'ബാ​ഗിൽ ഒളിപ്പിച്ചല്ല മുല്ലപ്പൂവ് കൊണ്ടുപോയത്, പണമടയ്ക്കാൻ 28 ദിവസത്തെ സമയമുണ്ട്'

Thursday 11 September 2025 6:13 PM IST

15 സെന്റീമീറ്റർ മുല്ലപ്പൂ ബാഗിൽ കരുതിയതിന് നടി നവ്യ നായർക്ക് ഒന്നേകാൽ ലക്ഷം രൂപ പിഴ ലഭിച്ച സംഭവം വലിയ വാർത്തയായിരുന്നു. മെൽബൺ വിമാനത്താവളത്തിൽ വച്ചാണ് താരത്തിൽ നിന്ന് 1980 ഓസ്‌ട്രേലിയൻ ഡോളർ രാജ്യത്തെ കൃഷി വകുപ്പ് ഈടാക്കിയത്. ഇപ്പോഴിതാ വിഷയത്തിൽ എന്താണ് ശരിക്കും സംഭവിച്ചതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നവ്യനായർ.

'ശരിക്കും ഞെട്ടിപ്പോയി. വലിയ പിഴവാണ് ഉണ്ടായത്. ബാ​ഗിൽവ ച്ച് ഒളിപ്പിച്ചല്ല മുല്ലപ്പൂ കൊണ്ടുപോയത്. അത് എന്റെ തലയിലായിരുന്നു. എന്നാൽ, മുല്ലപൂവ് ഡിക്ലയർ ചെയ്യാൻ വിട്ടുപോയി. യാത്രയുടെ തുടക്കത്തിൽ ആ പൂക്കൾ ബാഗിൽ വച്ചിരുന്നതുകൊണ്ടാണ് സ്നിഫർ നായ്ക്കൾ അത് മണത്തറിഞ്ഞത്', എച്ച് ഡി സിറ്റിയോട് സംസാരിക്കവെ നവ്യ വ്യക്തമാക്കി.

'പണമടയ്ക്കാൻ 28 ദിവസത്തെ സമയമുണ്ട്. മറുപടി നൽകാൻ പരിമിതമായ സമയം മാത്രമേ നൽകിയിട്ടുള്ളൂ. വിമാനത്താവളത്തിലെ അധികൃതരുടെ നിർദ്ദേശപ്രകാരം, അന്നു രാത്രി തന്നെ ഓസ്ട്രേലിയൻ കാർഷിക വകുപ്പിന് എല്ലാ വിവരങ്ങളും ഇമെയിൽ ചെയ്തുവെന്നും ഇപ്പോൾ മറുപടിക്കായി കാത്തിരിക്കുകയാണ്. പിഴ ഒഴിവാക്കപ്പെടുമെന്നാണ് പ്രതീക്ഷ.' - നവ്യാനായർ കൂട്ടിച്ചേർത്തു.

ഓസ്‌ട്രേലിയൻ സർക്കാർ നടപ്പാക്കിയ ഒരു നിയമം അനുസരിച്ചാണ് നവ്യക്കെതിരെ നടപടി എടുത്തിരിക്കുന്നത്. 2015ൽ ഓസ്‌ട്രേലിയൻ പാർലമെന്റ് പാസാക്കിയ ജൈവസുരക്ഷാ നിയമം നിരവധി വസ്‌തുക്കൾ മറ്റ് രാജ്യങ്ങളിൽ നിന്ന് ഓസ്‌ട്രേലിയയിൽ കൊണ്ടുവരുന്നത് വിലക്കിയിട്ടുണ്ട്. വിദേശരാജ്യങ്ങളിലെ ചെടികളും പൂക്കളും തങ്ങളുടെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന സൂക്ഷ്‌മജീവികളെയോ രോഗങ്ങളെയോ കൊണ്ടുവരും എന്ന ചിന്തയാണ് ഇത്തരം നിയമം കർശനമായി നടപ്പാക്കാൻ ഓസ്‌ട്രേലിയയെ പ്രേരിപ്പിച്ചത്.