കപ്പലിലും, ചെറുവിമാനങ്ങളിലും ആയുധമാക്കാം, ബ്രഹ്‌മോസ്-എൻജി 2026ൽ പരീക്ഷിക്കും

Thursday 11 September 2025 10:48 PM IST

ന്യൂഡൽഹി: ഇന്ത്യയുടെ മിസൈൽ സാങ്കേതികവിദ്യയിലെ സുപ്രധാന നാഴികക്കല്ലായ ബ്രഹ്‌മോസ്-എൻജി സൂപ്പർസോണിക് ക്രൂയിസ് മിസൈൽ 2026ൽ പരീക്ഷിക്കും. ബ്രഹ്‌മോസ് എയ്‌റോസ്‌പേസിലുള്ള റഷ്യൻ മാനേജിംഗ് ഡയറക്ടർ അലക്‌സാണ്ടർ മാക്‌സിചേവ് റഷ്യൻ വാർത്താ ഏജൻസിയായ ടാസ്സിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ അടുത്ത വർഷം എപ്പോഴാണ് പരീക്ഷണം നടത്തുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചിട്ടില്ല. ഇന്ത്യയും റഷ്യ‌യും കൈകോർക്കുന്ന ബ്രഹ്‌മോസ് മിസൈലിന്റെ ഏറ്റവും ഭാരം കുറഞ്ഞ, യുദ്ധവിമാനങ്ങളിൽ നിന്ന് പ്രയോഗിക്കാവുന്ന പതിപ്പിന്റെ പരീക്ഷണമാണ് 2026ൽ നടക്കുക.

ശബ്ദത്തിന്റെ മൂന്നിരട്ടി വേഗതയിൽ സഞ്ചരിക്കാൻ കഴിവുള്ള സൂപ്പർസോണിക് ക്രൂയിസ് മിസൈൽ ബ്രഹ്‌മോസിന്റെ ഭാരം കുറഞ്ഞ പതിപ്പിന് നെക്സ്റ്റ് ജനറേഷൻ ബ്രഹ്‌മോസ് അല്ലെങ്കിൽ ബ്രഹ്‌മോസ് എൻജി എന്നാണ് പേരിട്ടിരിക്കുന്നത്. ഏകദേശം 300 കിലോമീറ്ററോളം ബ്രഹ്‌മോസ്- എൻജിക്ക് ദൂരപരിധിയുണ്ടാകും. വികസനത്തിന്റെ നിർണായക ഘട്ടത്തിലാണിതെന്നും മാക്സിചേവ് പറഞ്ഞു.

നിർമ്മാണം പൂർത്തിയായാൽ പ്രതിരോധ ആയുധ സംവിധാനങ്ങളുടെ ലോകത്ത് ഒരു ഗെയിം ചേഞ്ചർ ആകാൻ പോകുന്ന മിസൈലാണ് ബ്രഹ്‌മോസ് എൻജിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിൽ ഇന്ത്യ ഉപയോഗിക്കുന്ന ബ്രഹ്‌മോസ് മിസൈലിന് മൂന്ന് ടൺ ഭാരമുണ്ട്. എന്നാൽ, ബ്രഹ്‌മോസ് എൻജിയുടെ ഭാരം 1.29 ടൺ മാത്രമായിരിക്കും. അതായത് ഇപ്പോഴുള്ളത് മുമ്പുള്ളതിന്റെ ഭാരത്തേക്കാൾ പകുതിയായി കുറയും.

ഭാരം കുറയുന്നതിലൂടെ യുദ്ധവിമാനങ്ങൾ, ചെറു കപ്പലുകൾ, അന്തർവാഹിനികൾ എന്നിവയിലും ബ്രഹ്‌മോസ് എഞ്ചി ആയുധമാക്കി ഉപയോഗിക്കാൻ കഴിയുമെന്ന് അദ്ദേഹം ചൂണ്ടികാണിച്ചു. നൂതനമായ എഐ ടാർഗെറ്റിംഗ്, ഉയർന്ന വേഗത, വലിപ്പക്കുറവ് എന്നിവയാണ് എൻ‌ജിയുടെ സവിശേഷത. പ്രധാന ശത്രു പാളയങ്ങളെ ആക്രമിക്കുന്നതിനും ഫലപ്രദമാക്കുന്നു. പരീക്ഷണത്തിന് ശേഷം മൂന്ന് നാല് വർഷത്തിനുള്ളിൽ ഉത്പാദനം ആരംഭിക്കുമെന്നും മാക്സിചേവ് കൂട്ടിച്ചേർത്തു.