ബോട്ട് ലീഗ് പതിന്നാലിടത്ത്,​ ​ ചോദ്യ ചിഹ്‌നമായി ചുണ്ടന്മാർ

Friday 12 September 2025 7:26 AM IST

കോട്ടയം: ഈ വർഷത്തെ ചാമ്പ്യൻസ് ബോട്ട് ലീഗ് സംസ്ഥാനത്ത് 14 ഇടങ്ങളിൽ നടത്താനുള്ള പ്രഖ്യാപനമായിട്ടും ലീഗിൽ മത്സരിക്കേണ്ട 9 ചുണ്ടൻ വള്ളങ്ങളുടെ കാര്യത്തിൽ തീരുമാനം നീളുന്നു.

നെഹ്‌റു ട്രോ ഫിയിൽ പങ്കെടുത്ത 19 ചുണ്ടന്മാരിൽ മികച്ച സമയം കണ്ടെത്തി ഒമ്പതു സ്ഥാനങ്ങളിലെത്തിയ വള്ളങ്ങളാണ് ലീഗിൽ പങ്കെടുക്കുക. വില്ലേജ് ബോട്ട് ക്ലബിന്റെ വീയപുരം ചുണ്ടനാണ് ഈ വർഷത്തെ നെഹ്‌റു ട്രോഫി നേടിയത്. പുന്നമട ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടൻ,​പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ മേൽപ്പാട് ചുണ്ടൻ,​ നിരണം ബോട്ട് ക്ലബിന്റെ നിരണം ചുണ്ടൻ എന്നിവ രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്‌തെങ്കിലും പരാതിയെ തുടർന്ന് ഒന്നാം സ്ഥാനം മാത്രമാണ് പ്രഖ്യാപിച്ചത്.

ഓരോ ചുണ്ടനിലും 25ൽ കൂടുതൽ അന്യസംസ്ഥാന തുഴച്ചിൽ കാർ പാടില്ലെന്ന നിയമം ഫൈനലിലെത്തിയ രണ്ടു ടീമുകൾ പാലിച്ചില്ലെന്ന പരാതിയിൽ ആലപ്പുഴ ജില്ലാ കളക്ടർ അദ്ധ്യക്ഷനായ ബോട്ട് റേസ് കമ്മിറ്റി തീരുമാനം എടുത്തിട്ടില്ല. ആദ്യ എട്ടു സ്ഥാനങ്ങൾ കണ്ടെത്താനുള്ള ലൂസേഴ്സ് ഫൈനലിൽ യു.ബി.സിയുടെ തലവടി ചുണ്ടൻ വിട്ടു നിന്നു. ഫൈനലിസ്റ്റുകളായ രണ്ടു ചുണ്ടനുകളിൽ കൂടുതൽ അന്യസംസ്ഥാന തൊഴിലാളികളുണ്ടെന്നു തെളിഞ്ഞാൽ അവർ പുറത്താകും. ലൂസേഴ്സ് ഫൈനലിൽ നിന്നു വിട്ടു നിന്ന ടീമും പുറത്തു പോയാൽ സെക്കൻഡ് ലൂസേഴ്സ് ഫൈനലിലെ ടീമുകൾക്കാകും അവസരം.

കുമരകം ടൗൺബോട്ട് ക്ലബിന്റെ നടുഭാഗം,​ എയ്ഞ്ചൽ ബോട്ട് ക്ലബിന്റെ നടുവിലേപ്പറമ്പൻ ചുണ്ടനുകൾ ലൂസേഴ്സ് ഫൈനലിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയതിനാൽ ആദ്യ ഒമ്പതിൽവരും. ലൂസേഴ്സ് ഫൈനലിൽ ഒരു ടീം വിട്ടു നിന്നതിനാൽ സെക്കന്റ് ലൂസേഴ്സിൽ ഒന്നാമതെത്തിയ ചങ്ങനാശേരി ബോട്ട് ക്ലബിന്റെ ചമ്പക്കുളം ചുണ്ടനും ലീഗിൽ അവസരം ലഭിച്ചാൽ കോട്ടയത്തു നിന്ന് മൂന്ന് ടീമുകൾ ലീഗിനുണ്ടാകും

ലീഗ് ഇവിടങ്ങളിൽ

ഈ മാസം 19ന് കൈനകരിയിലാണ് ആദ്യ ലീഗ് മത്സരം. മുഖ്യമന്ത്രിയുടെ ജന്മനാടായ ധർമ്മടത്തെ രണ്ടാം ലീഗിന്റെ തീയതി തീരുമാനിച്ചിട്ടില്ല. 27ന് കോട്ടയം താഴത്തങ്ങാടി ആറ്റിലാണ് മൂന്നാം ലീഗ്. ചെറുവത്തൂർ ,​പിറവം , മറൈൻഡ്രൈവ്,​ബേപ്പൂർ,​കോട്ടപ്പുറം,​പുളിങ്കുന്ന്,​ കരുവാറ്റ,​പാണ്ടനാട്,​ കായങ്കുളം,​കല്ലട,​കൊല്ലം എന്നിവിടങ്ങളിലാണ് മറ്റുവേദികൾ.

കൂടുതൽ പോയിന്റോടെ ഒന്നാമതെത്തുന്ന ടീമിന് 25 ലക്ഷവും രണ്ടും മൂന്നാം സ്ഥാനക്കാ‌ർക്ക് യഥാക്രമം 15,​10 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. 14 മത്സരങ്ങളിലും ഓരോടീമിനുംഅഞ്ചു ലക്ഷം വീതം ബോണസുമുണ്ട്.