വിവാഹാഭ്യർത്ഥന നിരസിച്ചു, കാമുകിയെയും പിതാവിനെയും യുവാവ് വീട്ടിൽക്കയറി വെട്ടി
പാലക്കാട് : വിവാഹാഭ്യർത്ഥന നിരസിച്ചതിന് കാമുകിയെയും പിതാവിനെയും യുവാവ് വീട്ടിൽക്കയറി വെട്ടി. പാലക്കാട് നെൻമാറയിലാണ് സംഭവം. അതിക്രമം നടത്തിയ മേലാർകാട് സ്വദേശി ഗിരീഷിനെ പൊലീസ് അറസ്റ്റു ചെയ്തു. ഗിരീഷും യുവതിയും തമ്മിൽ നാലു വർഷമായി അടുപ്പത്തിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഒന്നര വർഷം മുമ്പാണ് യുവതി വിദേശത്തേക്ക് ജോലിക്കു പോയത്. അവധിക്കായി നാട്ടിൽ വന്നപ്പോഴായിരുന്നു ആക്രമണം.
നാട്ടിലെത്തിയ വിവരമറിഞ്ഞ് ഗിരീഷ് നിരന്തരം യുവതിയെ കാണാൻ ശ്രമിക്കുകയും വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ യുവതിയും പിതാവും അതിന് തയ്യാറായില്ല. ഇതിനെത്തുടർന്നുണ്ടായ പ്രകോപനത്താലാണ് പ്രതി ഇരുവരെയും വെട്ടി പരിക്കേൽപ്പിച്ചത്
മദ്യലഹരിയിൽ യുവതിയുടെ വീട്ടിലെത്തിയ ഗിരീഷ് കിടപ്പുമുറിയിലായിരുന്ന യുവതിയെ കൈയിലുണ്ടായിരുന്ന കത്തി കൊണ്ട് തലങ്ങും വിലങ്ങും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. തടയാനെത്തിയ പിതാവിനെയും ഇയാൾ വെട്ടിപരിക്കേൽപ്പിച്ചു.
ആക്രമണത്തിൽ യുവതിയുടെ കൈയിലും മുതുകിലും വെട്ടേറ്റിട്ടുണ്ട് . യുവതിയും അച്ഛനും നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഒളിവിൽ പോകാൻ ശ്രമിച്ച പ്രതി പിടിയിലായി. അറസ്റ്റു ചെയ്ത ശേഷം ഇയാളെ റിമാൻഡ് ചെയ്തു.