'സ്വർണപ്പാളി'യിൽ ദുരൂഹത അരുത്
തിരുവിതാംകൂർ ദേവസ്വം ബോർഡ് ശബരിമലയിൽ സംഘടിപ്പിക്കാനിരിക്കുന്ന ആഗോള അയ്യപ്പ സംഗമം ആദ്ധ്യാത്മിക തലത്തിൽ മാത്രമല്ല, ജാതീയവും രാഷ്ട്രീയവുമായ പല തലങ്ങളിലേക്കും ചർച്ചാവിഷയമായി പടരുന്നതിനിടയിലാണ്, ശ്രീകോവിലിനു മുന്നിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വർണപ്പാളിയുമായി ബന്ധപ്പെട്ട ഒരു 'അനിഷ്ടകർമ്മം" അശുഭലക്ഷണം പോലെ ബോർഡിനെ കുരുക്കിലാക്കിയിരിക്കുന്നത്. ശില്പത്തിൽ നിന്ന് ഇളക്കിയെടുത്ത സ്വർണപ്പാളികൾ നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയും, ഹൈക്കോടതിയുടെ മുൻ ഉത്തരവ് ലംഘിച്ചും ചെന്നൈയിലേക്ക് കൊണ്ടുപോയതാണ് പുതിയ പുകില്, തന്ത്രിയുടെ അനുജ്ഞയോടെയും സുരക്ഷിതമായുമാണ് സ്വർണപ്പാളികൾ ചെന്നൈയിലെത്തിച്ചതെന്ന് ദേവസ്വം ബോർഡ് നൽകുന്ന വിശദീകരണം ഏത് അർത്ഥത്തിൽ നോക്കിയാലും പൂർണമായും ശരിയോ സുതാര്യമോ ആണെന്നു പറയാനാവില്ല. ദുരുദ്ദേശ്യമൊന്നും ഇല്ലായിരുന്നെന്ന് വാക്കാൽ പറഞ്ഞാൽ പോരാ, അക്കാര്യം ഭക്തർക്കും പൊതുസമൂഹത്തിനും, അതിനെല്ലാം മീതെ കോടതിക്കും ബോദ്ധ്യപ്പെടേണ്ടതുണ്ട്.
ശബരിമല അയ്യപ്പ വിഗ്രഹത്തിന്റെ ഭാഗമായുള്ള, സ്വർണംപൊതിഞ്ഞ മുദ്രമാലയും ജപമാലയും യോഗദണ്‌ഡും ഇതുപോലെ അറ്റകുറ്റപ്പണിക്കെന്നു പറഞ്ഞ് അഴിച്ചെടുത്ത്, കോടതി നിയോഗിച്ച സ്പെഷ്യൽ കമ്മിഷണറെ അറിയിക്കാതെ ദേവസ്വം തട്ടാന്റെ അടുത്തേക്ക് കൊണ്ടുപോയത് 2023-ലാണ്. ഇതേത്തുടർന്ന് ആ വർഷം ജൂൺ 30 ന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിൽ, ഇത്തരം അറ്റകുറ്റപ്പണികൾ സ്പെഷ്യൽ കമ്മിഷണർ വഴി കോടതിയെ അറിയിച്ചും, സന്നിധാനത്തിന്റെ പരിസരത്തു വച്ചും മാത്രമേ നടത്താവൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ നിർദ്ദേശം ദേവസ്വം കമ്മിഷണർക്കും, തിരുവാഭരണം കമ്മിഷണർക്കും, ശബരിമല എക്സിക്യുട്ടീവ് ഓഫീസർക്കുമൊക്കെ അറിയാമെന്നിരിക്കെയാണ് കോടതിയുടെ ഉത്തരവ് പൂർണമായും ലംഘിച്ച് ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ ഇളക്കിയതും രായ്ക്കുരാമാനും സംസ്ഥാനത്തിന് പുറത്തെത്തിച്ചതും. ദുരുഹതയുണർത്തുന്ന കാര്യങ്ങളെല്ലാം ചെയ്തുവച്ചിട്ട് 'ഇത്രയുമേ ചെയ്തുള്ളൂ...." എന്നു പറയുന്നതു പോലെയാണ് ഇതുമായി ബന്ധപ്പെട്ട് ബോർഡിന്റെ വിശദീകരണങ്ങൾ!
ഇത്തരം അസംബന്ധ വിശദീകരണങ്ങൾ ബോദ്ധ്യപ്പെടാഞ്ഞിട്ടാണ്, ചെന്നൈയിലേക്ക് കൊണ്ടുപോയ സ്വർണപ്പാളികൾ ഉടൻ തിരിച്ചെത്തിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. തുടങ്ങിയെന്നു പറയുന്ന അറ്റകുറ്റപ്പണി നിറുത്തിവയ്ക്കാനാണ് സ്പോൺസറോടും ചെന്നൈയിലെ ഏജൻസിയോടും കോടതി നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ, അറ്റകുറ്റപ്പണിക്കിടയിൽ സ്വർണപ്പാളികൾ തിരികെകൊണ്ടുവരുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് ദേവസ്വം ബോർഡ് അറിയിച്ചതിൽ കോടതി എന്തു നിലപാട് സ്വീകരിക്കുമെന്ന് അറിയാനിരിക്കുന്നതേയുള്ളൂ. അറ്റകുറ്റപ്പണിയുടെ പേരിൽ സ്വർണം ഉരുക്കി രൂപം മാറ്റിയോ, പണിക്കു ശേഷവും പഴയ അതേ തൂക്കം സ്വർണമുണ്ടാകുമെന്ന് ഉറപ്പാക്കുന്നത് എങ്ങനെ തുടങ്ങിയ കാര്യങ്ങളൊന്നും വിശദീകരിക്കപ്പെട്ടിട്ടില്ല. എന്തുകൊണ്ട് സ്പെഷ്യൽ കമ്മിഷണറിൽ നിന്ന് ഇക്കാര്യം മൂടിവച്ചുവെന്ന ചോദ്യത്തിന് ഉത്തരവുമില്ല. ആകെക്കൂടി വിലയിരുത്തുമ്പോൾ എന്തോ ഒരു പന്തികേട് ഇതിനു പിന്നിലുണ്ടെന്ന് സംശയിക്കുന്നവരെ കുറ്റംപറയുന്നതെങ്ങനെ?
വിശ്വാസവുമായി ബന്ധപ്പെട്ട ഏതു വിഷയവും വൈകാരികമാണ്. ശബരിമല ശാസ്താക്ഷേത്രം പോലെ ലോകമെമ്പാടുമായി കോടിക്കണക്കിന് ഭക്തരുള്ള ആരാധനാലയങ്ങളുടെ കാര്യത്തിലെടുക്കുന്ന ഏത് തീരുമാനവും ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതോ വേദനിപ്പിക്കുന്നതോ ആചാരലംഘനമുണ്ടാക്കുന്നതോ കോടതി നിർദ്ദേശങ്ങളെ നിരാകരിക്കുന്നതോ ആകരുത്. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ഒരിക്കൽ സ്വീകരിച്ച നിലപാടിന്റെ രാഷ്ട്രീയഫലം അറിയാവുന്നവരാണ് ഭരണപക്ഷത്തുള്ളത്. ആ നിലപാട് തിരുത്തി, പഴയ പരിക്കുകൾ ഉണക്കാൻ റെഡിയാകുന്നതിനിടയിലാണ് സ്വർണപ്പാളിയുടെ വരവ്! ആഗോള അയ്യപ്പ സംഗമത്തിന് അവമതിപ്പുണ്ടാക്കാൻ ചില കേന്ദ്രങ്ങൾ നടത്തുന്ന ഗൂഢശ്രമം എന്നൊക്കെ രാഷ്ട്രീയം പറയാമെങ്കിലും രണ്ടുകാര്യങ്ങളിൽ ദേവസ്വം ബോർഡ് തികഞ്ഞ ജാഗ്രത പുലർത്തുകതന്നെ വേണം. ഭക്തരുടെ മനസിൽ സംശയം ജനിപ്പിക്കുന്നതാകരുത് ഒരു നടപടിയും. കോടതി ഉത്തരവുകളെയും നിർദ്ദേശങ്ങളെയും ലംഘിക്കുന്നതുമാകരുത്.