വാഷിംഗ് മെഷീനെച്ചൊല്ലിയുളള തർക്കം; യുഎസിൽ ഇന്ത്യാക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി
വാഷിംഗ്ടൺ: യുഎസിൽ ജോലിയുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെതുടർന്ന് മോട്ടലിൽ ഇന്ത്യാക്കാരനെ തലയറുത്ത് കൊന്നു. കർണാടക സ്വദേശിയും മോട്ടലിലെ ജീവനക്കാരനുമായ ചന്ദ്ര നാഗമല്ലയ്യയാണ് (50) കൊല്ലപ്പെട്ടത്. ഡാളസ് നഗരത്തിൽ കഴിഞ്ഞ ദിവസമായിരുന്നു കൊലപാതകം. സംഭവത്തിൽ മോട്ടലിലെ ജീവനക്കാരനായ യോർദാനിസ് കോബോസ് മാർട്ടിനെസിനെ (37) പൊലീസ് അറസ്റ്റ് ചെയ്തു.
യോർദാനിസും മറ്റൊരു ജീവനക്കാരനും മോട്ടലിലെ മുറി വൃത്തിയാക്കുകയായിരുന്നു. അതിനിടയിൽ അവിടേക്ക് വന്ന നാഗമല്ലയ്യ കേടായ വാഷിംഗ് മെഷീൻ ഉപയോഗിക്കരുതെന്ന് യോർദാനിസിനോട് പറയാൻ ജീവനക്കാരനെ ഏൽപ്പിച്ചു. തന്നോട് നേരിട്ട് പറയാതെ മറ്റൊരാൾ വഴി സംസാരിക്കുന്നുവെന്ന് ആരോപിച്ചാണ് നാഗമല്ലയ്യയെ യോർദാനിസ് ആക്രമിച്ചത്. തുടർന്ന് വടിവാളെടുത്ത് പ്രതി പലതവണ നാഗമല്ലയ്യയെ കുത്തുകയായിരുന്നു. പാർക്കിംഗ് ഭാഗത്തേക്ക് ഓടി രക്ഷപ്പെടാൻ നാഗമല്ലയ്യ ശ്രമിച്ചെങ്കിലും യോർദാനിസ് പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. ഇതിനിടയിൽ നാഗമല്ലയ്യയുടെ ഭാര്യയും 18 വയസുളള മകനും പ്രതിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവരെ തള്ളിയിട്ട ശേഷം നാഗമല്ലയ്യയെ കഴുത്തറത്ത് കൊലപ്പെടുത്തി.
ഇതിനുപിന്നാലെ യോർദാനിസ് നാഗമല്ലയ്യയുടെ തലയെടുത്ത് സമീപത്തുളള മാലിന്യക്കൂമ്പാരത്തിലേക്ക് കൊണ്ടുപോകും വഴിയാണ് പൊലീസ് പിടിയിലായത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. സംഭവത്തിൽ ഇന്ത്യൻ കോൺസുലേറ്റ് അനുശോചനമറിയിച്ചു. ഞങ്ങൾ നാഗമല്ലയ്യയുടെ കുടുംബവുമായി ബന്ധപ്പെടുകയും സാദ്ധ്യമായ സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കോൺസുലേറ്റ് എക്സിൽ അറിയിച്ചു. പ്രതി മുൻപും ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.