മൗറീഷ്യസിന് ഇന്ത്യയുടെ സാമ്പത്തിക പാക്കേജ്, 68.1 കോടി ഡോളർ പ്രഖ്യാപിച്ച് മോദി
ന്യൂഡൽഹി: മൗറീഷ്യസിലെ അടിസ്ഥാന വികസനത്തിന് 68.1 കോടി ഡോളർ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മൗറീഷ്യസിലെ വിവിധ വികസന പദ്ധതികളിൽ ഇന്ത്യ 65.6 കോടി ഡോളർ ചെലവഴിക്കും. 2.5 കോടി ഡോളർ ധനസഹായവും നൽകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയിൽ മൗറീഷ്യസ് പ്രധാനമന്ത്രി ഡോ. നവീൻചന്ദ്ര രാംഗൂലവുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാണ് പ്രഖ്യാപനം.
മൗറീഷ്യസ് തുറമുഖത്തിന്റെ പുനർനിർമ്മാണം,ചാഗോസ് സമുദ്ര സംരക്ഷിത പ്രദേശ വികസനം,മൗറീഷ്യസ് എസ്.എസ്.ആർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ എ.ടി.സി ടവർ നിർമ്മാണം,മോട്ടോർവേ എം-4 വികസനം,റിംഗ് റോഡ് ഘട്ടം-2 വികസനം,മൗറീഷ്യസിലെ തുറമുഖ നവീകരണം എന്നിവയും മൗറീഷ്യസിൽ ഒരു ആയുഷ് സെന്റർ ഒഫ് എക്സലൻസ്,500 കിടക്കകളുള്ള സർ സീവൂസാഗുർ റാംഗൂലം നാഷണൽ ആശുപത്രി,ഒരു വെറ്ററിനറി സ്കൂൾ,മൃഗാശുപത്രി എന്നിവ സ്ഥാപിക്കുന്നതും പാക്കേജിൽ ഉൾപ്പെടുന്നു.
കൂട്ടായ ഭാവിക്കുള്ള
നിക്ഷേപം: മോദി
പാക്കേജ് ഒരു സഹായമല്ലെന്നും ഇരു രാജ്യങ്ങളുടെയും കൂട്ടായ ഭാവിയിലേക്കുള്ള ഒരു നിക്ഷേപമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയും മൗറീഷ്യസും രണ്ട് രാഷ്ട്രങ്ങളാണെങ്കിലും സ്വപ്നങ്ങളും ഭാഗധേയവും ഒന്നാണ്. മൗറീഷ്യസിന്റെ ആവശ്യങ്ങളെയും മുൻഗണനകളെയും പിന്തുണയ്ക്കുന്നതിനായി രൂപകല്പന പാക്കേജാണിത്. മൗറീഷ്യസിന്റെ വികസനത്തിൽ വിശ്വസ്ത പ്രഥമ പങ്കാളിയാകുന്നതിൽ ഇന്ത്യ അഭിമാനിക്കുന്നു. പാക്കേജ് അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യും. കഴിഞ്ഞ വർഷം മൗറീഷ്യസിൽ യു.പി.ഐ,റുപേ കാർഡുകൾ ആരംഭിച്ചത് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇനി പ്രാദേശിക കറൻസികളിൽ വ്യാപാരം സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് സഹായങ്ങൾ
ടാമരിൻഡ് വെള്ളച്ചാട്ടത്തിൽ 17.5 മെഗാവാട്ട് ഫ്ലോട്ടിംഗ് സോളാർ പവർ പ്ലാന്റ് സ്ഥാപിക്കാനുള്ള സഹായം,
മൗറീഷ്യസിൽ ഒരു പുതിയ ശാസ്ത്ര സാങ്കേതിക ഡയറക്ടറേറ്റ്, മിഷൻ കർമ്മയോഗിയുടെ പരിശീലന മൊഡ്യൂളുകളും തുടങ്ങും
മദ്രാസ് ഐ.ഐ.ടി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പ്ലാന്റേഷൻ മാനേജ്മെന്റും മൗറീഷ്യസ് സർവകലാശാലയും തമ്മിൽ ധാരണ.
ശാസ്ത്ര സാങ്കേതികം, ഊർജ്ജം, ഹൈഡ്രോഗ്രാഫി, ചെറുകിട വികസന പദ്ധതികൾക്കുള്ള ധനസഹായം,ബഹിരാകാശ ഗവേഷണം തുടങ്ങിയ മേഖലകളിലെ സഹകരണത്തിനുള്ള കരാറുകളും ഒപ്പിട്ടു.