നാവികസേനാ കപ്പൽ ഐ.എൻ.എസ് കബ്ര വിഴിഞ്ഞത്ത്

Friday 12 September 2025 3:08 AM IST

വിഴിഞ്ഞം: നാവിക സേനയുടെ പടക്കപ്പൽ ഐ.എൻ.എസ് കബ്ര വിഴിഞ്ഞത്ത് നങ്കൂരമിട്ടു.രാജ്യാന്തര തുറമുഖം ഉൾപ്പെടെയുള്ളവയുടെ സൗത്ത് മേഖലയിലെ നിരീക്ഷണ ഭാഗമായിട്ടാണ് ഐ.എൻ.എസ് കബ്ര കൊച്ചിയിൽ നിന്ന് വിഴിഞ്ഞം മാരിടൈം ബോർഡിന് കീഴിലെ വാർഫിൽ അടുത്തത്.തുറമുഖ പർസർ എസ്.വിനുലാൽ,അസിസ്റ്റന്റ് പോർട്ട് കൺസർവേറ്റർ എം.എസ്.അജീഷ് എന്നിവർ കപ്പലിനെ സ്വീകരിച്ചു.42 നാവികരും 4 ഓഫീസർമാരും കപ്പലിലുണ്ട്.ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ ഒരു ദ്വീപിന്റെ പേരിലാണ് ഇതറിയപ്പെടുന്നത്. ഇന്ത്യൻ നാവികസേനയ്ക്കായി ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആൻഡ് എൻജിനീയേഴ്‌സ് (ജി.ആർ.എസ്.ഇ) നിർമ്മിച്ച അതിവേഗ ഓഫ്‌ഷോർ പട്രോൾ കപ്പലുകളുടെ കാർ നിക്കോബാർ ക്ലാസിൽപ്പെടുന്നതാണിത്. വിഴിഞ്ഞം മേഖലയിലെ പട്രോളിംഗ് നടപടികൾക്കുശേഷം കപ്പൽ ഇന്ന് വൈകിട്ടോടെ കൊച്ചിയിലേക്ക് മടങ്ങും.