ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ വര്‍ദ്ധിക്കുന്നു, സ്ത്രീകളിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടുതല്‍ അപകടകരം

Thursday 11 September 2025 11:19 PM IST

ന്യൂഡല്‍ഹി: ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ ഇന്ത്യയില്‍ വര്‍ദ്ധിക്കുന്നുവെന്ന് പഠനം. കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട 2019-20 വര്‍ഷങ്ങള്‍ ഉള്‍പ്പെടുന്ന പത്ത് വര്‍ഷത്തെ സാമ്പിളുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. ക്യാന്‍സറിന് പുറമേ ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഉള്‍പ്പടെ ഇന്ത്യയില്‍ വര്‍ദ്ധിക്കുന്നുവെന്നാണ് ദി ലാന്‍സെറ്റിലെ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. 2010 മുതല്‍ 2019 വരെയുളള പഠന റിപ്പോര്‍ട്ടും കൊവിഡിന് ശേഷവുമുളള പഠനങ്ങളുടെ അടിസ്ഥാനത്തിലുമാണ് റിപ്പോര്‍ട്ട്.

ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ പ്രൊഫ. മജീത് ഇസാറ്റിയുടെ നേതൃത്വത്തിലാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സ്ത്രീകളുടെ ആരോഗ്യസ്ഥിതിയെ 2.1 ശതമാനം പ്രതികൂലമായി ബാധിക്കുമ്പോള്‍ പുരുഷന്‍മാരുടെ ആരോഗ്യസ്ഥിതിയെ 0.1 ശതമാനം മാത്രമേ ബാധിക്കുന്നുളൂ. കൊവിഡ് കാലഘട്ടത്തിന് ശേഷം ഹൃദയാഘാതം വന്നാല്‍ മരണപ്പെടാനുള്ള സാദ്ധ്യതയില്‍ പുരുഷന്റെ ആയുസ്സ് 55 ആണ് ശരാശരിയെങ്കില്‍ സ്ത്രീകളില്‍ ഇത് 40 വയസ്സ് ആണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

പുരുഷന്‍മാര്‍ക്കിടയില്‍ ഇരുപതില്‍ എട്ടുപേരും ഹൃദ്രോഗങ്ങളാലും കരള്‍ രോഗങ്ങളാലുമാണ് സമീപകാലത്ത് രാജ്യത്ത് മരണപ്പെടുന്നതെന്നാണ് റിപ്പാര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നത്. ഡയബെറ്റിക് രോഗാവസ്ഥ വൃക്കകളെ ഉള്‍പ്പടെ ആന്തരിക അവയവങ്ങളെ ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണത്തിലെ വര്‍ദ്ധനവ് ആശങ്കപ്പെടുത്തുന്നതാണെന്നും മജീത് അഭിപ്രായപ്പെടുന്നു.ആഗോളതലത്തില്‍ ശ്വാസകോശ രോഗങ്ങളും സ്‌ട്രോക്ക് പോലുളള നാഡികോശ രോഗങ്ങളും വര്‍ദ്ധിക്കുകയാണ്. ഭക്ഷണ ശീലങ്ങളിലെ വ്യതിയാനങ്ങളാണ് രോഗപ്രതിരോധശേഷി കുറയാന്‍ കാരണമാകുന്നത്.

വ്യായാമമില്ലായ്മ കാരണവും പുകവലി കാരണവും പുരുഷന്‍മാര്‍ക്കിടയില്‍ ശ്വാസകോശ രോഗം വര്‍ദ്ധിക്കുന്നു. ആഗോളതലത്തില്‍ താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യ, അര്‍മേനിയ, ഇറാന്‍, ഈജിപ്റ്റ് പപ്പുവാ ന്യു ഗിനിയ എന്നീ അഞ്ച് രാജ്യങ്ങളെയാണ് രോഗം ബാധിക്കുന്നതിലെ തോത് കൂടുതലായി രേഖപ്പെടുത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.