ഛത്തിസ്ഗഢിൽ വൻ മാവോയിസ്റ്റ് വേട്ട; മോദം ബാലകൃഷ്ണ ഉൾപ്പെടെ പത്ത് പേരെ സുരക്ഷാ സേന വധിച്ചു

Thursday 11 September 2025 9:32 PM IST

റാഞ്ചി: തലയ്ക്ക് ഒരു കോടി വിലയിട്ടിരുന്ന മോദം ബാലകൃഷ്ണ (മനോജ്) ഉൾപ്പെടെ 10 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ഛത്തീസ്ഗഢിലെ ഗരായബന്ദ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് സേന പത്ത് മാവോയിസ്റ്റുകളെ വധിച്ചത്. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. മെയ്ൻപുർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വന പ്രദേശത്ത് നടത്തിയ മാവോയിസ്റ്റ് വേട്ടയ്ക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്. സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സ്, കോബ്ര, മറ്റ് പൊലീസ് സേനകൾ സംയുക്തമായാണ് മാവോയിസ്റ്റുകൾക്കെതിരെ ഏറ്റുമുട്ടുന്നത്.

അതിനിടെ നാരായൺപുർ ജില്ലയിൽ 16 മാവോയിസ്റ്റുകൾ ആയുധം വച്ച് കീഴടങ്ങിയിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി മാവോയിസ്റ്റുകൾക്കെതിരെ സംസ്ഥാനത്ത് വലിയ തോതിലുള്ള ഓപ്പറേഷനുകളാണ് സേന നടത്തുന്നത്.