വിവാഹിതയായ യുവതിയും സുഹൃത്തുമൊത്തുള്ള കിടപ്പറരംഗം പകർത്തി ബ്ലാക്ക് മെയിലിംഗ്,​ 2 പേർ അറസ്റ്റിൽ

Friday 12 September 2025 7:19 PM IST

കണ്ണൂർ: വിവാഹിതയായ യുവതിയും മറ്റൊരാളുമായുള്ള സ്വകാര്യരംഗങ്ങൾ രഹസ്യമായി മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയ സംഘത്തെ പൊലീസ് പിടികൂടി. നടുവിൽ പള്ളിത്തട്ട് രാജീവ് ഭവൻ ഉന്നതിയിലെ കിഴക്കിനടിയിൽ ശമൽ , നടുവിൽ ടെക്നിക്കൽ സ്‌കൂളിന് സമീപത്തെ ചെറിയാണ്ടിന്റകത്ത് ലത്തീഫ് എന്നിവരെയാണ് കുടിയാന്മല പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാംപ്രതിയും ശമലിന്റെ സഹോദരനുമായ ശ്യാം മറ്റൊരു കേസിൽ റിമാൻഡിലാണ്.

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സംഭവം. സുഹൃത്തായ ആലക്കോട് സ്വദേശി ഇടക്കിടെ യുവതിയുടെ വീട്ടിലെത്താറുണ്ട്. ഇതു മനസിലാക്കിയ ശ്യാമും ശമലും ഒളിച്ചിരുന്നു കിടപ്പറദൃശ്യങ്ങൾ പകർത്തി. വിഡിയോ കാണിച്ചു ഭീഷണിപ്പെടുത്തി യുവതിയിൽനിന്നു പണം വാങ്ങി. വീണ്ടും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. കൂടാതെ വിഡിയോ ഇവരുടെ സുഹൃത്ത് ലത്തീഫിനും നൽകി. ലത്തീഫ് ഈ ദൃശ്യം യുവതിയെ കാണിച്ച് തനിക്കു വഴങ്ങണമെന്നും പണം നൽകണമെന്നും ആവശ്യപ്പെട്ടു. തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്.