ഉള്ളിക്കച്ചവടം നടത്തിക്കൊണ്ടിരുന്ന  പിക്കപ്പ് വാനിലേക്ക് ബസ് ഇടിച്ച് കയറി

Friday 12 September 2025 7:21 AM IST

കോട്ടയം: കെ.കെ റോഡിൽ ഉള്ളി കച്ചവടം നടത്തിക്കൊണ്ടിരുന്ന പിക്കപ്പ് വാനിലേക്ക് ബസ് ഇടിച്ച് കയറി അപകടം. കച്ചവടക്കാരനും ബസ് യാത്രികരും പരിക്കേൽക്കാതെ തലനാരിഴക്ക് രക്ഷപെട്ടു. ഇന്നലെ വൈകിട്ട് 4.30ഓടെ വടവാതൂരിൽ താന്നിക്കപ്പടിയിലാണ് സംഭവം. പാതയോരത്ത് ഉള്ളി കച്ചവടം നടത്തുകയായിരുന്ന തമിഴ്‌നാട് പളനി സ്വദേശി പാണ്ഡ്യന്റെ വാഹനത്തിലേക്കാണ് കോട്ടയത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് അമിത വേഗതയിൽ ഇടിച്ചു കയറിയത്. ബസിന്റെ മുൻഭാഗവും തകർന്നു. ദേശീയപാതയിൽ ചാക്കിൽ കെട്ടിവച്ചിരുന്ന ഉള്ളി ചിതറി വീണു. ഏകദേശം ഒന്നര ടൺ ഉള്ളിയാണ് അപകടത്തെ തുടർന്ന് നഷ്ടപ്പെട്ടത്. റോഡിൽ ഗതാഗത തടസവും ഉണ്ടായി. കോട്ടയം ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.