ഇസ്രയേൽ ആക്രമണം : അടിയന്തര അറബ് - ഇസ്ലാമിക് ഉച്ചകോടിക്ക് ഖത്തർ

Friday 12 September 2025 7:03 AM IST

ദോഹ : തലസ്ഥാനമായ ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിന് തിരിച്ചടി നൽകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ, അടിയന്തര അറബ് - ഇസ്ലാമിക് ഉച്ചകോടി നടത്താൻ തീരുമാനിച്ച് ഖത്തർ. ഞായർ, തിങ്കൾ ദിവസങ്ങളിൽ നടക്കുന്ന ഉച്ചകോടിയിൽ ഇസ്രയേലിന് എപ്രകാരം മറുപടി നൽകണമെന്നത് ചർച്ചയാകും. നേതാക്കൾ ഒറ്റക്കെട്ടായി തീരുമാനമെടുക്കും.

ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള മദ്ധ്യസ്ഥ ശ്രമങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് ഖത്തർ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ സംഘർഷം രൂക്ഷമാക്കുന്ന നടപടികളിൽ നിന്ന് വിട്ടുനിന്നേക്കുമെന്നാണ് സൂചന. ഖത്തറിന്റെ പരമാധികാരം ലംഘിച്ചതിനെ അംഗീകരിക്കില്ലെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ താനി പറഞ്ഞു.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ (ഐ.സി.സി) നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേലിന് ഭീഷണി സൃഷ്ടിക്കാത്ത രാജ്യങ്ങളെ കൂടി അപകടപ്പെടുത്താനാണ് നെതന്യാഹുവിന്റെ ശ്രമമെന്നും കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച വടക്കൻ ദോഹയിലെ ഹമാസ് ആസ്ഥാനത്തുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ 5 ഹമാസ് അംഗങ്ങളും ഖത്തർ സുരക്ഷാ സേനാംഗവും കൊല്ലപ്പെട്ടിരുന്നു.

 ട്രംപിന് കടുത്ത അതൃപ്തി

തങ്ങളുടെ താത്പര്യങ്ങൾ വകവയ്ക്കാതെ ഖത്തറിന് നേരെ അപ്രതീക്ഷിത ആക്രമണം നടത്തിയ ഇസ്രയേലിനോട് കടുത്ത അതൃപ്തി പ്രകടിപ്പിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആക്രമണം ബുദ്ധിപരമായിരുന്നില്ലെന്നും താൻ അസന്തുഷ്ടനാണെന്നും ട്രംപ് നെതന്യാഹുവിനെ അറിയിച്ചെന്നാണ് റിപ്പോർട്ട്. ആക്രമണം യു.എസ്-ഖത്തർ ബന്ധത്തെ ഉലച്ചിരിക്കുയാണ്. യു.എസിന്റെ നാറ്റോ ഇതര സഖ്യരാജ്യമാണ് ഖത്തർ. നാല് മാസം മുന്നേ ട്രംപ് ഖത്തറിലെത്തി പ്രതിരോധ കരാറുകളിൽ ഒപ്പിട്ടിരുന്നു. യു.എസിന്റെ മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ സൈനിക ബേസായ അൽ-ഉദെയ്ദ് സ്ഥിതി ചെയ്യുന്നത് ഖത്തറിലാണ്. അതിനാൽ ഖത്തറുമായുള്ള ബന്ധം യു.എസിന് ഏറെ പ്രധാനമാണ്. അൽ-ഉദെയ്ദിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് ആക്രമണമുണ്ടായത്.

# അൽ-ഉദെയ്ദ്

എയർ ബേസ്

 ദോഹയ്ക്ക് തെക്കുപടിഞ്ഞാറായി 30 കിലോമീറ്റർ അകലെ മരുഭൂമിയിൽ സ്ഥിതി ചെയ്യുന്നു

 നിർമ്മിച്ചത് 1996ൽ. 12 ചതുരശ്ര മൈൽ പ്രദേശം

 ആദ്യകാലത്ത് എയർബേസ് സ്ഥിതി ചെയ്യുന്ന രാജ്യമടക്കം വിവരങ്ങൾ അമേരിക്ക അതീവ രഹസ്യമായി സൂക്ഷിച്ചിരുന്നു

 യു.എസ് സെൻട്രൽ കമാൻഡിന്റെ ആസ്ഥാനം ഇവിടെ

 യു.എസിന്റെയും സഖ്യ കക്ഷികളുടെയുമായി 11,000ത്തിലേറെ സൈനികർ ഇവിടെയുണ്ട്

 യു.എസിന്റെ പേട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ഇവിടെയുണ്ട്

 മിഡിൽ ഈസ്റ്റിലെ ഭീഷണികൾ നേരിടാൻ ബേസ് സജ്ജം

 12,000 അടി നീളമുള്ള രണ്ട് റൺവേകൾ. ബോംബറുകൾ, കാർഗോ, യുദ്ധവിമാനങ്ങൾ, ഡ്രോൺ, ഇന്ധന ടാങ്കറുകൾ തുടങ്ങിയ ഭീമൻ സൈനിക വിമാനങ്ങളുടെ ലാൻഡിംഗിന് അനുകൂലം

 താലിബാൻ, അൽ ക്വഇദ, ഐസിസ് തുടങ്ങിയവർക്കെതിരെയുള്ള സൈനിക ദൗത്യങ്ങൾക്ക് യു.എസ് ഉപയോഗിച്ചു

 മാനുഷിക ദൗത്യങ്ങൾ ഏകോപിപ്പിക്കുന്നു

 ബേസിന്റെ നിർമ്മാണത്തിലും വികസനത്തിലും ഖത്തർ സർക്കാരിന്റെ കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം

 ജൂണിൽ ബേസിന് നേരെ ഇറാന്റെ മിസൈലാക്രമണമുണ്ടായെങ്കിലും ആളപായമുണ്ടായില്ല