സഹകരണ മേഖലയിലെ അഴിമതി: സി.പി.എമ്മിന് കെണിയാകുമോ..? ആരോപണം
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന കോടികളുടെ അഴിമതിക്കറ മായുന്നതിന് മുമ്പ് സഹകരണ സ്ഥാപനങ്ങളിലെ അഴിമതി കഥകളുമായി സി.പി.എം നേതാവ് തന്നെ രംഗത്തു വന്നത് വീണ്ടും പാർട്ടിക്ക് തലവേദനയാകുന്നു. നടത്തറ പഞ്ചായത്തിൽ മാത്രമുള്ള സി.പി.എം ഭരിക്കുന്ന എട്ട് സഹകരണ സ്ഥാപനങ്ങളിൽ ഏഴിലും അഴിമതി നടന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായാണ് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗവും നടത്തറ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയംഗവുമായ നിബിൻ ശ്രീനിവാസൻ രംഗത്തുവന്നിരിക്കുന്നത്.
പരാതി പറഞ്ഞിട്ടും അനക്കമില്ല
കരുവന്നൂർ ബാങ്ക് അഴിമതി പാർട്ടിക്ക് സംസ്ഥാന തലത്തിൽ വൻ തിരിച്ചടി ഏറ്റുവാങ്ങേണ്ടി വന്നത് മനസിലാക്കിയാണ് നിബിൻ മണ്ണുത്തി ഏരിയാ കമ്മിറ്റിയുടെ കീഴിലുള്ള സഹകരണ ബാങ്കുകളിലെ അഴിമതികൾക്ക് അവസാനമുണ്ടാക്കണമെന്ന് പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടത്. ഏരിയാ കമ്മിറ്റിയംഗമെന്ന നിലയിൽ അയ്യപ്പൻകാവ് സൊസൈറ്റിയുടെ നടത്തിപ്പ് നോക്കാൻ അവസരം കിട്ടിയപ്പോഴാണ് അഴിമതിയുടെ വഴികൾ മനസിലായത്. ഇത് സത്യസന്ധമായി പാർട്ടി നേതാക്കളെ രഹസ്യമായി അറിയിച്ചു. പക്ഷേ പാർട്ടിയിലെ തന്നെ പല നേതാക്കൾക്കും ഇത്തരം അഴിമതികളിൽ പങ്കുണ്ടെന്ന് ബോധ്യമായതോടെ പാർട്ടി കമ്മിറ്റികളിൽ കാര്യം തുറന്നു പറഞ്ഞു. ആരും കേട്ടില്ല. ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദറിനോടും കാര്യങ്ങൾ ബോധിപ്പിച്ചു. പക്ഷേ ഇതൊന്നും പുറത്ത് പറയരുതെന്നായിരുന്നു ഉപദേശം. മണ്ണുത്തി ഏരിയാ സെക്രട്ടറി എം.എസ്.പ്രദീപ്കുമാറിന്റെ അറിവോടെയാണ് ഇത്തരം ക്രമക്കേടുകൾ നടക്കുന്നതെന്നും നിബിൻ ആരോപിച്ചു.
പരാതിക്കാരെ ഒതുക്കുന്ന നയം
പാർട്ടിയിലെ അഴിമതികൾ തുറന്നു പറയുന്നവരെ ഒതുക്കുന്ന നയമാണ് പരാതി പറഞ്ഞ നിബിനും സംഭവിച്ചത്. മണ്ണുത്തി ഏരിയാ കമ്മിറ്റിയംഗമായിരുന്ന തന്നെ പരാതികൾ തുറന്ന് പറഞ്ഞതിന്റെ പേരിൽ ഏരിയാ കമ്മിറ്റിയിൽ നിന്ന് ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. പക്ഷേ നിബിനെ തരം താഴ്ത്തിയതല്ലെന്നാണ് മണ്ണുത്തി ഏരിയാ സെക്രട്ടറി എം.എസ്.പ്രദീപ്കുമാറിന്റെ പ്രതികരണം.
ഇ.ഡി വരുമോ..?
കരുവന്നൂർ ബാങ്കിലെ അഴിമതി പുറത്തു വന്നതോടെയാണ് പരാതിയുടെ അടിസ്ഥാനത്തിൽ ഇ.ഡി കരുവന്നൂർ ബാങ്കിൽ ക്രമക്കേട് കണ്ടെത്തിയത്. ഇവിടെ ഏഴു ബാങ്കുകളിലായി കോടികളുടെ തിരിമറി നടന്നിട്ടുണ്ടെന്നാണ് പരാതിക്കാരന്റെ ആരോപണം. ഇ.ഡി അന്വേഷണമെത്തിയാൽ പാർട്ടിക്ക് വീണ്ടും തിരിച്ചടിയാകും. അടുത്തുവരുന്ന തദ്ദേശ വകുപ്പ് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും സഹകരണ ബാങ്ക് അഴിമതി വലിയ ചർച്ചയാകുകയും ചെയ്യും.
സി.പി.എം അംഗം രാജിവച്ചു
മണ്ണുത്തി: നടത്തറ പഞ്ചായത്ത് അംഗം ടി.എസ്.ബിജു തൽസ്ഥാനം രാജിവച്ചു. ഭാവിയിൽ പാർട്ടിയുടെ തെറ്റായ നയങ്ങളെ ചോദ്യം ചെയ്തതാണ് രാജിയിൽ കലാശിച്ചതെന്ന് അംഗം വൃക്തമാക്കി.