മനക്കോടം കേശവൻ വൈദ്യരുടെ 71ാംചരമദിനം ഇന്ന്

Friday 12 September 2025 2:26 AM IST

ചേർത്തല : പഞ്ചകർമ്മ ചികിത്സയുടെ പ്രയോക്താവും ശ്രീനാരായണഗുരുവിന്റെ ഉത്തമ ശിഷ്യനുമായിരുന്ന മനക്കോടം കേശവൻ വൈദ്യർ വിടവാങ്ങിയിട്ട് ഇന്ന് 71വർഷം തികയും.സാമൂഹ്യപരിഷ്‌കർത്താവും, ഉത്തമ ഭിഷഗ്വരനും,പ്രസിദ്ധവാഗ്മിയും എഴുത്തുകാരനുമായിരുന്നു അദ്ദേഹം. 'പഞ്ചകർമ്മം' എന്ന ഗ്രന്ഥം ആയുർവേദത്തിന് അദ്ദേഹം നൽകിയ വിലയേറിയ സമ്പത്താണ്. കേരളത്തിലെ ആയുർവേദ പണ്ഡിതന്മാരിൽ പ്രഥമഗണനീയനാ യിരുന്നു.മരിക്കുമ്പോൾ വൈദ്യർ തിരു-കൊച്ചി സർക്കാരിന്റെ ആയുർവേദ കോളേജിൽ ഓണററി പ്രൊഫസറായിരുന്നു.1878 ൽ ഉഴുതുമ്മൽ കിട്ടൻ എന്ന സമുദായ പരിഷ്‌കർത്താവിന്റെ മകനായി ചേർത്തല തണ്ണീർമുക്കത്തെ ഉഴുതുമ്മേൽ വീട്ടിലാണ് ജനനം.

പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പെരുമ്പാവൂരിൽ ചന്തു വൈദ്യരുടെ കീഴിൽ ആയുർവേദ പഠനം നടത്തി. ഗുരുനാഥനേടുള്ള ആദരസൂചകമായി ചേർത്തല നഗരത്തിൽ ചന്തു വൈദ്യവിലാസം എന്ന പേരിൽ മലയാള വർഷം 1117ൽ വൈദ്യശാലയും നടത്തി.ഗുരുദേവന്റെ 'സംഘടന കൊണ്ട് ശക്തരാകുവിൻ'എന്ന മുദ്രാവാക്യത്തെ മുറുകെ പിടിച്ച്,ചേർത്തല കേന്ദ്രമാക്കി,ഒരു വൈദ്യസമാജം രൂപീകരിച്ചു.കേരളീയ വൈദ്യ സമാജത്തിന്റെ ആവിർഭാവവും അതിൽനിന്നുമാണ്. അദ്ദേഹം അതിന്റെ പ്രസിഡന്റുമായിരുന്നു. 1954 ലെ ചതയദിന ആഘോഷങ്ങൾ നടക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ചേർത്തല എസ്.എൻ.ഡി.പി.യൂണിയൻ ഓഫീസിൽ ചേർന്ന ശ്രീനാരായണ ജയന്തി സമ്മേളനത്തിൽ പ്രസംഗിച്ചു കഴിഞ്ഞ് ഹൃദയാഘാതത്താൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉത്തമനായ ഗുരുഭക്തനായിരുന്ന അദ്ദേഹം .'ശ്രീനാരായണന്റെ തിരുനാമമുച്ചരിച്ചുകൊണ്ടു മരിക്കണ'മെന്ന് എപ്പോഴും പറയുമായിരുന്നു. ,എഴുപത്തി രണ്ടാം വയസിലായിരുന്നു അന്ത്യം.