ലോകാവസാനം സംഭവിക്കും,​ ഈ ക്ഷേത്രത്തിനുള്ളിലെ ശില ഗോപുരത്തോളം വളരുന്ന നാളിൽ അതുണ്ടാകുമെന്ന് വിശ്വാസം

Friday 12 September 2025 12:25 PM IST

വ്യത്യസ്‌തമായ ആചാര വിശ്വാസങ്ങളെ വച്ചുപുലർത്തുന്ന ക്ഷേത്രങ്ങളാണ് ഇന്ത്യയിൽ അങ്ങോളമിങ്ങോളമുള്ളത്. വേറെങ്ങുമില്ലാത്ത ആചാരങ്ങളനുഷ്ഠിക്കുന്ന ക്ഷേത്രങ്ങളെക്കുറിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പലപ്പോഴും വീഡിയോകളും റീൽസും പ്രചരിക്കാറുണ്ട്. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം എന്ന് വിളിക്കപ്പെടുന്ന ജില്ലയാണ് തൃശൂർ. അതിന്‌ ഒരുകാരണം ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ക്ഷേത്രങ്ങളാണ്. വടക്കുംനാഥ ക്ഷേത്രം, പാറമേക്കാവ് ഭഗവതി ക്ഷേത്രം, തിരുവമ്പാടി ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം, കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം ഇങ്ങനെ തൃശൂരിന്റെ പ്രശസ്‌തി പുറംലോകത്തെത്തിച്ച നിരവധി ക്ഷേത്രങ്ങളുണ്ട്.

തൃശൂർ നഗരത്തിന്റെ അടയാളമാണ് ഇക്കൂട്ടത്തിൽ വടക്കുംനാഥ ക്ഷേത്രം. ഈ ക്ഷേത്രത്തിലെ മതിലകം ഏകദേശം 20 ഏക്കർ സ്ഥലത്താണുള്ളത്. ക്ഷേത്രത്തിന്റെ നടവഴിയാണ് ഇപ്പോൾ തൃശൂർ നഗരത്തിലെ പ്രശസ്‌തമായ സ്വരാജ് റൗണ്ട്. ആനപ്പള്ള മതിൽ എന്ന വലിയ മതിലകത്തിലാണ് ക്ഷേത്രമുള്ളത്. പരശുരാമൻ കേരളത്തിൽ സ്ഥാപിച്ച 108 ശിവക്ഷേത്രങ്ങളിലൊന്നായ വടക്കുന്നാഥ ക്ഷേത്രം ഇന്ത്യയിലെ പ്രധാന ശിവക്ഷേത്രങ്ങളിൽ ഒന്നാണ്. പ്രശസ്‌തമായ തൃശൂർ പൂരത്തിൽ വടക്കുംനാഥൻ പങ്കെടുക്കുന്നില്ലെങ്കിലും എല്ലാ ചടങ്ങിനും സാക്ഷിയാണ്. പൂരത്തിന്റെ ഇലഞ്ഞിത്തറ മേളം,​ തെക്കോട്ടിറക്കം,​ ഏറ്റവും അവസാനമുള്ള കുടമാറ്റം ഇവയെല്ലാം ക്ഷേത്രനടയിൽ തന്നെയാണ് നടക്കുക.

നാല് വലിയ ഗോപുരനടകൾ വഴിയാണ് ക്ഷേത്രത്തിൽ പ്രവേശിക്കാനാകുക. ഇതിൽ പ്രധാനപ്പെട്ടതാണ് പടിഞ്ഞാറേ ഗോപുരനട. ഇവിടെ നടയിലൂടെ അകത്തേക്ക് പ്രവേശിച്ചാൽ കലിശില എന്നറിയപ്പെടുന്നൊരു ശില കാണാനാകും. ഇത് ഓരോ ദിവസവും വളർന്നുകൊണ്ടിരിക്കുന്നു എന്നാണ് വിശ്വാസം. ആ കലിശില ഗോപുരത്തോളം വളർന്നുകഴിഞ്ഞാൽ ലോകാവസാനം ഉണ്ടാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ക്ഷേത്രത്തിന് വടക്കുഭാഗത്ത് വിൽക്കുഴി എന്നൊരു കുഴിയും അതിൽ നിറയെ വെള്ളവുമുണ്ട്. കാട്ടാളവേഷത്തിൽ ശിവൻ അർജുനനെ പരീക്ഷിക്കാനായി എത്തി. ഇതിനിടെ അർജുനന്റെ വില്ലായ ഗാണ്ഡീവം നിലത്ത് തട്ടിയുണ്ടായ കുഴിയാണിതെന്ന് കരുതപ്പെടുന്നു. അതുകൊണ്ടാണ് ഇത്തരത്തിൽ പേരുവന്നത്. കഠിന വേനൽകാലത്തും ഇത് വറ്റിപ്പോകാറില്ല എന്ന പ്രത്യേകതയുമുണ്ട്.വടക്കുംനാഥനായി ശിവൻ,​ പാർവ്വതി,​ ശ്രീരാമൻ,​ ശങ്കരനാരായണൻ,​ മഹാഗണപതി എന്നിവരാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്‌ഠകൾ. വിശിഷ്‌ടമായ ദർശന ക്രമവും ക്ഷേത്രത്തിനുണ്ട്.