25 കോടിയുടെ സൈബർതട്ടിപ്പ്: വട്ടിയൂർക്കാവ് സ്വദേശിനിയുടെ അക്കൗണ്ടിൽ മാറിയെടുത്തത് 4ലക്ഷം
കൊച്ചി: ഫാർമസ്യൂട്ടിക്കൽ കമ്പനിഉടമയെ കബളിപ്പിച്ച് 25 കോടിരൂപ തട്ടിയെടുത്ത കേസിൽ തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിനിയായ യുവതിയുടെ അക്കൗണ്ട് വഴി മാറിയെടുത്തത് 4 ലക്ഷംരൂപ. പാലാരിവട്ടത്തെ പൊതുമേഖലാബാങ്കിൽ യുവതിയുടെ പേരിൽ തുറന്ന അക്കൗണ്ട് നമ്പർ ഉപയോഗിച്ചാണ് തട്ടിപ്പുസംഘം പണം പിൻവലിച്ചതെന്ന് കൊച്ചി സൈബർ പൊലീസ് കണ്ടെത്തി. കാഞ്ഞിരംപാറ സ്വദേശിനിയായ യുവതിയുടെ വിശദാംശങ്ങൾ ശേഖരിച്ച് വരികയാണ്.
കടവന്ത്ര കുമാരനാശാൻ നഗറിൽ താമസിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിഉടമ ഓൺതട്ടിപ്പ് സംഘം നൽകിയ 26 അക്കൗണ്ടുകളിലൂടെയാണ് 24.76 കോടി രൂപ കൈമാറിയത്. മൊത്തം 90 തവണയാണ് ഈ അക്കൗണ്ടുകളിൽ പണമയച്ചു കൊടുത്തത്. അക്കൗണ്ടുകളിൽ 70 ശതമാനവും സൈബർ പൊലീസ് തിരിച്ചറിഞ്ഞു. തൃശൂർ, ഇടുക്കി ഉൾപ്പെടെ ജില്ലകളിൽ താമസിക്കുന്നവരുടെ അക്കൗണ്ടുകൾ ഇവയിൽപ്പെടും. മലയാളികളുടെയും അന്യസംസ്ഥാന തൊഴിലാളികളുടെയും അക്കൗണ്ടുകൾ ഉപയോഗിച്ചിട്ടുണ്ട്. ചില ബാങ്ക് അക്കൗണ്ടുകൾ തട്ടിപ്പുസംഘം അക്കൗണ്ട് ഉടമകളിൽനിന്ന് വിലകൊടുത്ത് വാങ്ങിയെന്നാണ് സംശയിക്കുന്നത്. വട്ടിയൂർക്കാവ് സ്വദേശിനിയുടെ പേരിലുള്ള അക്കൗണ്ട് മറ്റാരെങ്കിലുമാണോ ഉപയോഗിക്കുന്നതെന്നതും പരിശോധിക്കും. യുവതിയുടെ മേൽവിലാസമുൾപ്പെടെ ഇന്നലെ സൈബർപൊലീസിന് ബാങ്ക് അധികൃതർ കൈമാറി. അക്കൗണ്ട് മരവിപ്പിച്ചതായി സൈബർപൊലീസ് അറിയിച്ചു.
അതിനിടെ 16 കോടിരൂപ സൈദരാബാദ് സ്വദേശിയുടെ അക്കൗണ്ടിലാണ് കൈമാറിയതെന്നും കണ്ടെത്തി. ഇയാൾ മറ്റൊരു സമാനതട്ടിപ്പ് കേസിൽ ഹൈദരാബാദ് പൊലീസിന്റെ പിടിയിലായി ജയിലിൽ കഴിയുകയാണ്. സൈദരാബാദ് സ്വദേശിയെ കൊച്ചി സൈബർപൊലീസ് ചോദ്യംചെയ്യും. ഹൈദരാബാദ് സ്വദേശിയുടെ പേരിലും മറ്റൊരു ഇടപാട് നടന്നിട്ടുണ്ട്. ഈ അക്കൗണ്ട് റദ്ദാക്കിയിട്ടുണ്ട്. ഇയാളെ തിരിച്ചറിയാൻ ശ്രമംതുടരുന്നു. തട്ടിപ്പ്നടന്നത് വിദേശരാജ്യങ്ങൾ കേന്ദ്രീകരിച്ചാണെങ്കിലും മലയാളികളും തട്ടിപ്പ് സംഘത്തിലുൾപ്പെട്ടതായിട്ടാണ് സംശയം. 2023 മേയ് മുതൽ 2025 ആഗസ്റ്റ് 29 വരെ പല തവണയായാണ് തുക നഷ്ടമായത്. ‘കാപിറ്റലിക്സ്’ എന്ന വ്യാജ ട്രേഡിംഗ് സൈറ്റിന്റെയും ആപ്പിന്റെയും മറവിലായിരുന്നു തട്ടിപ്പ്.