വിയറ്റ്നാമിന്റെ വീരഭൂമിയിൽ
പത്തുനാല്പത് വർഷം മുമ്പാണ്. കോഴിക്കോട് നഗരത്തിലെ ഒരു പുസ്തകക്കടയിൽ വച്ച്, തവിട്ടു നിറമുള്ള കവർ പേജിൽ ഊശാൻ താടിയും ഉയർന്ന നെറ്റിത്തടവുമുള്ള കുശഗാത്രനായ ഒരു മനുഷ്യന്റെ ചിത്രമുള്ള പുസ്തകം ശ്രദ്ധയിൽപ്പെട്ടു. വിയറ്റ്നാം യുദ്ധത്തിൽ അമേരിക്കയ്ക്കെതിരെ വിരേതിഹാസം രചിച്ച ഹോ ചി മിന്റെ സമരോത്സുകമായ ജീവിതകഥ. പുസ്തകം വാങ്ങി വായിച്ചു തുടങ്ങിയപ്പോൾ മാറ്റിവയ്ക്കാതെ രണ്ടുദിവസം കൊണ്ട് മുഴുവനും വായിച്ചുതീർത്തു. അത്രയേറെ ആവേശോജ്ജ്വലമായിരുന്നു വിയറ്റ്നാമിന്റെ സമരഭൂമിയിൽ അമേരിക്കൻ സാമ്രാജ്യത്വത്തോട് ഇഞ്ചോടിഞ്ച് പൊരുതി ജയിച്ച് വിയറ്റ്നാം മണ്ണിന്റെ രക്തനക്ഷത്രമായിത്തീർന്ന ഹോചി മിന്റെ കഥ.
അ ജീവിതകഥ വായിച്ച് മടക്കിയപ്പോൾ മനസിലുടക്കിയ ഒരു ചുവന്ന സ്വപ്നമായിരുന്നു വിയറ്റ്നാം. ഈയിടെ കൊച്ചിൻ എയർപോർട്ടിൽ നിന്ന് വി-ജെറ്റ് എയർവേസിന്റെ വിമാനത്തിൽ വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റിയിലുള്ള ടാൻ സൺ നാറ്റ് (Tan Son Nhat International Airport) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി വിയറ്റ്നാം മണ്ണിൽ കാലുകുത്തിയപ്പോഴാണ് ആ സ്വപ്നം പൂവണിഞ്ഞത്. കൊച്ചിയിൽ നിന്ന് ദിവസവും രാത്രി 11.30 ന് വി-ജെറ്റ് എയർവെയ്സിന്റെ വിമാനം പുറപ്പെട്ട്, പിറ്റേന്നു രാവിലെ 6.30ന് ഹോ ചി മിൻ സിറ്റിയിൽ ഇറങ്ങുകയും, രാത്രി 7.20 ന് അവിടെനിന്ന് തിരിച്ച് ഇന്ത്യൻ സമയം രാത്രി 10.30-ന് കൊച്ചിയിൽ എത്തുകയും ചെയ്യുന്നു.
കേരളത്തിൽ നിന്ന് വിയറ്റ്നാം സന്ദർശിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചുവരികയാണ്. അതിരാവിലെ തന്നെ ഹോ ചി മിൻ സിറ്റിയിൽ ഇറങ്ങി. ബുക്ക് ചെയ്തിരുന്ന ഹോട്ടലിൽ ചെക്കൗട്ട് സമയം ഉച്ചയ്ക്ക് രണ്ടുമണി ആയതിനാൽ അതുവരെ കാത്തിരിക്കാതെ എയർപോർട്ടിൽ നിന്ന് ഫ്രഷായി പ്രഭാതഭക്ഷണവും കഴിച്ച് നേരെ പോയത് യുദ്ധക്കെടുതികളേറ്റു വാങ്ങിയ വിയറ്റ്നാം ജനതയുടെ കണ്ണീർ ഖനീഭവിച്ച വാർ മ്യൂസിയത്തിലേക്കായിരുന്നു.
ഓർമ്മകളുടെ
മ്യൂസിയം
1964-ൽ തുടങ്ങി 1975 വരെ 11 വർഷത്തോളം നീണ്ടുനിന്ന അമേരിക്കൻ യുദ്ധം ഒരു ജനതയെയും ഒരു നാടിനെയും എങ്ങനെ തകർത്തു തരിപ്പണമാക്കി എന്നതിന്റെ നേർസാക്ഷ്യങ്ങളായിരുന്നു നഗരത്തിന്റെ ഹൃദയഭാഗത്ത് വിശാലമായ യുദ്ധ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുള്ളത്. മ്യൂസിയത്തിന്റെ ഗേറ്റ് കടന്നുചെല്ലുമ്പോൾ ആദ്യം മനസിലുടക്കുക ധീരമായ ചെറുത്തുനിൽപ്പുകൾക്കിടയിൽ വിയറ്റ്നാം പട്ടാളം അമേരിക്കൻ സൈന്യത്തിൽ നിന്ന് പിടിച്ചെടുത്തതും സൈന്യം ഇട്ടെറിഞ്ഞുപോയതുമായ യുദ്ധവിമാനങ്ങൾ, ഹെലികോപ്ടറുകൾ, കവചിത വാഹനങ്ങൾ, ടാങ്കുകൾ, നിർവീര്യമാക്കപ്പെട്ട ബോംബുകൾ, മിസൈലുകൾ തുടങ്ങിയവയുടെ നീണ്ട നിരയാണ്.
മൂന്നു നിലകളുള്ള മ്യൂസിയത്തിനകത്ത് അമേരിക്കൻ സൈന്യം വിയറ്റ്നാമിൽ നടത്തിയ പൈശാചിക താണ്ഡവത്തെ വിവിധ മേഖലകളിലാക്കി തിരിച്ച് പ്രദർശിപ്പിച്ചിരിക്കുന്നു. അമേരിക്ക യുദ്ധത്തിൽ ഉപയോഗിച്ച വിലക്കപ്പെട്ട രാസായുധങ്ങളും 'ഏജന്റ് ഓറഞ്ച്" പോലുള്ള രാസവസ്തുക്കൾ വിയറ്റ്നാം ജനതയിലും വിയറ്റ്നാമിന്റെ പരിസ്ഥിതിയിലുമുണ്ടാക്കിയ നാശങ്ങളും ചിത്രീകരിക്കുന്ന വാർ ക്രൈം സെക്ഷൻ. യുദ്ധ മേഖലയിൽ നിന്നെടുത്ത കരളലിയിക്കുന്ന നിരവധി ഫോട്ടോകളുടെ പ്രദർശനങ്ങളടങ്ങിയ Requiem Exhibition മേഖല, യുദ്ധ തടവുകാരായി പിടിക്കപ്പെട്ടവരുടെ തീക്ഷ്ണമായ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന Prisoners of War Section, യുദ്ധാനന്തരം വിയറ്റ്നാമിനെ പുതുക്കിപ്പണിയാൻ കമ്മ്യൂണിസ്റ്റു സർക്കാർ സ്വീകരിച്ച നടപടിക്രമങ്ങൾ ചിത്രീകരിക്കുന്ന Post War Reconstruction Section എന്നിവയാണ് ഈ മേഖലയിലുള്ളത്.
കാസർകോട്ടെ കശുമാവിൻ തോട്ടങ്ങളിൽ എൻഡോസൽഫാൻ കീടനാശിനി തളിച്ചതിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷികളായി പിറന്നുകൊണ്ടിരിക്കുന്ന അംഗവൈകല്യമുള്ളവരും ബുദ്ധിമാന്ദ്യം സംഭവിച്ചവരുമായ കുട്ടികളുടെ വാർത്തകളും ചിത്രങ്ങളും നമുക്ക് പരിചിതമാണ്. എന്നാൽ ഇതിന്റെയൊക്കൊ എത്രയോ മടങ്ങ് ദുരിതങ്ങളാണ് അമേരിക്കൻ സൈന്യം വിയറ്റ്നാം തോട്ടങ്ങളിൽ തളിച്ച ഏജന്റ് ഓറഞ്ച് എന്ന കെമിക്കൽ ഡിപ്ളോയ്മെന്റ് സ്‌പ്രേകൾ സൃഷ്ടിച്ചത്. 1961-67 കാലഘട്ടങ്ങളിൽ രണ്ടുകോടി വിഷവസ്തുക്കളാണ് 60 ലക്ഷം ഏക്കർ പാടങ്ങളിലും കാടുകളിലുമായി അമേരിക്ക വിതറിയത്!
യുദ്ധശേഷം പിറന്ന, അംഗവൈകല്യമുള്ളവരും ബുദ്ധിമാന്ദ്യം സംഭവിച്ചവരുമായ അനേകായിരം കുട്ടികളുടെ കരളലിയിക്കുന്ന ചിത്രങ്ങൾ മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്നതാണ്. അമേരിക്ക വർഷിച്ച നാപ്പാം ബോംബുകളുടെയും ഫോസ്‌ഫേറ്റ് ബോംബുകളുടെയുമൊക്കെ രക്തസാക്ഷികളുടെ ചിത്രങ്ങളും War Crime Section- ൽ സ്ഥാനം പിടിച്ചിട്ടുണ്ട്. യുദ്ധ കാലഘട്ടത്തിൽ യുദ്ധരംഗം സന്ദർശിച്ച 134 അന്തർദേശീയ ഫോട്ടോഗ്രാഫർമാർ പകർത്തിയ 330 ഫോട്ടോകളാണ് War Requiem ഭാഗത്ത്. അതോടൊപ്പം വിയറ്റ്നാം യുദ്ധ ഫോട്ടോ ജേർണലിസ്റ്റ് ബുനിയോ ഇഷിക്കാവ 1998-ൽ മ്യൂസിയത്തിന് സംഭാവന ചെയ്ത ഫോട്ടോകളും ഉൾപ്പെടുത്തിയിട്ടുണ്ട്. സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും അനിവാര്യതയിലേക്ക് മനുഷ്യ മനസാക്ഷിയെ ഉണർത്താനുള്ള ഓർമ്മപ്പെടുത്തലിന്റെ ചരിത്ര മ്യൂസിയമാണിത്.
വിയറ്റ്നാമിന്റെ
ഭൂമിശാസ്ത്രം
ഫലഭൂവിഷ്ടമായ ഡെൽറ്റ പ്രദേശങ്ങളും നീണ്ടുകിടക്കുന്ന കടൽത്തീരവും പാറക്കെട്ടുകളും നിബിഡ വനങ്ങളും ചേർന്ന ഉൾപ്രദേശങ്ങളും പരന്നുകിടക്കുന്ന നെൽപ്പാടങ്ങളും അടങ്ങിയതാണ് വിയറ്റ്നാമിന്റെ ഭൂമിശാസ്ത്രം. 2500 വർഷത്തിലേറെ പഴക്കമുള്ള ചരിത്രമാണ് ഇന്നത്തെ വിയറ്റ്നാമിനുള്ളത്. തെക്കുകിഴക്കൻ ഏഷ്യയിലെ തന്ത്രപ്രധാനമായ വിയറ്റ്നാമിന്റെ ഭൂമിശാസ്ത്രം ലോകത്തെ വിവിധ ഭാഗങ്ങൾ തമ്മിലുള്ള വ്യാപാര ബന്ധത്തിന്റെ കേന്ദ്രബിന്ദുവായി ഇതിനെ മാറ്റി. ഇതോടെ പിടിച്ചടക്കലിന്റെയും ആധിപത്യത്തിന്റെയും സംഘർഷഭൂമിയായി വിയറ്റ്നാം മാറി.
ബി.സി- 111 ൽ ചൈനീസ് രാജവംശമായ ഹാൻ സാമ്രാജ്യം വിയറ്റ്നാം കീഴടക്കിയതോടെ അടുത്ത ആയിരം വർഷക്കാലം വിയറ്റ്നാമിന്റെ ഭൂരിഭാഗവും ചൈനീസ് ആധിപത്യത്തിനു കീഴിലായി. ഇക്കാലയളവിൽ ഹിന്ദുമതത്തിന്റെയും ബുദ്ധമതത്തിന്റെയും വ്യാപനം ഇന്ത്യൻ, ചൈനീസ് സംസ്കാരങ്ങളുടെ സ്വാധീനം പങ്കിടുന്ന ഒരു സ്ഥലമായി വിയറ്റ്നാമിനെ മാറ്റി. ബ്രിട്ടീഷുകാർ ഇന്ത്യയിൽ എന്നതു പോലെ വിയറ്റ്നാമിൽ കച്ചവടത്തിനു വന്ന ഫ്രഞ്ചുകാർ 1858-84 കാലഘട്ടത്തിനിടയിൽ വിയറ്റ്നാമിനെയും പരിസര പ്രദേശങ്ങളെയും കീഴടക്കി.
ഫ്രാൻസിന്റെ കൊളോണിയൽ ചൂഷണത്തിനെതിരെ കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്കൊണ്ട് ആയുധമണിഞ്ഞ ഹോ ചി മിന്റെ നേതൃത്വത്തിൽ വിയറ്റ്നാമിൽ ശക്തമായ ചെറുത്തുനില്പ് നടന്നുവരുന്നതിനിടയിലാണ് രണ്ടാം ലോക മഹായുദ്ധത്തിന്റെ ആരംഭം. ഹോ ചി മിന്റെ നേതൃത്വത്തിൽ ഒമ്പതുവർഷം നീണ്ടുനിന്ന ഗറില്ലാ യുദ്ധത്തിനൊടുവിൽ ഫ്രഞ്ചുകാർ പരാജയം ഏറ്റുവാങ്ങി. ജനീവയിൽ നടന്ന സമാധാന സന്ധിയിൽവച്ച് ബ്രിട്ടീഷുകാർ ഇന്ത്യയെ ഇന്ത്യയെന്നും പാകിസ്ഥാനെന്നും രണ്ട് രാജ്യങ്ങളായി വിഭജിച്ചതു പോലെ വിയറ്റ്നാമിനെ തെക്കൻ വിയറ്റ്നാം എന്നും വടക്കൻ വിയറ്റ്നാം എന്നും വിഭജിച്ചു.
തെക്കൻ വിയറ്റ്നാമിൽ ചൈനയുടെയും ഹോ ചി മിന്റെയും പിന്തുണയോടെ വിയറ്റ് കോംഗ് എന്ന കമ്മ്യൂണിസ്റ്റ് പാർട്ടി രൂപംകൊണ്ടു. വടക്കൻ വിയറ്റ്നാമിൽ നിന്ന് തെക്കൻ വിയറ്റ്നാമിലേക്ക് പടരുന്ന ചുവപ്പുരാശിയെ പ്രതിരോധിക്കാനായി അമേരിക്ക 1955 നവംബർ ഒന്നു മുതൽ തന്നെ തെക്കൻ വിയറ്റ്നാം സൈനികർക്ക് സൈനിക പരിശീലനം നൽകിപ്പോന്നു. തുടർന്ന് വർഷങ്ങളായി വ്യാപകമായ രീതിയിൽ യുദ്ധോപകരണങ്ങൾ എത്തിക്കുകയും സാമ്പത്തിക സഹായം ചെയ്യുകയും ചെയ്തു. ടോംഗ് കിൻ ഉൾക്കടലിൽ അമേരിക്കൻ കപ്പലുകളെ വടക്കൻ വിയറ്റ്നാം ആക്രമിച്ചെന്ന് ആരോപിച്ച് 1964 ൽ അമേരിക്കൻ പട്ടാളം വിയറ്റ്നാമിലേക്ക് ഇരച്ചുകയറി. അതോടെ 1964 മുതൽ 1975 വരെയുള്ള നീണ്ട 11 വർഷത്തെ ചരിത്രപ്രസിദ്ധമായ വിയറ്റ്നാം യുദ്ധത്തിന് തുടക്കമായി.
ദശകത്തിന്റെ
മഹായുദ്ധം
പത്തു വർഷത്തോളം നീണ്ടുനിന്ന വിയറ്റ്നാം യുദ്ധം പരമ്പരാഗത ജീവിതശൈലിയും സംസ്കാരവും നിലനിറുത്താനുള്ള ഒരു ജനതയുടെ ഐതിഹാസികമായ ചെറുത്തുനില്പിന്റെ വീരേതിഹാസമാണ്. വിയറ്റ്നാം ജനതയുടെ ആത്മവിശ്വാസം തകർക്കാനും സൈനികശേഷി ശോഷിപ്പിക്കാനും ലക്ഷ്യമിട്ട് നിരന്തമായി ബോംബ് വർഷിച്ചുകൊണ്ടാണ് അമേരിക്ക യുദ്ധത്തിലേക്ക് പ്രവേശിച്ചത്. എത്രയൊക്കെ സൈനിക ബലം വർദ്ധിപ്പിച്ചിട്ടും വിയറ്റ്നാം സൈന്യത്തിന്റെ ധീരമായ ചെറുത്തുനില്പിനു മുന്നിൽ പിടിച്ചുനിൽക്കാവാതെ അമേരിക്ക അടിക്കടി പരാജയം ഏറ്റുവാങ്ങിക്കൊണ്ടിരുന്നു.
ആ ചെറുത്തുനിൽപ്പ് 1969-ൽ അമേരിക്കൻ സേനയെ സ്വയം പിരിഞ്ഞുപോകാൻ നിർബന്ധിതരാക്കി. ശാരീരിക രോഗങ്ങളാൽ 1969 ൽ ഹോ ചി മിൻ മരണപ്പെട്ടെങ്കിലും വിയറ്റ്നാം സൈന്യം പോരാട്ടവീര്യം അല്പംപോലും കുറയ്ക്കാതെ യുദ്ധം തുടർന്നു. വിയറ്റ്നാമിന്റെ പ്രതിരോധശക്തിക്കു മുന്നിൽ പിടിച്ചുനിൽക്കാനാവാതെ അമേരിക്ക വിയറ്റ്നാമിന്റെ വനപ്രദേശങ്ങളിലും നെൽപ്പാടങ്ങളിലും വിഷവാതക പ്രയോഗവും ബോംബ് വർഷവും നടത്തി. വിയറ്റ്നാം പോരാളികളെ സഹായിച്ചതിന് ആയിരക്കണക്കിന് സാധാരണക്കാരെ നിർദാക്ഷിണ്യം വെടിവച്ചുകൊന്നു.
വടക്കൻ വിയറ്റ്നാമിനോടുള്ള കലി തീർക്കാൻ അവിടെ നിരന്തരമായി ബോംബ് വർഷിച്ചുകൊണ്ടാണ് അമേരിക്കൻ സേന പിന്മാറ്റം നടത്തിയത്. 1973 ജനുവരി 15-ന് തെക്കൻ വിയറ്റ്നാമിനെയും വടക്കൻ വിയറ്റ്നാമിനെയും പരസ്പരം പോരടിക്കാൻ വിട്ടുകൊണ്ട് അമേരിക്ക യുദ്ധം അവസാനിപ്പിച്ചു. ജനുവരി 27ന് ഒപ്പുവച്ച സമാധാന കരാർ പ്രകാരം ഫെബ്രുവരി 11ന് എല്ലാ അമേരിക്കൻ തടവുകാരെയും വിയറ്റ്നാം മോചിപ്പിച്ചു. മാർച്ച് 29-നു മുമ്പ് എല്ലാ പട്ടാളക്കാരോടും തിരികെപ്പോരാൻ അമേരിക്ക ഉത്തരവിട്ടു. കനത്ത ആൾനാശവും സാമ്പത്തിക നഷ്ടവും സഹിച്ച് വിയറ്റ്നാമിൽ യുദ്ധം തുടരുന്നതിനെതിരെ അമേരിക്കയിൽത്തന്നെ വൻ പ്രക്ഷോഭങ്ങൾ രൂപപ്പെടാൻ തുടങ്ങി. പിറന്ന മണ്ണിനുവേണ്ടി മരിക്കാൻ തയ്യാറായി വരുന്ന ഒരു ജനതയെ തോൽപ്പിക്കാനാവില്ല എന്ന തിരിച്ചറിവോടെയാണ് ഗത്യന്തരമില്ലാതെ അവസാനം അമേരിക്ക യുദ്ധമുഖത്തു നിന്ന് പിന്തിരിഞ്ഞോടിയത്.
അടിയറവ് പറഞ്ഞ്
അമേരിക്ക
ലോക ചരിത്രത്തിൽ ഇതുവരെ അമേരിക്ക ഒരേയൊരു രാഷ്ട്രത്തിനു മുമ്പിലാണ് കീഴടങ്ങിയത്- വിയറ്റ്നാമിനോട്! പെട്ടെന്ന് കീഴടക്കാമെന്ന വ്യാമോഹവുമായി ഏറ്റവും പുതിയ യുദ്ധോപകരണങ്ങളുമായി അമേരിക്കൻ സൈന്യത്തിന്റെ വൻപട വിയറ്റ്നാമിലേക്ക് മാർച്ച് ചെയ്തപ്പോൾ അർദ്ധ പട്ടിണിക്കാരായ ഒരു ജനത എങ്ങനെയാണ് പത്തുവർഷത്തിലേറെക്കാലം ചെറുത്തുനിന്നത്? അഞ്ചര ലക്ഷത്തോളം സൈനികരിൽ നാലിലൊന്നിനെ അമേരിക്കയ്ക്ക് വിയറ്റ്നാമിൽ കുരുതി കൊടുക്കേണ്ടിവന്നത് എന്തുകൊണ്ടാണ്? വിയറ്റ്നാം ജനതയുടെ ആ മാന്ത്രിക സിദ്ധി നേരിൽ മനസിലാക്കണമെങ്കിൽ ഹോ ചി മിൻ നഗരത്തിൽ നിന്ന് വടക്കുപടിഞ്ഞാറ് ഭാഗത്തേക്ക് അമ്പത് കിലോമീറ്റർ സഞ്ചരിച്ച് കൂ ചി പട്ടണത്തിൽ (Cu Chi Town) എത്തണം.
വിയറ്റ്നാം യുദ്ധത്തിന്റെ പ്രധാന തട്ടകങ്ങളിൽ ഒന്നായിരുന്നു കൂ ചി. ബോംബ് വർഷങ്ങളുടെ അകമ്പടിയോടെ വിയറ്റ്നാം സൈന്യത്തെ തേടി ഇരച്ചുകയറുന്ന അമേരിക്കൻ സൈനികർ പൊടുന്നനെ അപ്രത്യക്ഷമാകുന്നതിനും, യാദൃച്ഛികമായി വാരിക്കുഴികളിൽ പതിക്കുന്ന അമേരിക്കൻ സൈനികരുടെ തലയറുത്ത് മിന്നൽ പിണറുകൾ പോലെ മടകളിലേക്ക് മറയുന്ന വിയറ്റ്നാം വനിതകളുടെ ചടുലതയ്ക്കുമൊക്കെ പിന്നിലുള്ള 'ഒടിയൻ വിദ്യകൾ" തിരിച്ചറിയാൻ അമേരിക്കയ്ക്ക് വളരെയേറെ പാടുപെടേണ്ടിവന്നു.
വെല്ലുവിളിച്ച്
ഭൂഗർഭ പാത
250 കിലോമീറ്ററിലധികം നീളത്തിൽ ഭൂമിക്കടിയിൽ മൂന്ന് തട്ടുകളിലായി വിന്യസിക്കപ്പെട്ട ലോകത്തിലെ എട്ടാമത്തെ അത്ഭുതമെന്ന് വിശേഷിപ്പിക്കുന്ന കു ചി ടണലിന്റെ (Cu Chi Tunnel) പല വായ്‌മുഖങ്ങളും പരമ രഹസ്യമായി തുറന്നു വച്ചിരിക്കുന്നത് ഇവിടങ്ങളിലായിരുന്നു. വിയറ്റ്നാം സൈന്യത്തിന്റെ തന്ത്രപ്രധാനമായ യുദ്ധത്തിൽ നിർണായകമായ പങ്കുവഹിച്ചത് ഈ ടണലുകളായിരുന്നു. വേഗത്തിൽ ആക്രമണം നടത്തി സുരക്ഷിത സ്ഥാനത്തേക്ക് പിൻവാങ്ങാനും അമേരിക്കൻ ബോംബിംഗിൽ നിന്ന് രക്ഷപ്പെടാനും ഇത് സഹായിച്ചു.
ഭൂനിരപ്പിൽ നിന്ന് ആറ് അടി, പന്ത്രണ്ട് അടി, പതിനെട്ട് അടി എന്നിങ്ങനെ വിവിധ താഴ്ചയിൽ മൂന്ന് അടുക്കുകളായി രൂപപ്പെടുത്തിയ ടണൽ എൻജിനിയറിംഗിലെ വൈഗദ്ധ്യം സാങ്കേതിക വിദഗ്ദ്ധരെപ്പോലും അമ്പരപ്പെടുത്തുന്നതാണ്. വലിയ ശരീരമുള്ള അമേരിക്കൻ സൈനികർക്ക് യാതൊരുവിധത്തിലും ഇറങ്ങാൻ കഴിയാത്ത വിധം പൊക്കം കുറഞ്ഞവയും ഇടുങ്ങിയവയുമായിരുന്നു ഈ തുരങ്കങ്ങൾ. ടണലിനകത്തു തന്നെ ആശുപത്രികളും അടുക്കളയും മീറ്റിംഗ് ഹാളുകളും സ്റ്റോറുകളുമൊക്കെ ഒരുക്കിയിരിക്കുന്നുവെന്ന് വിയറ്റ്നാമീസ് ഗൈഡ് ആവേശത്തോടെ വിവരിക്കുമ്പോൾ ശ്വാസമടക്കിപ്പിടിച്ചു മാത്രമേ നമുക്കത് കേട്ടിരിക്കാനാവൂ.
ഭക്ഷണം പാകം ചെയ്യുമ്പോഴുള്ള പുക പുറത്തേക്കു പോകാതിരിക്കാനും മാലിന്യസംസ്കരണത്തിനും വേണ്ട സംവിധാനങ്ങൾ പോലും ഭൂഗർഭ ടണലുകളിൽ തയ്യാറാക്കിയിരുന്നു. ടണലിൽ നുഴഞ്ഞുകയറുന്നവരെ തെറ്റിദ്ധരിപ്പിക്കാനും കെണിയിൽപ്പെടുത്താനുമുള്ള വ്യാജ അറകളും ബൂബി ട്രാപ്പുകളും സൃഷ്ടിച്ചിരുന്നു. വിഷപ്പാമ്പുകളെയും വിഷകീടങ്ങളെയും ഗ്രനേഡുകളെയും വിഷവാതകങ്ങളെയും അതിജീവിച്ചുള്ള വിയറ്റ്നാം സൈനികരുടെ ചെറുത്തുനില്പിന് പകരംവയ്ക്കാൻ ലോക ചരിത്രത്തിൽ വേറെ ഉദാഹരണങ്ങളുണ്ടാവില്ല. വിയറ്റ്നാം യുദ്ധത്തിനിടയിൽ തുരങ്കം സംരക്ഷിക്കാനായി മാത്രം 45,000 സ്ത്രീ പുരുഷന്മാർ രക്ഷസാക്ഷികളായിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
തുരങ്കങ്ങൾ നശിപ്പിക്കാൻ രാസായുധങ്ങളും മറ്റും അമേരിക്ക പ്രയോഗിച്ചെങ്കിലും തുരങ്കപാതകളുടെ നിർമ്മാണ വൈദഗ്ദ്ധ്യത്തിനു മുമ്പിൽ അതൊക്കെ നിഷ്ഫലമായി. ജനിച്ച മണ്ണും സംസ്കാരവും സംരക്ഷിക്കാൻ വിയറ്റ്നാം ജനത എത്രമാത്രം പോരാടി എന്നതിന്റെ നേർസാക്ഷ്യമാണ് ഈ തുരങ്കങ്ങൾ. വിയറ്റ്നാം ജനത അവലംബിച്ച യുദ്ധമുറകൾ അവരുടെ ചരിത്രത്തിലെ ഏറ്റവും വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടങ്ങളിലൊന്നിലെ വിയറ്റ്നാമീസ് ജനതയുടെ അതിജീവനത്തിന്റെയും പ്രതിരോധത്തിന്റെയും നേർസാക്ഷ്യമായി നിലകൊള്ളുന്നു.
(ലേഖകന്റെ മൊബൈൽ: 94460 97241)