ജില്ലയിൽ മുൻഗണന ലിസ്റ്റിൽ നിന്ന് പുറത്തായത് 7776 കാർഡുകൾ
ആലപ്പുഴ: റേഷൻ വാങ്ങാതെ രണ്ടുമാസത്തിനുള്ളിൽ 250ൽ അധികം കാർഡുടമകൾ മുൻഗണന ലിസ്റ്റിൽ നിന്ന് പുറത്തായി. കഴിഞ്ഞ ജൂലായ് പകുതി വരെയുള്ള കണക്ക് പ്രകാരം ജില്ലയിൽ 7511 പേരാണ് മുൻഗണനാ ലിസ്റ്റിൽ നിന്ന് പുറത്തായിരുന്നത്. എന്നാൽ ഇന്നലെ വരെ ഇത് 7776 ആയി.
1000 ചതുരശ്രഅടിക്ക് മുകളിൽ വിസ്തീർണമുള്ള വീടുള്ളവർ, സർക്കാർ -അർദ്ധസർക്കാർ ജോലിയുള്ളവർ, പെൻഷൻകാർ, 25,000 രൂപക്ക് മുകളിൽ മാസവരുമാനമുള്ളവർ, വിദേശത്ത് ജോലിയുള്ളവർ, ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ളവർ, ആദായനികുതി അടയ്ക്കുന്നവർ തുടങ്ങിയവരൊന്നും മുൻഗണനാവിഭാഗത്തിൽ ഉൾപ്പെടില്ല. ഇത് മറച്ചുവച്ച് മുൻഗണനാകാർഡുകൾ കൈവശം വച്ചവരാണ് കുടുങ്ങുക.
പുറത്താക്കപ്പെടുന്നവർക്ക് പകരം അർഹരായവരെ ലിസ്റ്റിലേക്ക് പരിഗണിക്കുകയും ചെയ്യുന്നുണ്ട്. മൂന്നുമാസമായി റേഷൻ വാങ്ങാതെ ലിസ്റ്റിൽ നിന്ന് പുറത്തായവർ, എന്തുകൊണ്ട് റേഷൻ വാങ്ങിയില്ലെന്ന് ബോദ്ധ്യപ്പെടുത്തുന്ന യ രേഖകൾ ഹാജരാക്കിയാൽ മുൻഗണന വിഭാഗത്തിൽ തുടരാൻ സാധിക്കും. അനർഹമായി മുൻഗണന കാർഡ് കൈവശം വച്ച് റേഷൻ വാങ്ങുന്നവർക്കെതിരെയും ശക്തമായ നടപടി ശക്തമാക്കിയിട്ടുണ്ട്. നാലുവർഷമം മുമ്പാണ് സർക്കാർ അനർഹമായി മുൻഗണന കാർഡ് കൈവശം വച്ചവർക്കെതിരെ നടപടി ആരംഭിച്ചത്.
2021 മേയ് മുതലാണ് അനർഹരെ മുൻഗണന ലിസ്റ്റിൽ നിന്ന് പുറത്താക്കൽ നടപടി സംസ്ഥാനത്ത് ആരംഭിച്ചത്
സിവിൽ സപ്ലൈസ് വകുപ്പിന്റെ വെബ്‌സൈറ്റിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷമാണ് പുറത്താക്കൽ
എ.എ.വൈ, പി.എച്ച്.എച്ച്, എൻ.പി.എസ് എന്നീ വിഭാഗം കാർഡുടമകളെയാണ് പുറത്താക്കിയത്
സംസ്ഥാനത്താകെ 79013 കാർഡുകൾ മുൻഗണന വിഭാഗത്തിൽ നിന്ന് പുറത്തായി
ജില്ലയിൽ ഒഴിവാക്കപ്പെട്ടവർ
പി.എച്ച്.എച്ച് : 5961
എ.എ.വൈ : 850
എൻ.പി.എസ് : 965
ആകെ: 7776
മുമ്പത്തെക്കാൾ പരിശോധന ഇപ്പോൾ കുറവാണ്. പരിശോധന ശക്തമാക്കിയാൽ ഇരട്ടി ആളുകളെ കണ്ടെത്താൻ സാധിക്കും.
-റേഷൻ വ്യാപാരി