യെച്ചൂരിയുടെ ഓർമ്മകൾക്ക് ഒരാണ്ട്
ന്യൂഡൽഹി: സൗമ്യമുഖവും ഉറച്ച നിലപാടുകളുമായി ഒരു പതിറ്റാണ്ട് സി.പി.എമ്മിനെ നയിച്ച മുൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഓർമ്മകൾക്ക് ഒരാണ്ട്. 2024 സെപ്‌തംബർ 12നാണ് ശ്വാസകോശ അണുബാധയെ തുടർന്ന് 72-ാം വയസിൽ യെച്ചൂരി വിടവാങ്ങിയത്. യെച്ചൂരിയുടെ അഭിലാഷപ്രകാരം ഭൗതിക ശരീരം പഠനത്തിന് എയിംസിന് നൽകിയിരുന്നു. ഒന്നാം ചരമ വാർഷികദിനത്തോടനുബന്ധിച്ച് ഡൽഹി എ.കെ.ജി ഭവനിൽ പുഷ്‌പാർച്ചനയും അനുസ്‌മരണ സമ്മേളനവും നടക്കും.
15ന് ഡൽഹി സുർജിത് ഭവനിൽ നടക്കുന്ന ചടങ്ങിൽ ചരിത്രകാരൻ ഇർഫാൻ ഹബീബ് യെച്ചൂരി അനുസ്‌മരണ പ്രഭാഷണം നടത്തും. മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി തുടങ്ങിയവർ പങ്കെടുക്കും. എല്ലാ പാർട്ടിനേതാക്കളുമായും ഉറ്റ ബന്ധം പുലർത്തിയ യെച്ചൂരിയുടെ പ്രായോഗിക രാഷ്‌ട്രീയ തന്ത്രജ്ഞത ഏറെ അനിവാര്യമായിരുന്ന അവസരത്തിലായിരുന്നു വിടവാങ്ങൽ. ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ വോട്ടു ചോർച്ചയുടെ പേരിൽ സംശയത്തോടെ നോക്കുന്ന പ്രതിപക്ഷത്ത് യെച്ചൂരിയെപ്പോലുള്ള നേതാവിന്റെ അഭാവം നിഴലിക്കുന്നുണ്ട്. 2004ൽ യു.പി.എ സഖ്യ ഗവൺമെന്റുണ്ടാക്കാൻ മുൻകൈയെടുത്ത യെച്ചൂരി കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി രൂപമെടുത്ത ബി.ജെ.പി വിരുദ്ധ 'ഇന്ത്യ' മുന്നണിയുടെ സ്ഥാപക നേതാക്കളിൽ ഒരാളുമാണ്. പ്രതിപക്ഷ കക്ഷികൾക്കിടയിലെ പാലമായി വർത്തിച്ച യെച്ചൂരിയുടെ മരണ ശേഷം 'ഇന്ത്യ' മുന്നണി പൊതുവേ ദുർബലമാകുന്നതും കണ്ടു.
നിലപാടുകളുടെ പേരിൽ പലഘട്ടങ്ങളിലും സ്വന്തം പാർട്ടിയുമായി പോരടിച്ച ചരിത്രമുണ്ടെങ്കിലും കേരളത്തിന് വെളിയിൽ സി.പി.എമ്മിന്റെ മേൽവിലാസമാകാൻ അദ്ദേഹത്തിന് കഴിഞ്ഞു. ശക്തമായ കേരള ഘടകവുമായുള്ള ഭിന്നതകൾക്കിടയിലും സി.പി.എമ്മിനെ പ്രതിസന്ധി ഘട്ടത്തിൽ നയിച്ചു. 2015ൽ വിശാഖപട്ടണത്ത് നടന്ന 21-ാം പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറി ആയതും പാർട്ടിക്കുള്ളിലെ എതിർപ്പുകളെ വകഞ്ഞുമാറ്റിയാണ്. യെച്ചൂരി അന്തരിച്ച ശേഷം നടന്ന മധുരയിലെ 24-ാം പാർട്ടി കോൺഗ്രസ് പാർട്ടിയുടെ ശക്തിപ്രതാപം വീണ്ടെടുക്കാൻ ലക്ഷ്യമിട്ട് കമ്മിറ്റികളിൽ പുതുമുഖങ്ങളെ ഉൾപ്പെടുത്തി നേതൃനിരയിൽ തലമുറമാറ്റത്തിന് വഴിയൊരുക്കിയിട്ടുണ്ട്.