാൽ ഷെഡ്യൂളുകൾ മുടങ്ങി ഷൂട്ടിംഗ് നീണ്ടുപോവുകയും ചെയ്‌തെന്ന് നിർമാതാക്കളും വാദിച്ചിരുന്നു.