മിഴാവിൽ ആദ്യ താളം ചേർക്കാൻ അപൂർവ

Friday 12 September 2025 12:47 AM IST

  • കലാമണ്ഡലത്തിൽ മിഴാവ് പഠിക്കാൻ ആദ്യ പെൺകുട്ടി

ചെറുതുരുത്തി : കലാമണ്ഡലത്തിൽ മിഴാവ് പഠിക്കാനെത്തുന്ന ആദ്യ പെൺകുട്ടിയായി അപൂർവ ആർതർ. കർണാടക കൽബുർഗിയിൽ ആർതർ - ഷീല ദമ്പതിമാരുടെ മകളായ അപൂർവ ആർതറാണ് (35) ചരിത്രത്തിന്റെ ഭാഗമാകാൻ കലാമണ്ഡലത്തിൽ അരങ്ങേറ്റം കുറിച്ചത്. മിഴാവിൽ രണ്ട് വർഷത്തെ ബിരുദാനന്തര ബിരുദത്തിനാണ് പ്രവേശനം നേടിയത്.

ബെംഗളൂരു ബോൾബാൾഡ് വിൻ സ്‌കൂളിൽ നിന്ന് പത്താം ക്ലാസും ക്രൈസ്റ്റ് കോളേജിൽ നിന്ന് പ്ലസ് ടുവും ഡിഗ്രിയും പൂർത്തിയാക്കിയ അപൂർവ കുട്ടിക്കാലം മുതലേ സ്റ്റേജ് ആർട്ടിസ്റ്റാകാനുള്ള ശ്രമത്തിലായിരുന്നു. 21ാം വയസിൽ പുതുച്ചേരി ആദിശക്തിയിൽ സ്‌റ്റേജ് പെർഫോമറായി പരിശീലനം തുടങ്ങി. പിന്നീട് അവിടെ വിസിറ്റിംഗ് പ്രൊഫസറായി. മിഴാവ് ആചാര്യൻ കലാമണ്ഡലം ഈശ്വരനുണ്ണിയിൽ നിന്ന് വർഷത്തിൽ രണ്ട് ദിവസം മിഴാവ് പഠിച്ചുതുടങ്ങി. കഴിഞ്ഞ മാർച്ചിൽ ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിലെത്തിയ അപൂർവ കലാമണ്ഡലം രാജീവിൽ നിന്ന് മിഴാവ് പഠനം പുനരാരംഭിച്ചു.

കലാമണ്ഡലം അപേക്ഷ ക്ഷണിച്ച് ഇന്റർവ്യൂ നടത്തിയാണ് അപൂർവയ്ക്ക് മൂന്ന് ആൺകുട്ടികളോടൊപ്പം പ്രവേശനം നൽകിയത്. ഇന്നലെ കലാമണ്ഡലത്തിലെ കൂടിയാട്ടം കളരിയിലെത്തി പൂർവികരായ ഗുരുക്കന്മാർക്കും നിലവിലെ അദ്ധ്യാപകർക്കും ദക്ഷിണ വച്ച് കൊട്ടി വിദ്യാരംഭം കുറിച്ചു. കലാമണ്ഡലം അച്യുതാനന്ദൻ വിദ്യാരംഭത്തിന് നേതൃത്വം നൽകി. മിഴാവ് അദ്ധ്യാപകൻ കലാമണ്ഡലം രതീഷ് ഭാസാണ് അദ്ധ്യയന വർഷത്തിൽ അപൂർവയുടെ ഗുരുനാഥൻ.