ഇന്ത്യ ഭയക്കേണ്ട കാര്യമില്ല

Friday 12 September 2025 3:13 AM IST

തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ യുവജനങ്ങളുടെ പ്രക്ഷോഭത്തിൽ കടപുഴകി വീഴുന്നത് ലോകത്ത് പല തവണ ആവർത്തിച്ചിട്ടുള്ള ഒരു സംഭവവികാസമാണ്. ഏറ്റവും അവസാനം അത് നടന്നത് നേപ്പാളിലാണെന്നു മാത്രം. കഷ്ടിച്ച് മൂന്നുദിവസം നീണ്ടുനിന്ന പ്രക്ഷോഭത്തിലൂടെ കമ്മ്യൂണിസ്റ്റ് പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയെ സ്ഥാനഭ്രഷ്ടനാക്കാനായി. അദ്ദേഹം ദുബായിലേക്ക് ഒളിച്ചോടുകയും ചെയ്തു. ഏതൊരു രാജ്യത്തിന്റെയും ജനാധിപത്യ ഭരണകൂടത്തിന്റെ ഏറ്റവും വലിയ പ്രതീകമാണ് പാർലമെന്റ് മന്ദിരം. പ്രക്ഷോഭകർ അത് തീയിട്ട് നശിപ്പിച്ചതോടെ തന്നെ അവിടത്തെ ജനാധിപത്യ സർക്കാർ ചാരമായെന്ന് ലോകത്തിനു മുഴുവൻ ബോദ്ധ്യപ്പെട്ടു. അട്ടിമറിക്കു പിന്നിൽ അമേരിക്കയുടെ കരങ്ങളാണെന്ന് ആരോപിക്കുന്നവർ മുറംകൊണ്ട് സൂര്യനെ മറയ്ക്കുന്നതിന് സമാനമായ പ്രചാരണമാണ് നടത്തുന്നത്.

തീർച്ചയായും ഇത്തരം പ്രക്ഷോഭങ്ങൾക്ക് വൈദേശിക സഹായവും ഇടപെടലുമൊക്കെ സ്വാഭാവികമാണ്. എന്നാൽ അതിനുള്ള കളമൊരുങ്ങിയത് അതത് രാജ്യങ്ങളിലാണ് എന്ന സൂക്ഷ്‌മമായ യാഥാർത്ഥ്യം ആരും മറക്കരുത്. നേപ്പാൾ സർക്കാർ നിയോഗിച്ച രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാത്ത ഫേസ്‌ബുക്ക്, ട്വിറ്റർ, യു ട്യൂബ് തുടങ്ങിയ 26 സാമൂഹ്യ മാദ്ധ്യമങ്ങളെ സെപ്തംബർ നാലിന് നിരോധിച്ചതാണ് പ്രക്ഷോഭത്തിന് തിരികൊളുത്തിയത്. ഒരു സർക്കാരിന്റെ നിർദ്ദേശങ്ങൾ അവിടെ പ്രചരിക്കുന്ന സാമൂഹ്യ മാദ്ധ്യമങ്ങൾ അനുസരിക്കേണ്ടതല്ലേ എന്നൊരു നിർദ്ദോഷമായ ചോദ്യം ഇവിടെ ഉയരാം. എന്നാൽ, രജിസ്ട്രേഷൻ എടുക്കുന്നവർ സർക്കാരിന്റെ നയപരിപാടികൾ വേണം പ്രചരിപ്പിക്കാൻ എന്ന നിബന്ധനയും സർക്കാർ മുന്നോട്ടുവച്ചിരുന്നു. സർക്കാരിന്റെ അഴിമതിയും മന്ത്രിമാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ധൂർത്തും മറ്റും വാട്സ്‌ ആപ്പ് ഗ്രൂപ്പുകളിലൂടെയും മറ്റും നേപ്പാളിലെ യുവാക്കൾ പങ്കുവച്ചിരുന്നു.

തൊഴിലില്ലായ്മയും ദാരിദ്ര്യ‌വും രാജ്യത്ത് കൊടികുത്തി വാഴുന്നത് സർക്കാരിന്റെ കൊടിയ അഴിമതി കാരണമാണെന്ന നിർണയത്തിലാണ് സന്ദേശങ്ങൾ കൈമാറിയിരുന്ന യുവരക്തങ്ങൾ എത്തിച്ചേർന്നിരുന്നത്. ഇത് ബോദ്ധ്യപ്പെട്ട സർക്കാർ തങ്ങളുടെ വികൃത മുഖം അനാവരണം ചെയ്യപ്പെടുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് 26 സാമൂഹ്യ മാദ്ധ്യമങ്ങളെ ഒറ്റയടിക്ക് തടഞ്ഞത്. വീർപ്പുമുട്ടിക്കഴിഞ്ഞിരുന്ന യുവാക്കൾക്ക് പരസ്‌പരം വേദനകളും സങ്കടങ്ങളും അമർഷവും പങ്കുവയ്ക്കാനുള്ള ജാലകങ്ങളാണ് സർക്കാർ വലിച്ചടച്ചത്. അങ്ങനെ കണ്ണിൽ ഇരുട്ടു കയറിയപ്പോഴാണ് യുവാക്കൾ അധികാരിവർഗത്തിന്റെ അഴിമതി, സ്വജനപക്ഷപാതം, ധൂർത്ത്, മക്കൾ പ്രേമം തുടങ്ങിയവയ്ക്കെതിരെ തെരുവിലിറങ്ങിയത്. അധികാരത്തിലിരിക്കുമ്പോൾ ജനങ്ങളുടെ നാഡീസ്പന്ദനം മനസിലാക്കാതെ ദന്തഗോപുരങ്ങളിൽ ആനന്ദജീവിതം നയിക്കുന്ന ഏതൊരു സർക്കാരിനും ഇന്നല്ലെങ്കിൽ നാളെ നേരിടേണ്ടിവരുന്ന അവസ്ഥയാണിത്.

സമാനമായ അട്ടിമറികളാണ് ശ്രീലങ്കയിലും ബംഗ്ളാദേശിലും പാകിസ്ഥാനിലുമൊക്കെ നടന്നത്. ഇവിടെയെല്ലാം പൊതുവായി ഉണ്ടായിരുന്ന രണ്ട് ഘടകങ്ങൾ കൊടിയ അഴിമതിയും,​ കടുത്ത സാമ്പത്തിക തകർച്ചയുമാണ്. പെട്രോളിനും മരുന്നിനും ഭക്ഷണത്തിനുമൊക്കെ തീവില ആയപ്പോഴാണ് ശ്രീലങ്കയിൽ രാജപക്‌സെക്കെതിരെ ജനം തെരുവിലിറങ്ങിയത്. അടുത്തതായി ഇത്തരം പ്രക്ഷോഭം ഇന്ത്യയിലാണ് നടക്കാൻ പോകുന്നത് എന്ന് പ്രവചിക്കുന്ന അന്തിപ്രവാചകൻമാർ സോഷ്യൽ മീഡിയയിൽ കുറവല്ല. അന്ധൻ ആനയെ കണ്ടതു പോലെയാണ് ഇവർ ജിയോ പൊളിറ്റിക്സ് മനസിലാക്കുന്നത് എന്നു വേണം കരുതാൻ. ഇന്ത്യയിൽ സുശക്തമായ ഒരു ജനാധിപത്യ ഭരണകൂടം നിലവിലുണ്ട്. ഇങ്ങോട്ടടിച്ചാൽ അടുത്ത നിമിഷം തിരിച്ചടിക്കുന്ന അതിശക്തമായ പ്രതിരോധ സേനയുണ്ട്. കഴിഞ്ഞ ദശാബ്ദങ്ങളെ അപേക്ഷിച്ച് അഴിമതിയുടെ തോത് കുറയുകയും സാമ്പത്തിക ഭദ്രതയിൽ ഏറെ മുന്നേറുകയും ചെയ്യുന്നു. ഇതിലൊക്കെ ഉപരിയായി ആരുടെയും കുത്തിത്തിരിപ്പിലും വികല പ്രചാരണങ്ങളിലും വീണുപോകാത്ത ജനാധിപത്യ ബോധമുള്ള ജനങ്ങൾ നമ്മുടെ ഗ്രാമങ്ങളിലുണ്ട്. അതിനാൽ അയൽപക്കത്ത് സമാധാനം പുലരുന്നതിന് നാം വേണ്ടതൊക്കെ ചെയ്യണമെന്നല്ലാതെ,​ അതുകണ്ട് ഭയക്കേണ്ട കാര്യമൊന്നുമില്ല.