കണ്ണപുരം സ്ഫോടനം:  പാഠം പഠിക്കാത്ത സുരക്ഷാ വീഴ്ച

Friday 12 September 2025 3:08 AM IST

അധികൃതരുടെ നിസംഗതയിൽ ജനവാസ കേന്ദ്രങ്ങളിൽ നിർമ്മിക്കപ്പെടുന്ന വെടിമരുന്ന് ശാലകൾ ഒരു നാടിനെ ഭീതിയിലാക്കിയ സംഭവമാണ് കണ്ണപുരം സ്‌ഫോടനക്കേസ്. കണ്ണപുരം കീഴറയിൽ പുലർച്ചെ രണ്ടുമണിയോടെ ഉണ്ടായ വലിയ സ്‌ഫോടനം ജില്ലയെ മുഴുവൻ ഞെട്ടിച്ചിരുന്നു. സംഭവത്തിൽ റിട്ട. അദ്ധ്യാപകൻ ഗോവിന്ദൻ കീഴറയുടെ വാടക വീട് മണ്ണും പുകയുമായി. സ്‌ഫോടനത്തിൽ കണ്ണൂർ ചാലാട് സ്വദേശി മുഹമ്മദ് ആഷാം മരിച്ചു. ഇയാളുടെ ശരീരഭാഗങ്ങൾ ചിന്നിച്ചിതറി. സമീപത്തെ വീടുകളുടെ വാതിലുകൾ തകരുകയും ചുമരുകളിൽ വിള്ളലുകളുണ്ടാകുകയും ചെയ്തു. എന്നാൽ ഈ സ്‌ഫോടനം ആകസ്മികമായി സംഭവിച്ച അപകടമല്ല, ഇത് കണ്ണൂരിലെ സുരക്ഷാ സംവിധാനത്തിന്റെയും നിയമപാലന യന്ത്രത്തിന്റെയും കടുത്ത വീഴ്ചയുടെ ഫലമാണ്. ജനവാസ കേന്ദ്രത്തിൽ വെടിമരുന്ന് നിർമ്മാണശാല പ്രവർത്തിച്ചത് പൊലീസ് അറിയാത്തത് വൻ വീഴ്ചയാണ്. സംഘർഷങ്ങളുടെയും ബോംബ് ഭീഷണിയുടെയും പശ്ചാത്തലമുള്ള കണ്ണൂർ മേഖലയിൽ ഇത്തരം നിസംഗത ആശങ്കാജനകമാണ്.

പ്രതിയുടെ കൗശല തന്ത്രങ്ങൾ

കേസിലെ മുഖ്യപ്രതി അനൂപ് മാലിക് അന്വേഷണത്തിൽ പൊലീസിനെ വഴിതെറ്റിക്കുന്ന തന്ത്രത്തിലാണ്. മൂന്നുദിവസത്തേക്ക് കസ്റ്റഡിയിൽ ലഭിച്ചെങ്കിലും സംഭവവുമായി ബന്ധമില്ലെന്ന നിലപാടിലാണ് അനൂപ് മാലിക്. കാര്യങ്ങൾ മരിച്ച ഭാര്യാ സഹോദരനു മാത്രമേ അറിയൂ എന്ന വാദത്തിലാണ് അയാൾ. എന്നാൽ വീടിന്റെ വാടക ഗൂഗിൾ പേ വഴി അനൂപ് മാലിക് നൽകിക്കൊണ്ടിരുന്ന തെളിവ് നിരത്തിയപ്പോൾ ഇയാൾ കൂടുതലൊന്നും പറഞ്ഞില്ല. മുഹമ്മദ് ആഷാം ഗുണ്ട് നിർമ്മാണം നടത്തിവരികയാണെന്നും അത് തനിക്കറിയാമെന്നല്ലാതെ ഇടപാടുമായി ബന്ധമൊന്നുമില്ലെന്നാണ് അനൂപ് മാലിക് പറഞ്ഞുകൊണ്ടിരിക്കുന്നത്.

2016ലെ സ്ഫോടനത്തിന്റെ

ആവർത്തനം

2016 മാർച്ചിൽ പൊടിക്കുണ്ട് രാജേന്ദ്ര നഗർ കോളനിയിലെ ഇരുനില വീട്ടിലുണ്ടായ സ്‌ഫോടനത്തിന് പിന്നിലും അനൂപ് മാലിക്ക് ആയിരുന്നു. ഈ സ്‌ഫോടനത്തിൽ ഏഴ് വീടുകൾക്ക് നശിക്കുകയും ഒൻപത് വീടുകൾക്ക് ഭാഗിക നഷ്ടവുമുണ്ടായി. പത്തുപേരിൽ നാലുപേർക്ക് ഗുരുതര പരിക്കുമേറ്റു. മൊത്തം നാലുകോടിയുടെ നഷ്ടമുണ്ടായെങ്കിലും അന്വേഷണം ആഴത്തിൽ നടന്നില്ലെന്നാണ് ആരോപണം. 2016ലെ പൊടിക്കുണ്ട് സ്‌ഫോടനത്തിന്റെ പേരിൽ സർക്കാർ ഖജനാവിൽ നിന്ന് ഒരു കോടിയോളം രൂപ നഷ്ടപരിഹാരം വാങ്ങിയ അതേ പ്രതി വീണ്ടും സ്‌ഫോടക വസ്തു നിർമ്മാണത്തിൽ ഏർപ്പെട്ടതിന് പിന്നിൽ ആരുടെ പിന്തുണയാണെന്ന സംശയമാണ് ഉയർന്നിരിക്കുന്നത്. നാടിനെ നടുക്കിയ സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച പ്രതി വീണ്ടും ജനവാസ മേഖലയിൽ ഉത്പ്പാദന കേന്ദ്രം തുടങ്ങിയതിന് പിന്നിൽ അയാളുടെ ഉന്നത സ്വാധീനം സംശയിക്കുന്നുണ്ട്.

വെടിമരുന്ന് വിതരണ ശൃംഖല

വൻതോതിൽ വെടിമരുന്ന് എവിടെ നിന്നാണ് എത്തിച്ചതെന്ന കാര്യത്തിൽ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ഇരുട്ടിൽ തപ്പുകയാണ്. ഇതര സംസ്ഥാനങ്ങളുമായി പ്രതിക്ക് വിപുലമായ ബന്ധമുണ്ടെന്ന സൂചനകൾ ലഭിച്ചിട്ടുണ്ട്. പടക്ക നിർമ്മാണ കമ്പനികളുടെ ലൈസൻസിന്റെ മറവിൽ തമിഴ്നാട്ടിൽ നിന്നും വെടിമരുന്ന് കടത്തിക്കൊണ്ടുവരുന്ന സംവിധാനത്തിന്റെ പ്രധാന കണ്ണിയാണ് അനൂപ് മാലിക്കെന്നാണ് പൊലീസിന്റെ സംശയം. മാഹിയിലെയും വടകരയിലെയും പടക്ക നിർമ്മാണ ശാലകളിൽ നിന്ന് ഏജന്റുമാർ വഴി കണ്ണൂരിലെ ക്രിമിനൽ സംഘങ്ങൾക്ക് വെടിക്കോപ്പ് എത്തിക്കുന്ന മണി ചെയിൻ സമാനമായ ഈ സംവിധാനം തകർക്കാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ജില്ലയുടെ പല ഭാഗങ്ങളിലും വാടകയ്ക്ക് വീടെടുത്ത് വ്യാപകമായി സ്‌ഫോടകവസ്തുക്കൾ നിർമിക്കുന്ന അനൂപിന് വിവിധ രാഷ്ട്രീയ നേതാക്കളുമായും ഉന്നത ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധമുണ്ടെന്നും ആരോപണമുണ്ട്.

അധികൃതരുടെ വീഴ്ച

തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ ജില്ലയിൽ വെടിമരുന്ന് ശേഖരവുമായി ബന്ധപ്പെട്ട് കാര്യക്ഷമമായ പരിശോധനകൾ നടക്കാത്തത് ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്. അധികൃതരുടെ വീഴ്ചയാണ് കീഴറയിൽ സ്‌ഫോടനത്തിലേക്ക് നയിച്ചത്. ജനവാസ കേന്ദ്രത്തിൽ വെടിമരുന്നുശാല പ്രവർത്തിച്ചത് പൊലീസ് അറിയാത്തത് വൻവീഴ്ചയാണ്. പയ്യന്നൂരിൽ ഹാർഡ് വെയർ ഇലക്ട്രിക്കൽ കട നടത്തിപ്പുകാരനെന്ന വ്യാജേന അനൂപ് മാലിക് കണ്ണപുരം കീഴറയിലെ റിട്ട. അദ്ധ്യാപകൻ ഗോവിന്ദൻ കീഴറയിൽ നിന്ന് വീട് വാടകയ്‌ക്കെടുത്തതാണ്. രാത്രിക്കാലങ്ങളിൽ നിരവധിയാളുകൾ വാഹനത്തിൽ വന്നുപോയിരുന്നതായി പ്രദേശവാസികൾ മൊഴി നൽകിയിട്ടുണ്ട്. എന്നിട്ടും അധികൃതർ ഇതിനെക്കുറിച്ച് അറിഞ്ഞില്ല എന്നത് ഗുരുതരമായ വീഴ്ചയാണ്.

രാഷ്ട്രീയ ബന്ധങ്ങൾ

രാഷ്ട്രീയ സംഘർഷവും ബോംബ് പ്രയോഗവും നിരന്തരം നടക്കുന്ന കണ്ണൂരിൽ രാഷ്ട്രീയ പാർട്ടികളുമായി അനൂപ് മാലിക്കിന് ബന്ധമുണ്ടെന്ന സൂചനകളും ലഭിച്ചിട്ടുണ്ട്. പാർട്ടി വ്യത്യാസമില്ലാതെ രാഷ്ട്രീയക്കാർക്ക് ബോംബുണ്ടാക്കാൻ വെടിമരുന്ന് നൽകിയിരുന്നതായി സംശയം ഉയരുന്നു. അയാളുടെ മൊബൈൽ ഫോണിൽ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ നിരവധി പേരുടെ ഫോൺ നമ്പർ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം. അനൂപിന് കോൺഗ്രസ് ബന്ധമുണ്ടെന്ന ആരോപണം സി.പി.എമ്മും ബി.ജെ.പിയും ഉയർത്തുന്നുണ്ട്. എന്നാൽ ഈ ആരോപണം കോൺഗ്രസ് നിഷേധിക്കുകയാണ്. എല്ലാം അന്വേഷിച്ച് പുറത്തുകൊണ്ടുവരുവെന്ന് കണ്ണൂർ ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജ് വെല്ലുവിളി ഉയർത്തി. പക്ഷേ പടക്കം മാത്രമല്ല മാരകശേഷിയുള്ള സ്‌ഫോടകവസ്തുക്കൾ ഉണ്ടാക്കാനും സഹായം ലഭിക്കുന്നുണ്ടെന്ന സംശയമാണ് ഉയരുന്നത്.

വെല്ലുവിളികൾ

സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട മുഹമ്മദ് ആഷാമിന്റെ മരണത്തിന് പിന്നിൽ അനൂപ് മാലിക്കാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അതിനാൽ കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ അധികം ചുമത്താനാണ് തീരുമാനം. കീഴറ സ്‌ഫോടനം ഉൾപ്പെടെ ഒൻപത് കേസിൽ പ്രതിയാണ് അനൂപ് മാലിക്. ജില്ലയിൽ മറ്റെവിടെയെങ്കിലും സമാനരീതിയിൽ സ്‌ഫോടകവസ്തു നിർമ്മാണം നടക്കുന്നുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കണ്ണൂരിലെ സുരക്ഷാ സാഹചര്യം കൂടുതൽ കർശനമാക്കുന്നത് അനിവാര്യമാണ്. വാടക വീടുകളിലെ സംശയാസ്പദമായ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും പ്രദേശവാസികളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനും കൂടുതൽ കാര്യക്ഷമമായ സംവിധാനം ആവശ്യമാണ്. കണ്ണപുരം സ്‌ഫോടനം കണ്ണൂരിലെ സുരക്ഷാ സംവിധാനത്തിന്റെ ഗുരുതരമായ വീഴ്ചകൾ വെളിച്ചത്തുകൊണ്ടുവന്നിരിക്കുന്നു. ബോംബ് നിർമ്മാണത്തിന്റെയും സ്‌ഫോടനങ്ങളുടെയും പശ്ചാത്തലമുള്ള ജില്ലയിൽ ഏറെ ജാഗ്രതയോടെ പോലീസ് അന്വേഷണം നടത്തേണ്ട സാഹചര്യമാണ്. അനൂപ് മാലിക് പോലുള്ള പ്രതികളുടെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും വെടിമരുന്ന് വിതരണ ശൃംഖല തകർക്കാനും കഴിയാത്തത് ഭാവിയിൽ കൂടുതൽ ദുരന്തങ്ങളിലേക്ക് നയിച്ചേക്കാം.