കുമാരനല്ലൂരിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം

Friday 12 September 2025 7:19 AM IST

കോട്ടയം:കാറിന് പിന്നിൽ മറ്റൊരു കാറിടിച്ചുണ്ടായ അപകടത്തിൽ യുവാക്കൾക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല. ഇന്നലെ രാവിലെ 9.30 ഓടെ കുമാരനല്ലൂർ കൊച്ചാലഞ്ചോടിന് സമീപമാണ് അപകടം. കുടമാളൂർ ഭാഗത്ത് നിന്നും കുമാരനല്ലൂർ ഭാഗത്തേക്ക് വന്ന ഡിസയർ കാർ മുന്നിലുണ്ടായിരുന്ന റെനോ ക്വിഡ് കാറിന് പിന്നിലിടിച്ച് നിയന്ത്രണം നഷ്ടമായി റോഡിലേക്ക് തലകീഴായി മറിയുകയായിരുന്നു. പനമ്പാലം സ്വദേശി ബിജു, ആർപ്പൂക്കര സ്വദേശി വിഷ്ണു എന്നിവരുടെ കാറുകളാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ തലകീഴായി മറിഞ്ഞ ഡിസയർ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ക്വിഡിന്റെ പിൻ വശം തകർന്നിട്ടുണ്ട്. ഓടിക്കൂടിയ നാട്ടുകാർ കാറിലുണ്ടായിരുന്നവരെ പുറത്തെടുത്ത് കുടമാളൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഗാന്ധിഗർ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.