ചെലവ് 35,000 കോടി, വാങ്ങുന്നത് ആറ് വിമാനങ്ങള്‍; പദ്ധതി ഇങ്ങനെ

Thursday 11 September 2025 8:06 PM IST

ന്യൂഡല്‍ഹി: തീരുവ വിഷയത്തില്‍ ഉടക്കി നില്‍ക്കുന്ന ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തില്‍ മഞ്ഞുരുക്കത്തിന് സാദ്ധ്യത. വ്യാപാര ചര്‍ച്ചകള്‍ പുനസ്ഥാപിക്കാനിരിക്കെ കോടികളുടെ പ്രതിരോധ കരാറാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഇന്ത്യന്‍ നാവികസേനയ്ക്കായി അമേരിക്കയില്‍ നിന്നും വിമാനം വാങ്ങാനാണ് കരാര്‍ ഒരുങ്ങുന്നത്. പി-8 ഐ പോസിഡിയോ ആറെണ്ണം വാങ്ങാനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. 400 കോടി യുഎസ് ഡോളറിന്റേതാണ് കരാര്‍.

35,391 കോടി രൂപയാണ് കരാറിന്റെ മൂല്യം. അമേരിക്കന്‍ കമ്പനിയായ ബോയിംഗ് ആണ് പി-8 ഐ വിമാനങ്ങള്‍ നിര്‍മിക്കുന്നത്. കരാര്‍ സംബന്ധിച്ച നിര്‍ണായക ചര്‍ച്ചകള്‍ക്കായി ബോയിംഗ് കമ്പനിയുടേയും ഒപ്പം അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റേയും പ്രതിനിധികള്‍ ഒക്ടോബറില്‍ ഇന്ത്യയിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വാങ്ങുന്നതും ചൈനയുമായി ഇന്ത്യ അടുക്കുന്നതും അമേരിക്കന്‍ പ്രസിഡന്റിനെ ചൊടിപ്പിച്ചിരുന്നു.

2019ലാണ് ഇന്ത്യയ്ക്ക് പി-8ഐ നിരീക്ഷണ വിമാനങ്ങള്‍ വില്‍ക്കുന്നതിന് യുഎസ് അനുമതി നല്‍കിയത്. പിന്നീട് വിവിധ കാരണങ്ങളാല്‍ ചര്‍ച്ചകള്‍ മുന്നോട്ട് പോയില്ല. 2009ല്‍ ഇന്ത്യ ഈ വിമാനങ്ങള്‍ വാങ്ങിയിരുന്നു. പിന്നീട് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും വാങ്ങുന്നതിന് ചര്‍ച്ചകള്‍ ആരംഭിച്ചത്. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ സമഗ്രമായ നിരീക്ഷണത്തിന് വേണ്ടിയാണ് ഇന്ത്യ പി-8 ഐ നിരീക്ഷണ വിമാനങ്ങള്‍ വാങ്ങിയത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം അത്ര നല്ലരീതിയില്‍ അല്ലെന്നിരിക്കെ നിന്നുപോയ പ്രതിരോധ കരാര്‍ പൊടിതട്ടിയെടുക്കാന്‍ ഇരുരാജ്യങ്ങളും തയ്യാറെടുക്കുമ്പോള്‍ അത് ഇന്ത്യ - അമേരിക്ക ബന്ധം മെച്ചപ്പെടുന്നതിന്റെ കൂടി സൂചനയായി വിലയിരുത്തുകയാണ് വിദഗ്ദ്ധര്‍. ഇന്ത്യയോടുള്ള സമീപനത്തില്‍ അമേരിക്കയില്‍ നിന്ന് തന്നെ ട്രംപ് വിമര്‍ശനം കേട്ടിരുന്നു.