ട്രംപിന്റെ വിശ്വസ്‌തൻ വെടിയേറ്റ് മരിച്ചു

Friday 12 September 2025 12:37 AM IST

വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത വിശ്വസ്തനും വലതുപക്ഷ രാഷ്ട്രീയ ആക്ടിവിസ്റ്റും അവതാരകനുമായ ചാർലി കിർക്ക് (31) വെടിയേറ്റ് മരിച്ചു. പ്രാദേശിക സമയം, ബുധനാഴ്ച ഉച്ചയ്ക്ക് യൂട്ടാവാലി യൂണിവേഴ്സിറ്റിയിൽ ഔട്ട്ഡോർ സംവാദ പരിപാടിയിൽ സംസാരിക്കുന്നതിനിടെ കഴുത്തിൽ വെടിയേൽക്കുകയായിരുന്നു.

യു.എസിൽ വർദ്ധിച്ചുവരുന്ന കൂട്ട വെടിവയ്‌പുകളെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു അജ്ഞാതന്റെ വെടിയേറ്റത്. ഇയാളുടേതെന്ന് കരുതുന്ന ദൃശ്യങ്ങളും ആക്രമണത്തിന് ഉപയോഗിച്ച റൈഫിളും എഫ്.ബി.ഐ കണ്ടെടുത്തു. ഇയാളെ കണ്ടെത്താൻ തെരച്ചിൽ ഊർജിതമാക്കി.

3,000ത്തോളം പേർ പങ്കെടുത്ത പരിപാടി തുടങ്ങുന്നതിന് ഏതാനും മിനിറ്റുകൾ മുമ്പ് അക്രമി ക്യാമ്പസിന് സമീപത്തെ കെട്ടിടത്തിന് മുകളിൽ കയറി നിലയുറപ്പിച്ചു എന്നാണ് കരുതുന്നത്.

2024ലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് പ്രചാരണവേദികളിൽ സജീവമായിരുന്ന കിർക്ക് ട്രംപിന്റെ വിജയത്തിനായി പ്രവർത്തിച്ച ശില്പികളിൽ ഒരാളാണ്. കിർക്കിന്റെ മരണത്തിൽ നടുക്കം രേഖപ്പെടുത്തിയ ട്രംപ്, അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി പ്രസിഡൻഷ്യൽ മെഡൽ ഒഫ് ഫ്രീഡം നൽകുമെന്ന് പ്രഖ്യാപിച്ചു.

കൺസർവേറ്റീവ് ആശയങ്ങൾ പ്രചരിപ്പിക്കുന്ന ടേണിംഗ് പോയിന്റ് അമേരിക്ക എന്ന എൻ.ജി.ഒയുടെ സഹസ്ഥാപകനാണ് കിർക്ക്. പഠനകാലം മുതൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രവർത്തനങ്ങളിൽ സജീവം. തോക്ക് നിയന്ത്രണം, ഗർഭച്ഛിദ്രം, ട്രാൻസ്ജെൻഡറുകളുടെ അവകാശങ്ങൾ തുടങ്ങിയവയെ എതിർത്ത് നടത്തിയ പ്രസ്താവനകൾ വിവാദത്തിലായിരുന്നു. കൊവിഡിനെക്കുറിച്ചും 2020ലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിനെ സംബന്ധിച്ചും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനും വിമർശനം നേരിട്ടിരുന്നു. ഇന്ത്യയിൽ നിന്നടക്കമുള്ള കുടിയേറ്റത്തെയും എതിർത്തിരുന്നു.