എക്സൈസ് സ്പെഷ്യൽ ഡ്രൈവ്; 254 കേസുകൾ രജിസ്റ്റർ ചെയ്തു, അറസ്റ്റിലായത് 252 പേർ
മലപ്പുറം: ഓണത്തോടനുബന്ധിച്ച് ജില്ലയിലേക്ക് വ്യാജമദ്യവും ലഹരി വസ്തുക്കളും എത്താനുള്ള സാദ്ധ്യത മുന്നിൽക്കണ്ട് എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ സ്‌പെഷ്യൽ ഡ്രൈവ് പൂർത്തിയായപ്പോൾ ജില്ലയിൽ രജിസ്റ്റർ ചെയ്തത് 107 എൻ.ഡി.പി.എസ്, 147 അബ്കാരി കേസുകൾ. എൻ.ഡി.പി.എസ് കേസിൽ 109 പേരെയാണ് അറസ്റ്റ് ചെയ്തത്. അബ്കാരി കേസിൽ 143 പേരും അറസ്റ്റിലായി. ആഗസ്ത് നാല് മുതൽ ഈ മാസം 10 വരെയായിരുന്നു പരിശോധന. എക്‌സൈസ് ഇൻസ്‌പെക്ടർ, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിൽ ആന്റിനാർക്കോട്ടിക്ക് സ്‌പെഷ്യൽ സ്‌ക്വാഡ്, ഹൈവേ പെട്രോളിംഗ്, ജില്ലാ ഇന്റലിജൻസ് വിഭാഗം, 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ യൂണിറ്റ് എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്. ജില്ലയിലെ രണ്ട് ഓഫീസുകളിലായി സ്‌ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റും രൂപീകരിച്ചിരുന്നു.
നഗരത്തിന്റെ വിവിധ ഇടങ്ങൾ, അടച്ച് പൂട്ടിയ സ്ഥാപനങ്ങൾ, ആളൊഴിഞ്ഞ പറമ്പുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ, സ്കൂൾ പരിസരങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, റിസോർട്ടുകൾ എന്നിവിടങ്ങളിൽ ലഹരി മരുന്നുകൾ എത്തിക്കാൻ സാദ്ധ്യതയുള്ളതിനാൽ ഇവിടങ്ങളിലെല്ലാം പരിശോധന ശക്തമാക്കിയിരുന്നു. പൊലീസ്, ആർ.ടി.ഒ, റെയിൽവേ, കോസ്റ്റൽ പൊലീസ് എന്നിവരുമായി സഹകരിച്ചുള്ള പരിശോധനകളും സജീവമായിരുന്നു. ലഹരി വിൽപ്പനയുമായി ബന്ധപ്പെട്ട കേസുകളിൽ മുൻകാലങ്ങളിൽ പിടിയിലായവരെ നിരീക്ഷിച്ച് വരുന്നതിനൊപ്പം ഇവ വിൽപ്പന നടത്താനിടയുള്ള പ്രദേശങ്ങളിൽ വ്യാപക പരിശോധനയും നടത്തി.
എൻ.ഡി.പി.എസ് കേസുകൾ
കഞ്ചാവ് - 41.838 കിലോഗ്രാം കഞ്ചാവ് ചചെടി - 3 ഹെറോയിൻ - 10.753 ഗ്രാം മെത്താഫിറ്റമിൻ - 204.659 ഗ്രാം മാരുതി സ്വിഫ്റ്റ് കാർ - 1
അബ്കാരി കേസുകൾ
വിദേശ മദ്യം - 673.425 ലിറ്റർ വാഷ് - 3,068 ചാരായം - 107.75 ലിറ്റർ കള്ള് - 50.5 ലിറ്റർ വാഹനങ്ങൾ - 18