കോഴിക്കോട് സ്വദേശി വിജിലിന്റെ തിരോധാനം; മൃതദേഹ അവശിഷ്ടം കണ്ടെത്തി, കേസിൽ നിർണായകം
കോഴിക്കോട്: ആറ് വർഷങ്ങൾക്ക് മുമ്പ് കാണാതായ കോഴിക്കോട് സ്വദേശി വിജിലിന്റെ അസ്ഥികൾ കണ്ടെത്തി. സരോവരം പാർക്കിലെ ചതുപ്പിൽ നിന്നാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. മൃതദേഹം കെട്ടിത്താഴ്ത്താൻ ഉപയോഗിച്ച കല്ലുകളും കണ്ടെത്തിയിട്ടുണ്ട്. കാണാതായ വിജിലിന്റെ സുഹൃത്തുക്കളുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ പൊലീസ് ഒരു മാസത്തോളമായി മൃതദേഹത്തിനായുള്ള തെരച്ചിൽ നടത്തുകയാണ്.
കഴിഞ്ഞ ദിവസം വിജിലിന്റേതെന്ന് സംശയിക്കുന്ന ഒരു ഷൂ ലഭിച്ചിരുന്നു. ഈ പരിസരത്ത് പരിശോധിച്ചപ്പോഴാണ് ഇപ്പോൾ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇതോടെ കേസിൽ നിർണായകമായ തെളിവാണ് ലഭിച്ചിരിക്കുന്നത്. വിജിലിനെ ചതുപ്പിൽ കുഴിച്ചു മൂടിയെന്നാണ് സുഹൃത്തുക്കൾ വെളിപ്പെടുത്തിയത്. വിജിലിനെ കാണാനില്ലെന്ന പരാതിയിൽ എലത്തൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ സുഹൃത്തുക്കളിലേക്ക് സംശയം വ്യാപിച്ചെങ്കിലും തുടരന്വേഷണം എങ്ങും എത്തിയിരുന്നില്ല. സ്റ്റേഷനിൽ പുതുതായെത്തിയ എസ്എച്ച്ഒ രഞ്ജിത്ത് കെആർ സിറ്റി പൊലീസ് കമ്മിഷണർ ടി നാരായണന്റെ നിർദ്ദേശ പ്രകാരം കേസ് ഏറ്റെടുത്തതോടെയാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.
അമിതമായി ലഹരി ഉപയോഗിച്ചതിനെ തുടർന്ന് വിജിൽ മരിച്ചെന്നും മൃതദേഹം ചതുപ്പിൽ കുഴിച്ചുമൂടിയെന്നും സുഹൃത്തുക്കൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. എരഞ്ഞിപ്പാലം വാഴതിരുത്തി കുളങ്ങരക്കണ്ടിയിൽ നിഖിൽ കെ.കെ, വേങ്ങേരി സ്വദേശി ദീപേഷ് എന്നിവരാണ് സുഹൃത്തുക്കൾ. പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കൊയിലാണ്ടി ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. മനഃപൂർവമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കൽ, മൃതദേഹത്തോട് അനാദരവ് കാണിക്കൽ തുടങ്ങിയ വകുപ്പുകൾ മാത്രം ചേർത്താണ് പൊലീസ് ഇപ്പോൾ കേസെടുത്തിട്ടുള്ളത്.
2019 മാർച്ച് 29നാണ് വിജിലിനെ കാണാതായത്. 'ഇപ്പോൾ വരാം' എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ വിജിൽ തിരിച്ചെത്തിയിരുന്നില്ല. വിജിലിന്റെ മരണം കൊലപാതകമല്ലെന്നും ലഹരിയുടെ അമിത ഉപഭോഗം മൂലമുണ്ടായതാണെന്നുമാണ് സുഹൃത്തുക്കൾ പൊലീസിന് നൽകിയ മൊഴി. സരോവരത്തെ ആളൊഴിഞ്ഞ പറമ്പിൽ ബ്രൗൺ ഷുഗർ ഉപയോഗിക്കുന്നതിനിടെ കൂടിയ അളവിൽ അത് വിജിലിന്റെ ശരീരത്തിലെത്തുകയും മരണം സംഭവിക്കുകയുമായിരുന്നുവത്രെ. നിഖിലാണ് മയക്കുമരുന്ന് വിജിലിന് കുത്തിവച്ചത്. വിജിൽ മരിച്ചെന്ന് മനസ്സിലാക്കിയ പ്രതികൾ തെളിവ് നശിപ്പിക്കാനായി മൃതദേഹം ചതുപ്പിൽ കല്ലുകെട്ടി താഴ്ത്തിയെന്നാണ് പൊലീസിന് നൽകിയ മൊഴി.
വിജിലും പിടിയിലായ പ്രതികളും ചെറുപ്പം മുതലേ ഉറ്റ സുഹൃത്തുക്കളായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും ഫോൺ ടവർ കേന്ദ്രീകരിച്ചുമെല്ലാം നടത്തിയ അന്വേഷണത്തിൽ വിജിൽ സുഹൃത്തുക്കൾക്കൊപ്പം പോയതാണെന്ന് പൊലീസ് കണ്ടെത്തി. ഈ സൂചനകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്. യുവാക്കളുടെ മൊഴികളിലെ വൈരുദ്ധ്യവും തുണയായി.