വഴി തടസപ്പെടുത്തിയതിനെതിരെ എഴുപതുകാരിയുടെ ഒറ്റയാൾ സമരം
കണ്ണൂർ: വീട്ടിലേക്കുള്ള വഴി അയൽവാസികൾ തടസപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കളക്ടറേറ്റിനുമുന്നിൽ എഴുപതുകാരിയായ വിധവയുടെ ഒറ്റയാൾ സമരം. പായം പഞ്ചായത്തിലെ കിളിയന്തറ മൂന്നാം വാർഡിൽ താമസിക്കുന്ന അച്ചാമ്മ ആന്റണിയാണ് പ്ലക്കാർഡുമായി കണ്ണൂർ കളക്ടറേറ്റ് ഗേറ്റിനുമുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. മൂന്നു സെന്റ് സ്ഥലത്തെ ചെറിയ വീട്ടിലേക്ക് നടന്നുപോകാനുള്ള ഏകവഴി അയൽവാസികളായ മൂന്നുപേർ ചേർന്ന് രണ്ടടി ഉയരത്തിൽ ഉയർത്തി അടച്ചിട്ടതായാണ് ആരോപണം.റോഡ് തരാമെന്ന് പറഞ്ഞ് പണം കൈപ്പറ്റിയ ശേഷമാണിതെന്നും അച്ചാമ്മ പറയുന്നു.
വിഷയത്തിൽ പായം പഞ്ചായത്ത് പ്രസിഡന്റിന് ഒന്നിലധികം തവണ പരാതി കൊടുത്തതായും അച്ചാമ്മ പറഞ്ഞു. കഴിഞ്ഞ മാസം എട്ടിന് ജില്ലാ കളക്ടർക്കും പരാതി നൽകി. കേരള വിധവ സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് പി.ജെ ലില്ലിക്കുട്ടി, പായം പഞ്ചായത്ത് യുണിറ്റ് സെക്രട്ടറി മിനി വർഗീസ് എന്നിവരും സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു. പരാതി ബന്ധപ്പെട്ട സെക്ഷനിലേക്ക് അയച്ചിട്ടുണ്ടെന്നാണ് കളക്ടറേറ്റിൽ നിന്നുള്ള വിശദീകരണം. വിഷയത്തിൽ ഇരുവിഭാഗത്തെയും വിളിച്ച് ചർച്ച നടത്തിയതായി പായം പഞ്ചായത്ത് പ്രസിഡന്റ് പി.രജനി പറഞ്ഞു.