ചട്ടമ്പിസ്വാമി ജയന്തി , കാലത്തിനു മുമ്പേ നടന്ന അവധൂതൻ 

Friday 12 September 2025 4:10 AM IST

അനാചാരങ്ങളുടെ ഇരുട്ടിൽ മുങ്ങിക്കിടന്ന കേരളീയ സമൂഹത്തിന് വെളിച്ചം പകർന്ന് അതിലൂടെ സാമൂഹിക മുന്നേറ്റത്തിന് നേതൃത്വം നൽകിയ മഹാരഥന്മാരിൽ പ്രമുഖനാണ് വിദ്യാധിരാജ ശ്രീ ചട്ടമ്പിസ്വാമികൾ. സന്യാസി ശ്രേഷ്ഠൻ, സാമൂഹ്യ പരിഷ്‌കർത്താവ്, നവോത്ഥാന നായകൻ, വിദ്യാധിരാജൻ എന്നീ നിലകളിലെല്ലാം അറിയപ്പെടുന്ന ചട്ടമ്പിസ്വാമികൾ കാലത്തിനും മുമ്പേ സഞ്ചരിച്ച അവധൂതനാണ്. കേരളത്തിന്റെ ദാർശനിക പാരമ്പര്യത്തിൽ ജ്വലിച്ചുയർന്ന നക്ഷത്രമാണ് ചട്ടമ്പി സ്വാമികൾ.

തിരുവനന്തപുരം കണ്ണമ്മൂലയിൽ കൊല്ലൂരിലെ ഉള്ളൂർക്കോട് കുടുംബത്തിൽ 1853-ൽ ചിങ്ങമാസത്തിലെ ഭരണി നാളിലാണ് സ്വാമികളുടെ ജനനം. പിതാവ് വാസുദേവ ശർമ്മയും മാതാവ് തിരുന്നങ്കയും. അയ്യപ്പൻ എന്ന് നാമകരണം ചെയ്യപ്പെട്ട കുട്ടിയെ വിളിച്ചിരുന്നത് കുഞ്ഞൻ പിള്ള എന്നായിരുന്നു. ദാരിദ്യത്തിന്റെയും ഏകാന്തതയുടെയും നടുവിലൂടെയാണ് കുഞ്ഞന്റെ ബാല്യം കടന്നുപോയത്. ആഹാരത്തിന് ബുദ്ധിമുട്ടിയ കുഞ്ഞന് പ്രാഥമിക വിദ്യാഭ്യാസവും മരീചികയായിരുന്നു. അയൽപക്കത്തെ കുട്ടികളുടെ പുസ്തകങ്ങൾ കടം വാങ്ങിയാണ് കുഞ്ഞൻ മലയാളവും തമിഴും കുറെയൊക്കെ പഠിച്ചത്.

കൊല്ലൂർ മഠം എന്ന ബ്രാഹ്മണ ഗൃഹത്തിലെ കുട്ടികളെ ഒരു അദ്ധ്യാപകൻ സംസ്‌കൃതം പഠിപ്പിച്ചിരുന്നു. ക്ലാസ് മുറിക്കു പുറത്ത് മറഞ്ഞുനിന്ന് പാഠങ്ങൾ കേട്ടു പഠിച്ച കുഞ്ഞനെ ഒരു ദിവസം അദ്ധ്യാപകൻ പിടികൂടി. കുഞ്ഞൻ ആർജ്ജിച്ച കാര്യങ്ങൾ ചോദിച്ചറിഞ്ഞ അദ്ദേഹം അതിശയിച്ചു. ക്ലാസിലിരുന്ന് പഠിക്കാൻ അനുവാദം കൊടുക്കുകയും ചെയ്തു. പ്രസിദ്ധനായ പേട്ടയിൽ രാമൻ പിള്ള ആശാന്റെ കീഴിലായിരുന്നു തുടർപഠനം. ഈ പഠനകാലത്താണ് കുഞ്ഞന് 'ചട്ടമ്പി" എന്ന പേര് ലഭിക്കുന്നത്. തിരക്കുള്ള രാമൻ പിള്ളയാശാൻ തന്നെ സഹായിക്കാൻ നിയോഗിച്ചത് കുഞ്ഞനെയാണ്. പഠിതാക്കളുടെ കാര്യങ്ങൾ ശ്രദ്ധിച്ച് ആവശ്യമായ ഇടപെടൽ നടത്താൻ അധികാരമുള്ള 'ചട്ടമ്പി" (ഇപ്പോഴത്തെ ക്ളാസ് ലീഡർ)​ ആയിരുന്നു കുഞ്ഞൻ.

രാമൻപിള്ള ആശാന്റെ ഗുരുകുലത്തിലെ വിദ്യാഭ്യാസ കാലത്ത് വേദാന്തം, സംഗീതം, കണക്ക്, സംസ്‌കൃതം, വ്യാകരണം, കാവ്യം, വൈദ്യശാസ്ത്രം, തർക്കശാസ്ത്രം, ജ്യോതിഷം, കായികാഭ്യാസം ഇവയിലെല്ലാം കുഞ്ഞൻപിള്ള ചട്ടമ്പി നൈപുണ്യം നേടി. ഇരുപത്തിനാലാം വയസിൽ ദേശാടനത്തിനിറങ്ങിയ കുഞ്ഞൻ ദക്ഷിണേന്ത്യ മുഴുവൻ ചുറ്റിസഞ്ചരിച്ച് നിരവധി സന്യാസി ശ്രേഷ്ഠന്മാരെ പരിചയപ്പെട്ടു. ഹൈന്ദവ ദർശനങ്ങളിലെന്ന പോലെ ക്രൈസ്തവ, ഇസ്ലാം മതങ്ങളിലെ തത്ത്വസംഹിതകളിലും പാണ്ഡിത്യം നേടി. ജീവിതത്തിന്റെ സമസ്ത മേഖലകളിലും കഠിനമായ ജാതിവിവേചനം നിലനിന്നിരുന്ന അക്കാലത്ത് താഴ്ന്ന ജാതിക്കാരുടെ ഭവനങ്ങളിൽ പോയി കുഞ്ഞൻപിള്ള ആഹാരം കഴിക്കുമായിരുന്നു. ഇത് സവർണ മേധാവികളെ രോഷം കൊള്ളിച്ചു. താൻ ഏറ്റെടുത്ത സാമൂഹിക പരിവർത്തനത്തിനുള്ള അംഗീകാരമായാണ് കുഞ്ഞൻപിള്ള ഇതിനെ കണ്ടത്.

കേരളീയ സമൂഹത്തിന്റെ ഗതിവിഗതികളെ മാറ്റിമറിച്ച സംഭവമുണ്ടായത്,​ തിരുവനന്തപുരത്തിനടുത്ത് വാമനപുരത്ത് താമസിക്കുമ്പോൾ ശ്രീ നാരായണ ഗുരുദേവനുമായി കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടായതോടെയാണ്. ചെമ്പഴന്തിക്കടുത്ത് അണിയൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ആ കൂടിക്കാഴ്ച. അവർ നിരന്തരം ആശയവിനിമയം നടത്തി. ഇരുവരും ചേർന്ന് തെക്കൻ പ്രദേശത്തേക്ക് യാത്ര പോയി. സിദ്ധന്മാരെ അന്വേഷിച്ച് ഏറെ സഞ്ചരിച്ചു. മടക്കയാത്രയിൽ അരുവിപ്പുറത്തെത്തി,​ കുറച്ചു ദിവസം അവിടെ തങ്ങി.

ഗുരുദേവനുമായുണ്ടായിരുന്ന ചട്ടമ്പി സ്വാമികളുടെ ഗാഢബന്ധം അന്നത്തെ സാമൂഹ്യ വ്യവസ്ഥിതികളെ മാറ്റി മറിച്ച നവോത്ഥാന പ്രക്രിയക്ക് ഊർജ്ജം പകർന്നു. ഹൈന്ദവരുടെ സാമൂഹികവും മതപരവുമായ പുനരുത്ഥാനത്തിന് ഒത്തൊരുമിച്ചു പ്രവർത്തിച്ചു,​ ഗുരുദേവനും സ്വാമികളും. അവർ ഇരുവരും ചേർന്നു നടത്തിയ പോരാട്ടമാണ് കേരളത്തിലെ നവോത്ഥാന പ്രക്രിയയിലെ സുവർണ കാലഘട്ടം. സർവാദരണീയനായ സന്യാസിവര്യനായി ഇതിനോടകം അറിയപ്പെട്ടു കഴിഞ്ഞിരുന്നു,​ ചട്ടമ്പിസ്വാമികൾ.

സ്വാമി വിവേകാനന്ദനുമായി ചട്ടമ്പി സ്വാമി നടത്തിയ കൂടിക്കാഴ്ച പ്രസിദ്ധമാണ്. ദക്ഷിണേന്ത്യൻ പര്യടനത്തിന്റെ ഭാഗമായി 1892-ലാണ് വിവേകാനന്ദ സ്വാമികൾ കൊച്ചിയിലെത്തിയത്. ശിഷ്യരുടെ അഭ്യർത്ഥനപ്രകാരം സ്വാമികൾ വിവേകാനന്ദനുമായി സംവാദത്തിൽ ഏർപ്പെട്ടു. ചിന്മുദ്രയെക്കുറിച്ച് അറിഞ്ഞാൽ കൊള്ളാമെന്ന വിവേകാനന്ദ സ്വാമികളുടെ അഭ്യർത്ഥന സ്വാമികൾ നിറവേറ്റികൊടുത്തു. ഇത്രയും തൃപ്തികരമായ വ്യാഖ്യാനം തനിക്ക് ആരിൽ നിന്നും ലഭിച്ചിട്ടില്ലെന്നാണ് വിവേകാനന്ദസ്വാമികൾ സന്തോഷപൂർവം രേഖപ്പെടുത്തിയത്.

പത്തൊമ്പതാം നൂറ്റാണ്ടിൽ കേരളത്തിൽ നിലനിന്നിരുന്ന സാമൂഹിക പരിസ്ഥിതി അതിദയനീയമായിരുന്നു. ഹൈന്ദവ സാമൂഹിക ഘടനയിൽ സാതന്ത്ര്യം, സമത്വം, സാഹോദര്യം ഇവയ്‌ക്കൊന്നും സ്ഥാനമുണ്ടായിരുന്നില്ല. ജാതിയിൽ താഴ്ന്നവർക്ക് ആനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ടിരുന്നു. കാലങ്ങളായി സാമൂഹികവും മതപരവുമായ അനീതികളാൽ ഇവർ വീർപ്പുമുട്ടി കഴിഞ്ഞിരുന്ന കാലഘട്ടത്തിലായിരുന്നു ചട്ടമ്പി സ്വാമികളുടെ സാമൂഹ്യ പരിഷ്‌കരണ പ്രവർത്തനങ്ങൾ . അനാചാരങ്ങൾക്കെതിരെ ശബ്ദമുയർത്തിയ സ്വാമികൾ സ്ത്രീ- പുരുഷ സമത്വത്തിനു വേണ്ടി വാദിച്ചു. മതം, ദർശനം, ചരിത്രം എന്നീ വിഷയങ്ങളിൽ സ്വാമികൾ രചിച്ച കൃതികളും അദ്ദേഹം നടത്തിയ വേദാന്ത ചർച്ചകളും മനുഷ്യമഹത്വം, സാമൂഹിക സമത്വം, മാനവ സാഹോദര്യം എന്നിവ വിളിച്ചോതുന്നവയാണ്. ശ്രീ ശങ്കരന്റെ അദ്വൈത വേദാന്തത്തെ സ്വാമികൾ പൂർണമായും ആരാധിച്ചിരുന്നു. ആർഷ ഭാരതത്തിന്റെ മഹിമ കണ്ടറിഞ്ഞ നവോത്ഥാന നായകനായ ആ സന്യാസി ശ്രേഷ്ഠൻ 1924 മേയ് അഞ്ചിന് പന്മനയിൽ സമാധിയായി.

(സ്റ്റാറ്റിസ്റ്റിക്സ് പ്രൊഫസറായ ലേഖകൻ തന്ത്രി കുടുംബാംഗവും ചട്ടമ്പിസ്വാമി സാംസ്കാരിക സമിതി വൈസ് പ്രസിഡന്റുമാണ്)