പള്ളിയുടെ ബോർഡ് നശിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ
മാന്നാർ: കുട്ടമ്പേരൂർ സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ചിന്റെ (മുട്ടേൽപള്ളി) മുന്നിൽ സ്ഥാപിച്ച നെയിം ബോർഡ് നശിപ്പിക്കാൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. മാന്നാർ വിഷവർശ്ശേരിക്കര പാലപ്പറമ്പിൽ അർജുൻ കുമാറി (20) നെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. മാന്നാർ പുലിയൂർ റോഡരികിൽ മുട്ടേൽ ജംഗ്ഷനിൽ സ്ഥിതിചെയ്യുന്ന ചെങ്ങന്നൂർ ഭദ്രാസനത്തിന്റെ കീഴിലുള്ള കുട്ടമ്പേരൂർ ഓർത്തഡോക്സ് ചർച്ചിന്റെ മതിൽക്കെട്ടിനുള്ളിൽ സ്ഥാപിച്ച ഡിസ്‌പ്ളേ ബോർഡാണ് ചൊവ്വാഴ്ച പുലർച്ചെ കമ്പി കുത്തിക്കയറ്റി നശിപ്പിക്കാൻ ശ്രമിച്ചത്.
പുലർച്ചെ മൂന്നു മണിയോടെ സ്കൂട്ടറിൽ എത്തിയ ഒരാൾ പള്ളിയുടെ മുന്നിൽ നിന്ന് കമ്പി ഉപയോഗിച്ച് ബോർഡ് നശിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യം സഹിതം സെന്റ്മേരീസ് ഓർത്തഡോക്സ് ചർച്ച് ഇടവക ഭരണസമിതിക്ക് വേണ്ടി ട്രസ്റ്റി സാമുവൽ സണ്ണി മാന്നാർ പൊലീസിൽ പരാതി നൽകിയിരുന്നു. മാന്നാർ സി.ഐ ഡി.രജീഷ് കുമാറിന്റെ നേതൃത്വത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.