തദ്ദേശ തിരഞ്ഞെടുപ്പ് അടുക്കവെ ക്രിസ്ത്യൻ ഔട്ട് റീച്ചുമായി ബി.ജെ.പി
ക്ലാസെടുത്തത് കത്തോലിക്ക ബിഷപ്പ് കോൺഫ്രൻസ് ഓഫ് ഇന്ത്യ സെക്രട്ടറി
കോട്ടയം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് സ്വാധീനമില്ലാത്ത ക്രൈസ്തവ മേഖലകളിൽ വോട്ടുറപ്പിക്കാൻ ക്രിസ്‌ത്യൻ ഔട്ട് റീച്ച് സെല്ലുമായി ബി.ജെ.പി. ഇതിന്റെ ഭാഗമായി കത്തോലിക്ക ബിഷപ്പ് കോൺഫ്രൻസ് ഓഫ് ഇന്ത്യ (കെ.സി.ബി.സി) സെക്രട്ടറി അഡ്വ. വി.സി സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ക്രിസ്ത്യൻ അവകാശങ്ങളെക്കുറിച്ചുള്ള പഠന ക്ലാസ് കോട്ടയത്തു നടത്തി. ന്യൂനപക്ഷ മോർച്ചനേതാക്കളാണ് പരിപാടിയിൽ പങ്കെടുത്തത്. പ്രത്യേക ക്ഷണിതാവായാണ് കെ.സി.ബി.സി സെക്രട്ടറി എത്തിയത്.
ക്രിസ്ത്യൻ അവകാശം,മതസ്വാതന്ത്യം എന്നിവയെക്കുറിച്ചായിരുന്നു ക്ലാസ്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും പങ്കെടുത്തു. ബി.ജെപിയുടെ വികസന സന്ദേശം എല്ലാ വിഭാഗങ്ങളിലും എത്തിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ക്രിസ്ത്യൻ ഔട്ട് റീച്ച് പരിപാടി എന്നായിരുന്നു സംസ്ഥാന പ്രസിഡന്റിന്റെ പ്രതികരണം.
വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ കത്തോലിക്കാ കോൺഗ്രസ് സഭയുടെ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ബി.ജെ.പിക്ക് സ്വാധീനമില്ലാത്ത ക്രൈസ്തവ മേഖലകളിൽ കത്തോലിക്ക കോൺഗ്രസ് സ്ഥാനാർത്ഥികളെ സഹായിക്കുന്ന നിലപാട് സ്വീകരിക്കാനാണ് ആലോചന. ഇതിന്റെ ഭാഗമായാണ് കെ.സി.ബി.സി സെക്രട്ടറിയെ പങ്കെടുപ്പിച്ചുള്ള ക്രിസ്ത്യൻ ഔട്ട് റീച്ച് പരിപാടിയെന്നാണ് ഒരുന്നത നേതാവ് പ്രതികരിച്ചത്.
ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീമാർക്ക് ജാമ്യം ലഭിക്കുന്നതിന് രാജീവ് ചന്ദ്രശേഖർ, അനൂപ്ആന്റണി,ഷോൺ ജോർജ് തുടങ്ങിയ സംസ്ഥാനനേതാക്കൾ ശക്തമായ ഇടപെടൽ നടത്തിയിരുന്നു. ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാരുമായി കൂടുതൽ അടുക്കാൻ ഇത് സഹായകമായി .ഇതിന്റെ തുടർച്ചയായിട്ടാണ് ക്രൈസ്തവ സഭാ നേതാക്കളെ പങ്കെ
ടുപ്പിച്ചുള്ള ക്രിസ്ത്യൻ ഔട്ട് റീച്ച് പരിപാടി.അനൂപ് ആന്റണി ,ഷോൺ ജോർജ് എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.