'ലോക'യിൽ തിളങ്ങി പ്രശസ്ത സംവിധായകന്റെ മകളും, സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ   സന്തോഷം പങ്കുവച്ച് താരം

Friday 12 September 2025 6:24 PM IST

മലയാളത്തിന്റെ വിസ്മയ ചിത്രം ലോക: ചാപ്ടർ 1 : ചന്ദ്ര 200 കോടി ക്ലബ്ബിൽ രണ്ട് ദിവസം മുമ്പാണ് സ്ഥാനം പിടിച്ചത്. മലയാളത്തിൽ 200 കോടി ക്ലബ്ബിൽ ഇടംപിടിക്കുന്ന നാലാമത്തെ ചിത്രമാണ് ലോക. 13 ദിവസം കൊണ്ടായിരുന്നു ലോക 200 കോടിയിൽ എത്തിയത്. ഇപ്പോഴിതാ ലോക'യിൽ ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ ശ്യാമ പ്രസാദിന്റെ മകൾ ശിവകാമി ശ്യാമ പ്രസാദ് '. നസ്ലിന്റെ കഥാപാത്രത്തിന്റെ സുഹൃത്തായ രൂപ എന്ന കഥാപാത്രത്തെയാണ് ശിവകാമി ചിത്രത്തിൽ അവതരിപ്പിച്ചത്.

'ഒരു വർഷം മുമ്പ്, ഇതേസമയത്താണ് ഒരു സ്വപ്നത്തിന്റെ ഭാഗമാകാൻ എനിക്ക് കോൾ ലഭിച്ചത്. ഇപ്പോൾ ഞാൻ ആ സ്വപ്നത്തിൽ ജീവിക്കുകയാണ്. ആരെങ്കിലും എന്നെ നുള്ളാമോ? ഇതൊരു സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്ന് എനിക്കറിയില്ല. ഈ മാന്ത്രിക ലോകത്തിന്റെ ഭാഗമാക്കിയതിന് ചിത്രത്തിന്റെ സംവിധായകൻ ഡൊമിനിക് അരുൺ, ഛായാഗ്രാഹകൻ നിമിഷ് രവി, തിരക്കഥാകൃത്ത് ശാന്തി ബാലചന്ദ്രൻ എന്നിവരോട് നന്ദി അറിയിക്കുന്നു.എന്നെ രൂപയാവാന്‍ വിളിച്ച ദീപക്കിനും വിവേക് അനിരുദ്ധിനും സ്‌നേഹാലിംഗനങ്ങള്‍' ചെറുതും വലുതുമായ എന്റെ എല്ലാ വിജയങ്ങൾക്കൊപ്പവും കൂടെ നിന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാർക്കും നന്ദി. നിങ്ങളുടെ നല്ല വാക്കുകൾക്കും പിന്തുണയ്ക്കും നന്ദി. ഇതിനേക്കാൾ സന്തോഷം എനിക്കിനി കിട്ടാനില്ല,- ശിവകാമി കുറിച്ചു

'ലോക'യ്ക്ക് മുമ്പ്, എംടിയുടെ ചെറുകഥയെ ആസ്പദമാക്കിയ 'മനോരഥങ്ങൾ' എന്ന ആന്തോളി ചിത്രത്തിൽ പിതാവ് ശ്യാമപ്രസാദ് സംവിധാനം ചെയ്ത 'കാഴ്ച' എന്ന ചിത്രത്തിൽ ശിവകാമി അഭിനയിച്ചിട്ടുണ്ട്. ആ ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ കൂടിയായിരുന്നു ശിവകാമി. ദുൽഖർ സൽമാന്റെ വേ ഫെയറർ ഫിലിംസ് നിർമ്മിച്ച് ഡൊമിനിക്ക് അരുൺ രചനയും സംവിധാനവും നിർവ്വഹിച്ച ലോക വിദേശ രാജ്യങ്ങളിലും തരംഗം തീർക്കുന്നുണ്ട്.