നമുക്കും നല്ല മനുഷ്യരാകണ്ടേ !
''പഴയൊരു സംഭവകഥയാണ്. ഒരു യുവസന്യാസി തന്റെ ഗുരുസന്നിധിയിലെത്തി ഒരാഗ്രഹം പങ്കുവച്ചു: ഗുരുവിന്റെ പിൻഗാമി മഠാധിപതിയാകാൻ തനിക്ക് ആഗ്രഹമുണ്ട്, അതിന് എന്താണ് താൻ ചെയ്യേണ്ടത്? പ്രിയ ശിഷ്യന്റെ ആഗ്രഹം കേട്ട ഗുരു, ഇപ്രകാരം പറഞ്ഞു: 'അന്യരുടെ കുറ്റങ്ങളിലേക്കും, കുറവുകളിലേക്കും കണ്ണു ചെന്നെത്താത്ത ഒരു മനുഷ്യനെയെങ്കിലും കണ്ടെത്തി വിവരം അറിയിക്കുക. നിന്റെ കണ്ടെത്തൽ, സത്യമാണെന്ന് എനിക്ക് ബോദ്ധ്യപ്പെടുകയും വേണം. മനസിലായോ?" അപ്രകാരം ഒരു വ്യക്തിയെ കണ്ടെത്തുകയെന്ന പരിശ്രമത്തിലായിരുന്നു യുവസന്യാസി! അതുകൊണ്ടു തന്നെ അദ്ദേഹം വേഷപ്രച്ഛന്നനായിട്ടായിരുന്നു യാത്ര തുടങ്ങിയത്. അപൂർവഗുണമുള്ള അത്തരം ഒരാളെ കാണാനിടയായാൽ, ഗുരുവിനെ അറിയിക്കണം. കണ്ടെത്തൽ ശരിയാണെന്ന് ഗുരുവിന് ബോദ്ധ്യപ്പെട്ടാൽ, ആഗ്രഹ സഫലീകരണത്തിന് സാദ്ധ്യതയായി! ഇപ്രകാരം, തന്റെ ആത്മീയ ജീവിതത്തിൽ സംഭവിക്കാനിടയുള്ള ശോഭന മുഹൂർത്തങ്ങളെയൊക്കെ സ്വപ്നം കണ്ടുകൊണ്ടായിരുന്നു അദ്ദേഹം യാത്രചെയ്തിരുന്നത്. എന്നാലും, എപ്പോഴെങ്കിലും താൻ തിരയുന്ന ആളിനെ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയോടെ അദ്ദേഹം മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു. അങ്ങനെ പോകുമ്പോഴാണ്, യുവസന്യാസി, അയൽരാജ്യത്ത് സോക്രട്ടീസ് എന്നു പേരുള്ള ചിന്തകനുള്ള വിവരം അറിയുന്നത്. ഇപ്പോൾ, കഥയുടെ കാലഘട്ടവും, അതിന്റെ പഴക്കവും മനസിലായല്ലോ?"" സദസ്യരെയാകെ വാത്സല്യപൂർവം നോക്കി പുഞ്ചിരിച്ചുകൊണ്ട് പ്രഭാഷകൻ ഇപ്രകാരം ചോദിച്ചു. തുടർന്നുള്ള തന്റെ വാക്കുകൾക്കായി ശ്രദ്ധയോടെയിരുന്ന സദസ്യരെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ഇപ്രകാരം തുടർന്നു: ''ജ്ഞാനിയായ സോക്രട്ടീസിനെ നമ്മുടെ യുവസന്യാസി കാണുമ്പോൾ, സൂര്യൻ പടിഞ്ഞാറേക്ക് മാറി കഴിഞ്ഞിരുന്നു. തെരുവിൽ ഒരു കടയുടെ മുന്നിൽ അടുക്കിവച്ചിരുന്ന വീഞ്ഞപ്പെട്ടികളുടെ മുകളിലിരുന്ന് സോക്രട്ടീസ് പോക്കുവെയിൽ കൊള്ളുകയായിരുന്നു. അതിനിടയിൽ ഒരു യുവാവ് അവിടെ ഓടിക്കിതച്ചെത്തി: 'ഗുരുവേ, എനിക്ക് ഒരു കാര്യം പറയണം. ഒരാളിനെക്കുറിച്ച് ഞാൻ കേട്ടതാണ്!" സോക്രട്ടീസ് സൗമ്യമായി ചിരിച്ചുകൊണ്ടു പറഞ്ഞു: 'ശരി, പക്ഷേ ആദ്യം മൂന്നു ചെറിയ പരീക്ഷകൾ കഴിഞ്ഞാലേ ഞാൻ നിന്നെ കേൾക്കൂ. ആദ്യ പരീക്ഷ– സത്യപരീക്ഷയാണ്- നീ പറയാൻ പോകുന്നത് മുഴുവനും സത്യമാണെന്ന് നിനക്ക് ഉറപ്പുണ്ടോ?" യുവാവ് തലതാഴ്ത്തി നിന്നു. 'രണ്ടാമത്തെ പരീക്ഷ– നന്മയുടേതാണ്- നീ, പറയാൻ പോകുന്നത് നല്ല കാര്യമാണോ?" യുവാവ് അല്പം മടിച്ചു: 'അല്ല, അതൊരു നല്ല കാര്യമല്ല." മൂന്നാമത്തെ പരീക്ഷ– ഉപകാരപ്രദമാണോഎന്നാണ് പരീക്ഷ- അതുകേട്ടാൽ, ആർക്കെങ്കിലും ഉപകാരപ്പെടുമോ?: 'അതുകൊണ്ട് ആർക്കും പ്രത്യേകിച്ച് ഉപകാരം ഒന്നുമില്ല.: " അപ്പോൾ സോക്രട്ടീസ് സ്നേഹത്തോടെ പറഞ്ഞു: 'കുഞ്ഞേ, നിനക്ക്, നീ പറയാൻ പോകുന്നത് സത്യമല്ലെന്നും, നല്ലതല്ലെന്നും, ഉപകാരപ്രദവുമല്ലെന്നും അറിയാമെങ്കിൽ, പിന്നെ ഞാനത് കേൾക്കുന്നതുകൊണ്ട് ആർക്കാണ് ഗുണം! അതിനാൽ അത് നീ പറയുന്നതും, ഞാൻ കേൾക്കുന്നതും നമുക്ക് ഒഴിവാക്കികൂടെ!" ഈ രംഗം ശ്രദ്ധയോടെ നോക്കിനിന്ന യുവസന്യാസി സ്വന്തം ഹൃദയത്തോടു മന്ത്രിച്ചു: ഞാൻ അന്വേഷിച്ചു നടന്ന ആളിനെ കണ്ടെത്തിയിരിക്കുന്നു! ഈ വാർത്ത തന്റെ ഗുരുവിനെ അറിയിക്കാൻ നമ്മുടെ യുവസന്യാസിക്ക് തിടുക്കമായി. എന്നാൽ, എപ്രകാരമാണ് താൻ സോക്രട്ടീസിൽ, തന്റെ ഗുരു പറഞ്ഞ ഗുണങ്ങൾ കണ്ടെത്തിയത് എന്ന് അപഗ്രഥനം നടത്തി, അത് ഇപ്രകാരമായിരുന്നു: അന്യന്റെ ന്യൂനതകളെപ്പറ്റിയുള്ള കേട്ടുകേൾവികളുടെ അടിസ്ഥാനത്തിലായിരുന്നു, ആ യുവാവ് അത്തരം വിവരങ്ങൾ സോക്രട്ടീസിനെ അറിയിക്കാൻ ശ്രമിച്ചത്. എന്നാൽ, അന്യവ്യക്തിയുടെ ന്യൂനതകളിൽ ആകൃഷ്ടനായ ആ യുവാവ്, അദ്ദേഹത്തിലെ നന്മയെപ്പറ്റി ചിന്തിച്ചതേയില്ല! അത് ആ യുവാവിലെ ഏറ്റവും വലിയ ന്യൂനതയായിരുന്നു. എന്നാൽ, എല്ലാവരിലും നന്മയും, നല്ലതും കാണുന്ന സോക്രട്ടീസ് നിർദേശിച്ച പരീക്ഷയെന്ന അരിപ്പയിലൂടെ ഓരോ വ്യക്തിയും, സ്വന്തം ചിന്തകളെ കടത്തിവിട്ട് അവിടെ വിജയിക്കുന്നവ മാത്രം പരസ്പര സ്നേഹ പരിഗണനകളിലൂടെ പങ്കുവച്ചാലോ! അപ്പോൾ, നമ്മളും നല്ല മനുഷ്യരാകും, പക്ഷെ, വേണ്ട അല്ലേ, അത് ശരിയാവില്ല, അല്ലേ!"" സദസിൽ നിന്നുയർന്ന കൂട്ടച്ചിരിയിൽ പ്രഭാഷകനും കൂടിച്ചേർന്നു.