സിപിഐയെ നയിക്കാൻ വീണ്ടും ബിനോയ് വിശ്വം; സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു
ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തു. ആലപ്പുഴയിൽ ചേർന്ന സംസ്ഥാന സമ്മേളനത്തിലാണ് തീരുമാനം. സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവും എഐടിയുസി വർക്കിംഗ് പ്രസിഡന്റുമാണ്. സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് കെ പ്രകാശ് ബാബുവിന്റെ പേര് ഒരുപക്ഷം ഉയർത്തിയിരുന്നു.
പദവി നേടാനുള്ള താത്പര്യക്കുറവ് അദ്ദേഹം വ്യക്തമാക്കിയതോടെ മത്സരസാദ്ധ്യത ഇല്ലാതായി. പഴയ കാനം പക്ഷക്കാരും മന്ത്രിമാരുമായ കെ രാജൻ, പി പ്രസാദ്, പിപി സുനീർ, പി സന്തോഷ് കുമാർ എംപി എന്നിവർ ബിനോയ് വിശ്വം പക്ഷത്തേക്ക് നീങ്ങുകയും പഴയ കെഇ ഇസ്മയിൽ പക്ഷം അശക്തരാവുകയും ചെയ്തതോടെയാണ് സംസ്ഥാന സെക്രട്ടറി പദം ഒറ്റപ്പേരിലേക്ക് ഒതുങ്ങിയത്.
2022ലെ തിരുവനന്തപുരം സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കാനം രാജേന്ദ്രൻ 23 ഡിസംബറിൽ മരണമടഞ്ഞതോടെയാണ് ബിനോയ് വിശ്വം സെക്രട്ടറിയായത്. ഇത്തവണ സംസ്ഥാന സമ്മേളനം തിരഞ്ഞെടുക്കുന്ന സെക്രട്ടറി എന്ന നിലയ്ക്ക് അദ്ദേഹത്തിന് വർദ്ധിച്ച ആത്മവിശ്വാസത്തോടെ ചുമതലകൾ നിർവഹിക്കാം.
അതേസമയം, സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് ആലപ്പുഴ ബീച്ചിൽ ഇന്നു വൈകിട്ട് 4.30ന് നടക്കുന്ന പൊതുസമ്മേളനം പാർട്ടി ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അദ്ധ്യക്ഷത വഹിക്കും. റെഡ് വോളന്റിയർ പരേഡിലും പൊതുസമ്മേളനത്തിലുമായി പതിനായിരങ്ങൾ പങ്കെടുക്കും. വൈകിട്ട് 3ന് നാൽപ്പാലത്തിൽ നിന്ന് റെഡ് വോളന്റിയർ പരേഡ് ആരംഭിക്കും.
സ്വാഗതസംഘം ചെയർമാൻ മന്ത്രി പി. പ്രസാദ്, ഡോ.കെ.നാരായണ, രാമകൃഷ്ണ പാണ്ഡെ, കെ.പ്രകാശ് ബാബു, കെ.പി.രാജേന്ദ്രൻ, പി.സന്തോഷ് കുമാർ എം.പി, ജില്ലാ സെക്രട്ടറി എസ്. സോളമൻ തുടങ്ങിയവർ പങ്കെടുക്കും.