പി.പി. തങ്കച്ചന് യാത്രാമൊഴി, സൗഹൃദങ്ങളുടെ ആൾരൂപം

Friday 12 September 2025 3:58 AM IST

വിദ്യാർത്ഥി രാഷ്ട്രീയം മുതൽ എനിക്ക് അടുപ്പമുണ്ടായിരുന്ന സുഹൃത്തുക്കളിൽ ഓരോരുത്തരായി വിടപറയുകയാണ്. അതിൽ ഒടുവിലുണ്ടായ വേർപാടാണ് പി.പി. തങ്കച്ചന്റേത്. ഞാൻ മഹാരാജാസ് കോളേജ് വിദ്യാർത്ഥിയായിരുന്ന കാലത്ത് കെ.എസ്.യു പ്രസ്ഥാനം ആരംഭിച്ചതിനു ശേഷം പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ എന്നീ സ്ഥലങ്ങൾ ഉൾപ്പെട്ട എറണാകുളത്തിന്റെ കിഴക്കൻ മേഖലയിൽ പ്രവർത്തിച്ചിരുന്ന ചെറുപ്പക്കാരാണ് ടി.എച്ച്. മുസ്തഫയും പി.പി തങ്കച്ചനും.

എറണാകുളം ജില്ലയിൽ യൂത്ത് കോൺഗ്രസ് പ്രസ്ഥാനത്തിന് അടിത്തറ പാകുന്നതിൽ ആദ്യകാലത്ത് ഏറ്രവും വലിയ പങ്കുവഹിച്ചത് ടി.എച്ച്. മുസ്തഫയാണ്. അദ്ദേഹത്തിന്റെ വലംകൈ ആയിരുന്നു തങ്കച്ചൻ. പിന്നീട് ഞാൻ കണ്ടത് കിഴക്കൻ മേഖലയിലൊട്ടാകെ ടി.എച്ച്. മുസ്തഫ, പി.പി. തങ്കച്ചൻ, കെ.ജി.ആർ. കർത്താ എന്നീ ത്രിമൂർത്തികളുടെ പ്രവർത്തനമായിരുന്നു. പിന്നീട് മൂന്നുപേരും മന്ത്രിമാരായി. തങ്കച്ചൻ പിന്നീട് ജില്ലാ കമ്മിറ്റി പ്രസിഡന്റായി. ആ കാലഘട്ടം മുഴുവൻ അദ്ദേഹം കെ. കരുണാകരനുമായാണ് ഏറ്റവുമധികം അടുത്തിരുന്നത്. എങ്കിലും ഞങ്ങൾ ഉറ്റസുഹൃത്തുക്കളായിരുന്നു.

മൂന്നാഴ്ച മുമ്പും ഞങ്ങൾ ഫോണിൽ സംസാരിച്ചിരുന്നു. ആശുപത്രിയിൽ പോകുന്നതിനു മുമ്പ്. കഴിഞ്ഞ 65 വർഷമായി,​ മാസത്തിൽ ഒരിക്കലെങ്കിലും ഞങ്ങൾ തമ്മിൽ സംസാരിക്കുമായിരുന്നു. ഞാൻ രണ്ടാമത് മുഖ്യമന്ത്രിയായപ്പോൾ തങ്കച്ചനും മന്ത്രിസഭയിലുണ്ടായിരുന്നു. പാർട്ടിക്കുള്ളിൽ സംഘർഷവും രൂക്ഷമായ അഭിപ്രായവ്യത്യാസവും നിലനിന്നിരുന്ന കാലഘട്ടമായിരുന്നു അത്. കോൺഗ്രസിനകത്ത് ഗ്രൂപ്പ് രാഷ്ട്രീയം കത്തിപ്പടർന്നിരുന്ന സമയം. എന്നാൽ അതിന്റെ അലയൊലികളൊന്നും മന്ത്രിസഭയ്ക്കകത്ത് ഉണ്ടായിട്ടില്ല. അതിനു കാരണക്കാരൻ പി.പി.തങ്കച്ചനാണ്.

.

പി.പി.തങ്കച്ചൻ എപ്പോഴും അനുരഞ്ജനത്തിന്റെ ആളായിരുന്നു. എരിതീയിൽ എണ്ണയൊഴിക്കുന്ന ആളല്ല; അകന്നുനിൽക്കുന്നവരെ അടുപ്പിക്കാൻ ശ്രമിക്കുന്ന ആളാണ്. തങ്കച്ചനെ പോലെയുള്ള സുഹൃത്തുക്കൾ പലരും കേരളത്തിലുണ്ടായിരുന്നതുകൊണ്ടാണ് രണ്ടാം മന്ത്രിസഭ സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ എനിക്കു സാധിച്ചത്. അതാണ് തങ്കച്ചന്റെ പ്രത്യേകത. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി സുഹൃദ് ബന്ധമായിരുന്നു. രാഷ്ട്രീയത്തിലാണെങ്കിലും സമുദായത്തിലാണെങ്കിലും ശക്തമായ നിലപാടെടുക്കുമെങ്കിലും വ്യക്തിജീവിതത്തിൽ കക്ഷി, രാഷ്ട്രീയ, ജാതി, മത വ്യത്യാസമില്ലാതെ അതിവിശാലമായ സൗഹൃദ കൂട്ടായ്മ അദ്ദേഹത്തിനുണ്ടായിരുന്നു.

ഐക്യ ജനാധിപത്യ മുന്നണി രൂപീകരിച്ചതിന് ശേഷം ശങ്കരനാരായണൻ, ഉമ്മൻചാണ്ടി, പി.പി.തങ്കച്ചൻ എന്നിവരാണ് അധിക കാലം കൺവീനർമാരായിരുന്നത്. അന്ന് പാർട്ടിക്കുള്ളിലും യു.ഡി.എഫിലും പൊട്ടിത്തെറികളുടെ കാലമായിരുന്നു. എന്നാൽ, തങ്കച്ചന്റെ ഇടപെടലുകൾകൊണ്ട് സംഘർഷം തണുപ്പിക്കാൻ കഴിയുമായിരുന്നു. തീ ആളിക്കത്തിക്കാൻ അനുവദിക്കാതെ തണുപ്പിക്കുന്നതിൽ തങ്കച്ചന്റെ പല ഇടപെടലുകളും വളരെയധികം സഹായിച്ചിട്ടുണ്ട്. അതിനുള്ള തങ്കച്ചന്റെ സിദ്ധിയും പ്രകൃതവും എടുത്തുപറയേണ്ടതു തന്നെയാണ്.

എറണാകുളത്തു ചെന്നാൽ ഞാൻ ഏറ്റവുമധികം കണ്ടിരുന്നതും തങ്കച്ചനെയായിരുന്നു. അന്ന് മുതൽ തങ്കച്ചനുണ്ടായിരുന്ന പ്രത്യേകത എന്താണെന്നു ചോദിച്ചാൽ, വൈകുന്നേരങ്ങളിൽ അദ്ദേഹത്തിന് വീടിനു പുറത്തിറങ്ങി നാട്ടുകാരുമായി ഒരു സമ്പർക്കവും കൂടിക്കാഴ്ചയും ഒക്കെയുണ്ട്. എപ്പോഴും മുന്നൂറോളം ആളുണ്ടാകും. അതിൽ ബംഗാളികളും ബീഹാറികളുമൊക്കെയുണ്ടാകും. അതൊരു ജനസദസായി മാറും. അത്തരമൊരു പ്രത്യേകത മറ്റൊരാളിലും ഞാൻ കണ്ടിട്ടില്ല. ഏറെ അവശനായ കാലഘട്ടത്തിലും അത് തുടർന്നിരുന്നു.

നെടുമ്പാശേരി വിമാനത്താവളം യാഥാർത്ഥ്യമായതിൽ പി.പി. തങ്കച്ചന്റെ വലിയ പങ്ക് പറയാതിരിക്കാനാവില്ല. നെടുമ്പാശേരി വിമാനത്താവളം ഉണ്ടായത് ഒരു അതിശയമാണ്. കെ. കരുണാകരന്റെ ഒരു മനഃശക്തിയാണ് അത് യാഥാർത്ഥ്യമാകാൻ കാരണം. ഗുലാംനബി ആസാദിന്റെ പിന്തുണയുമുണ്ടായിരുന്നു. പി.പി.പി മോഡൽ ആദ്യമായി യാഥാർത്ഥ്യമാക്കിയതും നെടുമ്പാശേരിയിലായിരുന്നു. പദ്ധതിക്കെതിരേ വ്യാപക വിമർശനമുയർന്നു. എന്നാൽ, കരുണാകരന്റെ ഒപ്പം ശക്തമായ പിന്തുണയുമായി നിന്നത് തങ്കച്ചനും ടി.എം.ജേക്കബുമായിരുന്നു. പദ്ധതിക്കുള്ള പണം സ്വരൂപിക്കൽ, ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കൽ തുടങ്ങി എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കിയത് തങ്കച്ചന്റെയും ടി.എം.ജേക്കബിന്റെയും നയചാതുര്യതയോടെയുള്ള ഇടപടലുകളിലാണ്.

ഏത് കുരുക്കഴിക്കാനും അദ്ദേഹം മിടുക്കനായിരുന്നു. അതേസമയം,​ നിലപാടുകൾ പറയാൻ ഒട്ടും മടി കാണിച്ചിരുന്നതുമില്ല. സ്പീക്കറായിരുന്ന കാലത്ത് കടുത്ത തീരുമാനങ്ങളെടുക്കേണ്ട സമയത്ത് അതെടുക്കുകയും അല്ലാത്തപ്പോൾ എല്ലാവരോടും ഒരുപോലെ പെരുമാറുകയും ചെയ്തത് തങ്കച്ചന്റെ പ്രത്യേകതയായിരുന്നു. 65 വർഷത്തെ ഇടമുറിയാത്ത ബന്ധമാണ് ഞങ്ങൾ തമ്മിലുള്ളത്. ഗ്രൂപ്പ് രാഷ്ട്രീയം അതിന്റെ ക്ലൈമാക്സിൽ എത്തിനിന്നിരുന്നപ്പോഴും അതിലൊരു വിള്ളൽ ഉണ്ടായിട്ടില്ല. ഇപ്പോഴത്തെ രാഷ്ട്രീയം വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ്. അവിടെയാണ് തങ്കച്ചനിൽ നിന്ന് പലതും പഠിക്കാനുള്ളത്. നിലപാടുകൾ എന്തായിരുന്നാലും വ്യക്തിബന്ധങ്ങളും സ്നേഹവും രാഷ്ട്രീയത്തിന് അതീതമായി കാത്തുസൂക്ഷിക്കാൻ കഴിയണം. അതേ എന്നും നിലനിൽക്കുകയുള്ളൂ.