തങ്കം പോലെ

Friday 12 September 2025 3:15 AM IST

ഇഷ്ടക്കേടുകളോട് അനിഷ്ടം കാട്ടാത്തതായിരുന്നു പി.പി. തങ്കച്ചന്റെ പ്രത്യേകത. രാഷ്ട്രീയത്തിലായാലും ഭക്ഷണ കാര്യത്തിലായാലും അത് അങ്ങനെതന്നെ. എക്കാലത്തും ലീഡർ കെ. കരുണാകരനൊപ്പം ഉണ്ടായിരുന്ന അദ്ദേഹം, ലീഡർ പാർട്ടി വിട്ടപ്പോൾ മുഖംതിരിച്ചു. പാർട്ടിയിൽ അദ്ദേഹം തിരികെയെത്തിയപ്പോൾ ആദ്യം ഓടിയെത്തിയതും തങ്കച്ചൻ. സൗമ്യനെങ്കിലും നിലപാടുകളിൽ കാർക്കശ്യം പുലർത്തിയിരുന്ന പി.പി. തങ്കച്ചന് ഒരു വിശേഷണമുണ്ടായിരുന്നു - 'തങ്കം പോലൊരു തങ്കച്ചൻ." അടുപ്പമുള്ളവർക്കെല്ലാം അദ്ദേഹം പത്തരമാറ്റ് തങ്കമായിരുന്നു. ഭക്ഷണം എന്തായാലും ആസ്വദിച്ചു കഴിക്കുന്ന അദ്ദേഹം ചില ഇഷ്ടങ്ങൾക്കായി പ്രിയപ്പെട്ടവർക്കരികിൽ ഇടയ്ക്കിടെ എത്തുമായിരുന്നു. മുൻമന്ത്രിയും കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധിയുമായ പ്രൊഫ. കെ.വി. തോമസ് അതേറ്റവും കൂടുതലറിഞ്ഞ കൂട്ടുകാരനാണ്. കെ.വി. തോമസ് കോൺഗ്രസ് വിട്ടപ്പോൾ സകല കോൺഗ്രസുകാരും കലഹിച്ചു; തങ്കച്ചൻ പരിഭവിച്ചു, കരഞ്ഞു. പാർട്ടി കാണിച്ചത് നീതികേടാണെന്ന് ഒടുവിൽ പറയുകയും ചെയ്തു. ലീഡർക്കൊപ്പം ഉണ്ടാകില്ലേയെന്ന് അടുപ്പക്കാരിൽ ചിലർ ചോദിച്ചപ്പോൾ എന്നുമുണ്ടാകും; കോൺഗ്രസുകാരനായി എന്നായിരുന്നു മറുപടി. നാട്ടുകാരോടും നാടൻ ഭക്ഷണത്തോടുമുള്ള ഇഷ്ടത്തിൽ പിശുക്ക് കാട്ടിയിരുന്നില്ല. പെരുമ്പാവൂരുകാരനാണെന്ന് പറഞ്ഞാൽ ഔപചാരികതകളില്ലാതെ സ്വീകരിക്കും. എവിടെപ്പോയാലും നാടൻഭക്ഷണം എവിടെ കിട്ടുമെന്ന് അടുപ്പക്കാരോട് ചോദിക്കും. കുമ്പളങ്ങിയിൽ വരുമ്പോൾ കരിമീൻ പൊള്ളിച്ചതും കുടമ്പുളിയിട്ട് ഉലർത്തിയ ചെമ്മീനും നിർബന്ധമായിരുന്നു. കരിമീൻ പാലുകറിയായിരുന്നു മറ്റൊരു ഇഷ്ടവിഭവം. വളരെക്കുറച്ച് കഴിക്കുകയും കൂടെയുള്ളവരെ കഴിപ്പിക്കുന്നതുമായിരുന്നു ശീലം. ഐ ഗ്രൂപ്പിൽ ഉറച്ചുനിന്നപ്പോഴും എല്ലാ ഗ്രൂപ്പുകൾക്കും പ്രതിപക്ഷത്തിനും സ്വീകാര്യനായിരുന്നു. നിയമസഭയിൽ ഒട്ടും ബുദ്ധിമുട്ട് അനുഭവിക്കാതിരുന്ന സ്പീക്കറായിരുന്നു അദ്ദേഹം. വ്യക്തവും സുതാര്യവുമായിരുന്നു നിലപാടുകൾ. ഒരിക്കൽപ്പോലും ചെയറിൽനിന്ന് എഴുന്നേൽക്കേണ്ടി വന്നിട്ടില്ല. കൃഷിമന്ത്രി ആയിരിക്കെ കർഷകർക്കായി സൗജന്യവൈദ്യുതി ഏർപ്പെടുത്തിയത് പ്രതിപക്ഷത്തിന്റെയും കൈയടി നേടി. കൃഷിവകുപ്പിന്റെ ധനാഭ്യർത്ഥന ഐകകണ്‌ഠ്യേനയാണ് പാസായത്. വർഷങ്ങളോളം യു.ഡി.എഫ് കൺവീനർ ആയിരുന്നപ്പോഴും അസ്വാരസ്യങ്ങൾ ഉയർന്നിരുന്നില്ല. ഏതു പ്രശ്‌നത്തിനും അതിവേഗം ഉത്തരം കണ്ടെത്തി. പറഞ്ഞാൽ തീരാത്ത ഒരു പ്രശ്‌നവും ഇല്ലെന്നായിരുന്നു ഇതുസംബന്ധിച്ച മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിനുള്ള മറുപടി. ഒരിക്കൽപ്പോലും അഴിമതി ആരോപണം ഉയർന്നില്ലെന്നതും തങ്കച്ചനെ വ്യത്യസ്തനാക്കുന്നു. ഗ്രൂപ്പിന്റെ പേരിൽ തഴയപ്പെട്ടപ്പോഴൊക്കെ പ്രതികരിക്കാതിരിക്കാൻ ശ്രദ്ധിച്ചു. പെരുമ്പാവൂരിൽ മുൻമന്ത്രി ടി.എച്ച്. മുസ്തഫയുടെ വീട്ടിൽവച്ചാണ് അദ്ദേഹത്തെ ആദ്യം പരിചയപ്പെട്ടതെന്ന് പ്രൊഫ. കെ.വി. തോമസ് ഓർമ്മിക്കുന്നു. മുസ്തഫ അന്ന് ഡി.സി.സി പ്രസിഡന്റാണ്; തങ്കച്ചൻ പെരുമ്പാവൂർ മുനിസിപ്പൽ ചെയർമാനും. അന്നേ നാട്ടുകാർ പറയുമായിരുന്നു,​ തങ്കംപോലൊരു മനുഷ്യനാണെന്ന്. ആര്യാടൻ, വക്കം പുരുഷോത്തമൻ, എം.എം. ജേക്കബ് തുടങ്ങിയവരായിരുന്നു അടുത്ത സുഹൃത്തുക്കൾ. പല മുഖങ്ങളില്ലാത്ത നേതാവായിരുന്നെങ്കിലും ശത്രുത പുലർത്തിയിരുന്ന പലരും പാർട്ടിയിൽ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജനവേളയിലും ചില ആരോപണങ്ങൾ ഉയർന്നപ്പോഴും അവർ തനിനിറം കാട്ടി. പക്ഷേ ഒരിക്കൽപ്പോലും തങ്കച്ഛൻ പ്രതികരിച്ചില്ല. അവസാനകാലത്ത് ചുമതലകളിൽനിന്ന് മാറിനിന്നപ്പോഴും പാർട്ടിക്കെതിരെയോ ഏതെങ്കിലും നേതാവിനെതിരെയോ ഒരു വിമർശനവും നടത്തിയില്ല. അക്കാര്യത്തിൽ രാഷ്ട്രീയത്തിലെ ഒറ്റയാനായിരുന്നു തങ്കച്ചൻ.