നടാലിലെ ഗതാഗത പ്രതിസന്ധി തീർക്കാൻ നിർദ്ദേശം ബസ് കടന്നുപോകാൻ അണ്ടർപാസ് മുഖ്യമന്ത്രി

Thursday 11 September 2025 9:04 PM IST

കണ്ണൂർ: കടന്നുപോകാൻ സാധിക്കാത്തതിനെ തുടർന്ന് സ്വകാര്യബസുകൾ സമരം പ്രഖ്യാപിച്ചതടക്കമുള്ള പ്രതിഷേധങ്ങൾ കണ്ട കണ്ണൂർ നടാലിൽ അണ്ടർപാസ് ഒരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശം.ഇന്നലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട റിവ്യു യോഗത്തിലാണ് നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള ഗതാഗത തടസങ്ങൾ അടിയന്തിരമായി പരിഹരിക്കാൻ ദേശീയപാത അതോറിറ്റിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്.

നടാലിൽ ബസുകൾക്ക് യാത്ര തുടരാനാവാതെ ചാല വരെയും തിരിഞ്ഞ് വരേണ്ടിവരുന്നത് യാത്രക്കാർക്കും ബസുകൾക്കും ഗുരുതര ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ടെന്ന് യോഗത്തിൽ ചൂണ്ടിക്കാട്ടി. നാട്ടുകാരുടെ പ്രതിഷേധം പ്രത്യേകം പരിഗണിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, വ്യവസായമന്ത്രി പി. രാജീവ്, വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി, ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്, സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ തുടങ്ങി മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു.

പ്രവൃത്തി വേഗത്തിലാക്കണം സാങ്കേതിക കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ ദേശീയപാതാ പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും മെല്ലെപ്പോക്ക് നടത്തുന്ന കരാറുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു.വടകര, തുറവൂർ, തിരുവനന്തപുരം തുടങ്ങി ചില സ്ഥലങ്ങളിൽ പ്രവൃത്തി മന്ദഗതിയിലാണ്. ഇത്തരം തടസ്സങ്ങൾ ഒഴിവാക്കാൻ ജില്ലാകളക്ടരും പൊലീസ് മേധാവികളും മുൻകൈയെടുക്കണമെന്ന് നിർദ്ദേശം നൽകി.

ദേശീയപാത വികസന പ്രവൃത്തി 642 കിലോമീറ്റർ

480 കി.മി ഡിസംബറിൽ പൂർത്തിയാകും.

560 കി.മി 2026 മാർച്ചിൽ

കാസർകോട് 70 കി.മി

കണ്ണൂരിൽ 48

ദേശീയപാത ഇതിനകം കാസർകോട് ജില്ലയിൽ 70 കിലോമീറ്ററും കണ്ണൂരിൽ 48 കിലോമീറ്ററും പൂർത്തിയായി. കോഴിക്കോട് 55 കിലോമീറ്റർ, മലപ്പുറം 76 കിലോമീറ്റർ, തൃശ്ശൂർ 42 കിലോമീറ്റർ എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ നിർമ്മാണ പുരോഗതി.