മനസ്സോടിത്തിരി മണ്ണ്: വിഷ്ണുവിന് വീടൊരുങ്ങും

Friday 12 September 2025 7:24 AM IST

വൈക്കം: തളർന്നു വീഴുമ്പോൾ കൈപിടിച്ചു നടത്താൻ ആരൊക്കെയോ ചുറ്റുമുണ്ടെന്ന ആത്മവിശ്വാസത്തിന്റേതു കൂടിയാണ് ഉദയനാപുരം സ്വദേശി വിഷ്‌ണുവിന് ഇത്തവണത്തെ ഓണക്കാലം. അതിന് വഴിയൊരുക്കിയത് മന്ത്രി വി.എൻ.വാസവനും.

കാലിന് താഴേക്ക് ഞരമ്പുകളിൽ രക്തം കട്ടപിടിച്ച് ചലന ശേഷി നഷ്‌ടപ്പെട്ട ഉദയനാപുരം ഓണത്തോടി വീട്ടിൽ വിഷ്ണുവിനും കുടുംബത്തിനും സ്വന്തമായി വീടൊരുങ്ങുകയാണ്. സംസ്ഥാന സർക്കാരിന്റെ മനസ്സോടിത്തിരി മണ്ണ് പദ്ധതിയുടെ ഭാഗമായി തലയോലപ്പറമ്പ് ജന്റിൽമാൻ ചിട്സിന്റെ മാനേജിംഗ് ഡയറക്ടർ ബാബു കേശവൻ ഉദയനാപുരം പഞ്ചായത്ത് പത്താം വാർഡിൽ വീടു വയ്ക്കാൻ അനുയോജ്യമായ റോഡ് സൗകര്യത്തോടെയുള്ള നാല് സെൻ്റ് സ്ഥലം സൗജന്യമായി വാങ്ങി നൽകി. സ്ഥലത്തിന്റെ ആധാരം മന്ത്രി വാസവൻ വിഷ്ണുവിന് കൈമാറി.

സ്വന്തം പേരിൽ സ്ഥലമില്ല എന്ന കാരണത്താൽ ലൈഫ് ഭവന പദ്ധതിയിൽ ഉൾപെടാതെ പോയ വിഷ്ണുവിനും കുടുംബത്തിനും ഇനി സ്വന്തം സ്ഥലത്ത് ലൈഫ് പദ്ധതിയിൽ വീടൊരുങ്ങും. ചികിത്സ സംബന്ധമായ കാര്യങ്ങളുമായി ബന്ധപ്പെട്ട് മന്ത്രിയെ കാണാൻ എത്തിയപ്പോളാണ് വിഷ്ണുവിന്റെ അവസ്ഥ അദ്ദേഹം മനസിലാക്കിയത്.

നിർധന കുടുംബത്തിന്റെ ഏക അത്താണിയായ വിഷ്ണുവിന് രണ്ടുമാസം മുമ്പാണ് രക്തം കട്ടപിടിച്ച് ചലനശേഷി പൂർണമായും നഷ്ടപ്പെട്ടത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ശസ്ത്രക്രിയക്ക് ശേഷം വിഷ്ണുവിനെ വീട്ടിലേക്ക് അയക്കാനൊരുങ്ങുമ്പോഴാണ് വീടോ ഒരു തരി മണ്ണോ സ്വന്തമായില്ലെന്നും പിതൃ സഹോദരിയുടെ ഒറ്റമുറി വീട്ടിലാണ് വിഷ്ണുവും അമ്മയും സഹോദരിയും കഴിയുന്നതെന്നും സഹായികളായി ഒപ്പമുണ്ടായിരുന്ന സി.പി.എം പ്രവർത്തകർ അറിയുന്നത്. വിഷ്ണുവിന് അടിയന്തിരമായി മികച്ച ചികിത്സ ലഭ്യമാക്കുന്നതിലും മന്ത്രി നേരിട്ട് ഇടപെട്ടിരുന്നു.